ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ഇതുവരെ കാണാത്ത ഇന്ത്യയെയായിരുന്നു ബംഗ്ലാ നായകന്‍ ലിട്ടണ്‍ ദാസിന് കാണേണ്ടി വന്നത്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയക്കുകയും മൂന്ന് റണ്‍സ് നേടിയ ശിഖര്‍ ധവാനെ തുടക്കത്തില്‍ തന്നെ മടക്കുകയും ചെയ്തതോടെ മൂന്നാം മത്സരത്തിലും വിജയിച്ച് ബംഗ്ലാ കടുവകള്‍ ഇന്ത്യയെ വൈറ്റ്‌വാഷ് ചെയ്യുമെന്നായിരുന്നു എല്ലാവരും കരുതിയത്.
എന്നാല്‍ അത് കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയായിരിക്കുമെന്ന് ബംഗ്ലാദേശ് കരുതിക്കാണില്ല. വണ്‍ ഡൗണായെത്തിയ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് ഇഷാന്‍ കിഷന്‍ സ്‌കോര്‍ ഉയര്‍ത്തിയതോടെ ബംഗ്ലാദേശ് ബൗളര്‍മാര്‍ നിന്ന് വിറച്ചു.
290 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇഷാന്‍ കളം വിട്ടത്. ഇരട്ട സെഞ്ച്വറി നേടിക്കൊണ്ടായിരുന്നു ഇഷാന്‍ ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.
131 പന്തില്‍ നിന്നും 210 റണ്‍സ് നേടിയാണ് ഇഷാന്‍ കിഷന്‍ തരംഗമായത്. ഇന്ത്യന്‍ സ്‌കോറിങ്ങിന്റെ നെടുംതൂണായ ഇഷാന്‍ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത് ഇന്ത്യന്‍ താരമണ്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും വിരേന്ദര്‍ സേവാഗിനും രോഹിത് ശര്‍മക്കും ശേഷം ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമാകാനും ഇഷാന് സാധിച്ചിരുന്നു.
ഇതിനൊപ്പം തന്നെ രോഹിത് ശര്‍മയുടെ പേരിലുള്ള ഒരു റെക്കോഡും ഇഷാന്‍ കിഷന്‍ തന്റെ പേരിലാക്കിയിരിക്കുകയാണ്. ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോഡണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്.
26 വയസും 186 ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത് ശര്‍മ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയത്. 2013ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം കളിക്കുമ്പോള്‍ 24 വയസും 145 ദിവസവുമായിരുന്നു ഇഷാന്റെ പ്രായം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഒമ്പതാമത് താരവും മെന്‍സ് ഒ.ഡി.ഐയില്‍ ഇരുന്നൂറടിക്കുന്ന ഏഴാമത് മാത്രം താരവുമണ് ഇഷാന്‍ കിഷന്‍.
എന്നാല്‍ ഇഷാന് മുമ്പ് ഇരട്ട സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോ വിരേന്ദര്‍ സേവാഗിനോ രോഹിത് ശര്‍മക്കോ ക്രിസ് ഗെയ്‌ലിനോ മാര്‍ട്ടിന്‍ ഗപ്ടില്ലിനോ ഒന്നും തന്നെയില്ലാത്ത അപൂര്‍വ നേട്ടമാണ് ഇന്ത്യന്‍ യുവതാരം ഈ മത്സരത്തില്‍ നിന്നും തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.
മെന്‍സ് ഒ.ഡി.ഐയില്‍ തന്റെ മെയ്ഡിന്‍ സെഞ്ച്വറി തന്നെ ഇരട്ട സെഞ്ച്വറിയാക്കി കണ്‍വേര്‍ട്ട് ചെയ്ത ആദ്യ താരം എന്ന അസുലഭ റെക്കോഡാണ് ഇഷാന്‍ കിഷന്‍ തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 227 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. 34 ഓവറില്‍ ബംഗ്ലാദേശിനെ ഓള്‍ ഔട്ടാക്കയാണ് ഇന്ത്യ മൂന്നാം മത്സരത്തില്‍ മുഖം രക്ഷിച്ചിരിക്കുന്നത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഉമ്രാന്‍ മാലിക്കും അക്‌സര്‍ പട്ടേലുമാണ് ബൗളിങ്ങില്‍ ഇന്ത്യക്കായി തിളങ്ങിയത്. ഇവര്‍ക്ക് പുറമെ മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മൂന്നാം മത്സരം തോറ്റെങ്കിലും ആദ്യ രണ്ട് മത്സരവും ജയിച്ചതിന്റെ ബലത്തില്‍ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി.
ഡിസംബര്‍ 14നാണ് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
Content highlight: Ishan Kishan brakes Rohit Sharma’s record