ഒരവസരം കിട്ടിയപ്പോള്‍ ധോണിയെ വരെ തൂക്കി ചെക്കന്‍! ഇങ്ങനെ വേണം അവസരങ്ങള്‍ ഉപോയഗിക്കാന്‍!
Asia Cup
ഒരവസരം കിട്ടിയപ്പോള്‍ ധോണിയെ വരെ തൂക്കി ചെക്കന്‍! ഇങ്ങനെ വേണം അവസരങ്ങള്‍ ഉപോയഗിക്കാന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd September 2023, 9:13 pm

 

ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 48.5 ഓവറില്‍ 266 നേടി എല്ലാവരും പുറത്തായി. നിലവില്‍ മഴകാരണം കളി തടസപ്പെട്ടിരിക്കുകയാണ്. എങ്കിലും ഉടനെ തന്നെ പാകിസ്ഥാന്റെ ബാറ്റിങ് ആരംഭിക്കുമെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്.

തുടക്കത്തിലെ അടിതെറ്റിയ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അഞ്ചാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും വൈസ് ക്യപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുമാണ്. 81 പന്ത് നേരിട്ട് കിഷന്‍ 82 റണ്‍സ് നേടിയപ്പോള്‍ 90 പന്തില്‍ 87 റണ്‍സാണ് ഹര്‍ദിക് സ്വന്തമാക്കിയത്. 66-4 എന്ന നിലയില്‍ ഇന്ത്യ ഇഴയുമ്പോഴായിരുന്നു ഇരുവരും ക്രീസില്‍ ഒന്നിക്കുന്നത്.

138 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റ് കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയ മറ്റ് താരങ്ങള്‍ക്ക് മൊമെന്റം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ഇന്ത്യ ഓള്‍ഔട്ടാകുകയായിരുന്നു.

കെ.എല്‍. രാഹുലിന് ബാക്കപ്പായിട്ടായിരുന്നു ഈ ലെഫ്റ്റ് ഹാന്‍ഡിഡ് വിക്കറ്റ് കീപ്പര്‍ ബാറ്ററെ ഇന്ത്യ ടീമിലെടുത്തത്. പരിക്ക് ഭേദമാകാത്തതിനാല്‍ രാഹുലിന് ആദ്യ രണ്ട് മത്സരം കളിക്കാന്‍ സാധിക്കില്ല എന്ന് കോച്ച് ദ്രാവിഡ് അറിയിച്ചിരുന്നു. ഇത് കാരണമാണ് കിഷന് അവസരം ലഭിച്ചത്. എന്നാല്‍ താരം അത് മനോഹരമായ രീതിയില്‍ ഉപയോഗിച്ചുകൊണ്ട് ടീമിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിക്കുകയാണ് ഇവിടെ.

ഒരു അവസരം എങ്ങനെ ഉപയോഗിക്കണമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് കിഷന്റെ ബാറ്റിങ് പ്രകടനം. 82 റണ്‍സ് നേടിയതോടെ 15 വര്‍ഷമായ തകര്‍ക്കപ്പെടാതെയിരുന്ന എം.എസ്. ധോണിയുടെ ഒരു റെക്കോഡു കിഷന്‍ തകര്‍ത്തിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഏറ്റവും മികച്ച സ്‌കോറാണ് കിഷന്‍ തിരുത്തിക്കുറിച്ചത്.

2008 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ധോണി 76 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ഇത് കിഷന്‍ ഇന്നത്തോടെ തകര്‍ക്കുകയായിരുന്നു. വരും മത്സരങ്ങളിലും താരത്തിന് അവസം ലഭിക്കുകയാണെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ പാക് ബൗളിങ്ങിന് മുമ്പില്‍ അമ്പേ പരാജയമാകുകയായിരുന്നു. ഇന്ത്യന്‍ ഓപ്പണ്‍മാരായ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തുടക്കത്തില്‍ തന്നെ പതറിയിരുന്നു. പാകിസ്ഥാന്‍ പേസ് ത്രയോ ആയ ഷഹീന്‍ അഫ്രിദി ഹാരിസ് റൗഫ് നസീം ഷാ എന്നിവരുടെ മുമ്പില്‍ ഇരുവരും വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

രോഹിത്തിനെ ബൗള്‍ഡാക്കി മടക്കിയ ഷഹീന്‍ പിന്നാലെ വന്ന വിരാടിനെയും അതേ നാണയത്തില്‍ പുറത്താക്കുകയായിരുന്നു. രോഹിത് 22 പന്ത് നേരിട്ട് 11 റണ്‍സ് നേടിയപ്പോള്‍ വിരാട് ഏഴ് പന്തില്‍ നാല് റണ്‍സ് നേടി പുറത്തായി.

എന്നാല്‍ പാകിസ്ഥാന്‍ ബൗളിങ്ങിനെതിരെ ശരിക്കും വയിര്‍ത്തത് ശുഭ്മന്‍ ഗില്ലായിരുന്നു. ഐ.പി.എല്ലിലും മറ്റ് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഗില്‍ പാകിസ്ഥാനെതിരെ അക്ഷാര്‍ത്ഥത്തില്‍ വിറക്കുകയായിരുന്നു. 32 പന്ത് നേരിട്ട് വെറും 10 റണ്‍സ് മാത്രമാണ് താരം നേടിയത്.

ഇന്ത്യന്‍ ടീമിന്റെ പ്രിന്‍സെന്നും ജെനറേഷനല്‍ ടാസെന്റുമെന്നൊക്കെ വിളിപ്പേരുള്ള ഗില്ലിന് പക്ഷെ യഥാര്‍ത്ഥ പരീക്ഷണം വിജയിക്കാന്‍ സാധിച്ചില്ല.

Content Highlight: Ishan Kishan Breaks Ms Dhoni’s Record