ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പര ആരംഭിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ആഗസ്റ്റ് മൂന്നിന് ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിലായിരുന്നു നടന്നത്. മത്സരത്തില്‍ നാല് റണ്‍സിന് വിജയിച്ച വിന്‍ഡീസ് പരമ്പരയില്‍ 1-0ന്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു.
ബാറ്റിങ് നിരയുടെ അടിത്തറയിളകിയതാണ് ഇന്ത്യന്‍ നിരയ്ക്ക് തിരിച്ചടിയായത്. 149 എന്ന താരതമ്യേന ചെറിയ സ്‌കോറില്‍ വിന്‍ഡീസിനെ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കിയെങ്കിലും ആ അഡ്വാന്റേജ് മുതലാക്കാന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല.
ഓപ്പണിങ് മുതല്‍ക്കുതന്നെ ഇന്ത്യക്ക് കാലിടറിയിരുന്നു. ഇഷാന്‍ കിഷന്റെയും ശുഭ്മന്‍ ഗില്ലിന്റെയും ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് വെറും അഞ്ച് റണ്‍സ് മാത്രമാണ് നീണ്ടുനിന്നത്.
ഒമ്പത് പന്തില്‍ നിന്നും മൂന്ന് റണ്‍സടിച്ച ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായത്. ഒമ്പത് പന്തില്‍ ആറ് റണ്‍സ് നേടിയ ഇഷാന്‍ കിഷനും വൈകാതെ തന്നെ പുറത്തായി.
ഈ മോശം പ്രകടനത്തിന് പിന്നാലെ തങ്ങളുടെ മോശം റെക്കോഡ് ഊട്ടിയുറപ്പിക്കാനും ഇവര്‍ക്കായി. ടി-20യില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഏറ്റവും മോശം ആവറേജ് എന്ന റെക്കോഡാണ് ഇരുവരും ഇപ്പോഴും തങ്ങളുടെ പേരില്‍ കൊണ്ടുനടക്കുന്നത്. 13.80 ആണ് ഇരുവരുടെയും ഓപ്പണിങ് കൂട്ടുകെട്ടിലെ ശരാശരി.
രോഹിത് ശര്‍മ – അജിന്‍ക്യ രഹാനെ ഡുവോയുടെ പേരിലാണ് ഈ മോശം റെക്കോഡ് നേരത്തെ ഉണ്ടായിരുന്നത്. 26.16 ആണ് ഇരുവരുടെയും ടി-20 ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് ആവറേജ്.
ഇഷാന്റെ മോശം പ്രകടനത്തിന് പിന്നാലെ ഓപ്പണിങ് കൂട്ടുകെട്ടിലെ സമവാക്യങ്ങള്‍ മാറ്റിയെഴുതണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. യുവതാരം യശസ്വി ജെയ്‌സ്വാളിനെ ഓപ്പണിങ്ങില്‍ ഇറക്കാനാണ് ആവശ്യമുയരുന്നത്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് ജെയ്‌സ്വാളിന് വേണ്ടി വാദിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
അതേസമയം, ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടി-20 ഞായറാഴ്ച നടക്കും. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയമാണ് വേദി.
ഇന്ത്യ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, യശസ്വി ജെയ്‌സ്വാള്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, രവി ബിഷ്‌ണോയ്, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍.
Content highlight: Ishan Kishan and Shubman Gill have the lowest average opening pair in T20 history.