റണ്‍മഴ പെയ്ത മൊഹാലിയില്‍ ഹോം ടീമിനെ തകര്‍ത്തെറിഞ്ഞാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ അഞ്ചാം ജയം സ്വന്തമാക്കിയത്. രോഹിത് ശര്‍മ വീണ്ടും നിറം മങ്ങിയപ്പോള്‍ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് പഞ്ചാബില്‍ നിന്നും വിജയം പിടിച്ചെടുത്ത് മുംബൈക്ക് നല്‍കിയത്.
ഇഷാന്‍ കിഷന്‍ 41 പന്തില്‍ നിന്നും 75 റണ്‍സ് നേടിയപ്പോള്‍ സൂര്യകുമാര്‍ 31 പന്തില്‍ നിന്നും 66 റണ്‍സും നേടി. ഇവര്‍ പടുത്തുയര്‍ത്തിയ കൂട്ടുകെട്ടിലാണ് പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനില്‍ക്കെ മുംബൈ മറികടന്നത്.
താന്‍ മികച്ച പ്രകടനം നടത്തുമ്പോഴെല്ലാം തന്നെ സൂര്യയും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെക്കാറുണ്ടെന്നും അങ്ങനെ തനിക്ക് ലഭിക്കേണ്ട ക്രെഡിറ്റ് മുഴുവന്‍ സൂര്യ തട്ടിയെടുക്കുകയാണെന്നും തമാശരൂപേണ പറയുകയാണ് ഇഷാന്‍ കിഷന്‍. മത്സരശേഷം സൂര്യയുമായുള്ള സംഭാഷണത്തിനിടെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
‘ സ്ട്രാറ്റജിക് ടൈം ഔട്ടിന് തൊട്ടുമുമ്പ്, നിങ്ങള്‍ സാം കറനെ ഒരു ഓവറില്‍ തന്നെ തലങ്ങും വിലങ്ങും അടിച്ചു പറത്തുമ്പോള്‍ ഞാന്‍ ചിന്തിച്ചത് മറ്റൊരു കാര്യമാണ്. ഞാനെന്ന് മികച്ച രീതിയില്‍ കളിച്ചാലും അതേ ദിവസം ഇവനും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഒരാള്‍ പോലും വിജയത്തിന്റെ ക്രെഡിറ്റ് എനിക്ക് തരില്ല, എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്,’ ഇഷാന്‍ പറഞ്ഞു.
എന്നാല്‍ സൂര്യകുമാറിന്റെ പ്രകടനം തന്റെ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിച്ചുവെന്നും ഇഷാന്‍ പറഞ്ഞു.
‘നമുക്ക് മികച്ച തുടക്കം ലഭിച്ചിരുന്നു. നിര്‍ണായക സമയകത്ത് നിങ്ങള്‍ (സൂര്യകുമാര്‍ യാദവ്) ക്രീസിലെത്തുകയും മികച്ച ഷോട്ടുകള്‍ കളിക്കുകയും ചെയ്തു. ഇതെന്റെ സമ്മര്‍ദം കുറയ്ക്കുകയും എന്നെ കംഫര്‍ട്ട് സോണില്‍ എത്തിക്കുകയും ചെയ്തു. ഇതിന് ശേഷം ഞാന്‍ എന്റെ സ്വാഭാവിക പ്രകടനം പുറത്തെടുത്തു,’ ഇഷാന്‍ കിഷന്‍ കൂട്ടിച്ചേര്‍ത്തു.
താരത്തിന്റെ മികച്ച പ്രകടവനത്തിന് പിന്നാലെ മത്സരത്തിന്റെ താരമായി തെരഞ്ഞെടുത്തത് ഇഷാന്‍ കിഷനെയായിരുന്നു.
ഏപ്രില്‍ ആറിനാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.
Content Highlight: Ishan Kishan about Suryakumar Yadav