ബംഗ്ലാദേശിനെതിരേയുള്ള അവസാന ഏകാദിനത്തിലെ താരമായിരുന്നു ഇഷാൻ കിഷൻ. ശിഖർ ധവാനൊപ്പം ഓപ്പണറായി ഇറങ്ങിയ ഇഷാൻ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ച വെച്ചത്.
131 പന്തിൽ 24 ഫോറും 10 സിക്സറുമടിച്ച് 210 റൺസാണ് ഇഷാൻ സ്കോർ ചെയ്തത്. ഇഷാനൊപ്പം കോഹ്ലിയും തിളങ്ങിയതോടെ ഇന്ത്യ 409 റൺസിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മുന്നിൽ വെച്ചത്.
കോഹ്ലി 91 പന്തിൽ നിന്ന് 113 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാ കടുവകൾക്ക് 34 ഓവർ എത്തിയപ്പോൾ തന്നെ 182 റൺസിന് മുഴുവൻ വിക്കറ്റുകളും നഷ്ടപ്പെട്ടു.
എന്നാൽ ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് ശേഷം ടീമിലെ ശിഖർ ധവാന്റെ സ്ഥാനത്തിനെ പറ്റിയുള്ള ചർച്ചകളിലാണ് ക്രിക്കറ്റ് ആരാധകർ.
കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ ഏട്ടിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ ധവാന് സാധിച്ചിരുന്നില്ല. ധവാന്റെ ഫോമില്ലായ്മ ഇന്ത്യൻ ബാറ്റിങ് നിരക്ക് പവർപ്ലെ ഓവറുകളിൽ വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.
നിലവിൽ ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയുമടങ്ങിയ സെലക്ഷൻ ടീം മുതിർന്ന താരമായ ധവാനെ തഴയാൻ ഇടയില്ല എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് ബി.സി.സി.ഐയിലെ ഒരു മുതിർന്ന അംഗം നൽകിയ അഭിമുഖത്തിൽ പുതിയ സെലക്ഷൻ കമ്മിറ്റി വരുമ്പോൾ മാത്രമേ ധവാന്റെ ഭാവിയെക്കുറിച്ച് കൃത്യമായി എന്തെങ്കിലും പറയാൻ സാധിക്കൂ എന്നാണ്.
ധവാനെ കുറിച്ച് സെലക്ഷൻ കമ്മിറ്റി ആശങ്കയോടെ നോക്കികാണുന്ന കാര്യം 2019ൽ നൂറിലധികം റൺറേറ്റ് ഉള്ള താരത്തിന് 2022 ൽ എത്തുമ്പോഴേക്കും റൺ റേറ്റ് 75ആയി കുറയുന്നു എന്നതാണ്.
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇത്രയും താഴ്ന്ന റൺ റേറ്റ് വെച്ച് പുലർത്തുന്ന താരത്തിന് എത്രനാൾ ടീമിൽ നിലനിൽക്കാനാകും എന്ന ആശങ്കയും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.
എന്നാൽ ധവാനെപ്പോലെ 167 ഏകദിനമത്സരങ്ങൾ കളിച്ച് പരിചയമുള്ള, 6793, റൺസ് നേടി നിലവിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമായുള്ള മൂന്നാമത്തെ താരമായ ധവാനെ പെട്ടെന്ന് ടീമിൽ നിന്നും പുറത്താക്കാൻ സെലക്ടർമാർക്ക് കഴിയില്ല എന്നാണ് ആരാധക പ്രതീക്ഷ.
Content Highlights: ishan kishan became the best replacement of shikhar dhawan