| Monday, 10th October 2022, 10:39 pm

സെലക്ടേഴ്‌സിന് കാണാന്‍ പറ്റുന്ന എന്തെങ്കിലും കുറവ് എനിക്കുണ്ടാകാം; ലോകകകപ്പ് ടീമില്‍ ഇടം നേടാനാകാത്തതില്‍ ഇഷാന്‍ കിഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടാനാകാത്തതിലെ വിഷമം മറച്ചുവെക്കാതെ ബാറ്റര്‍ ഇഷാന്‍ കിഷാന്‍. കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്ക – ഇന്ത്യ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.

നാല് ബൗണ്ടറിയും ഏഴ് സിക്‌സറുമടക്കം 93 റണ്‍സ് നേടി, സെഞ്ച്വറിക്ക് തൊട്ടരികെ വെച്ചായിരുന്നു ഇഷാന്‍ പുറത്തായത്. എന്നാല്‍ സെഞ്ച്വറി നേടാനാകാത്തതില്‍ തനിക്ക് വിഷമമില്ലെന്നും ടീമിന്റെ വിജയത്തില്‍ താന്‍ സന്തുഷ്ടനാണെന്നും താരം പറഞ്ഞിരുന്നു.

ഇഷാന്റെ പ്രകടനത്തിന് പിന്നാലെ താരത്തിനെ ടി20 ലോകകപ്പില്‍ ഉള്‍പ്പെടുത്താതിരുന്നത് മോശം തീരുമാനമായിപ്പോയി എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സെലക്ഷന്‍ ലഭിക്കാത്തതിനോടുള്ള തന്റെ പ്രതികരണം പങ്കുവെച്ചിരിക്കുകയാണ് ഇഷാന്‍.

മാച്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു ഇഷാന്‍. സെലക്ഷന്‍ നേടാനാകാത്തതില്‍ വിഷമമുണ്ടെന്നും സെലക്ടേഴ്‌സിന് കാണാന്‍ കഴിയുന്ന എന്തെങ്കിലുമൊരു കുറവ് തനിക്കുണ്ടാകാമെന്നും ഇഷാന്‍ പറഞ്ഞു.

‘വലിയ ടീമിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ തീര്‍ച്ചയായും വിഷമുമുണ്ട്. വലിയ ടൂര്‍ണമെന്റുകളിലും അത്തരം ടീമുകളിലും വലിയ എക്‌സ്‌പോഷര്‍ ലഭിക്കും. അത് നഷ്ടപ്പെടുന്നതില്‍ തീര്‍ച്ചയായും വിഷമമുണ്ട്.

അത്തരം കളികളിലും സാഹചര്യങ്ങളിലും രാജ്യത്തെ ജയിപ്പിക്കാനായാല്‍ അതൊരു പ്രത്യേകതരം ഫീല്‍ തന്നെയാണ്. പക്ഷെ, എനിക്ക് മനസിലാക്കാനാകാത്ത എന്തെങ്കിലുമൊരു കുറവ് സെലക്ടേഴ്‌സ് എന്നില്‍ കണ്ടുകാണണം,’ ഇഷാന്‍ പറഞ്ഞു.

ഇഷാന്റെ വാക്കുകള്‍ക്ക് പിന്നാലെ ആരാധകരും മറുപടികളുമായി രംഗത്തെത്തിയിട്ടുണ്ട്. കെ.എല്‍. രാഹുലടക്കം മറ്റ് പലരേക്കാളും മികച്ച പെര്‍ഫോമന്‍സാണ് താരം കാഴ്ച വെക്കുന്നതെന്നും ടീമില്‍ ഇടം നേടാനുള്ള യോഗ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.

അതേസമയം തന്റെ ഇന്നിങ്സിലെ സ്ട്രൈക്ക് റൊട്ടേഷനെ കുറിച്ചുയര്‍ന്ന ചോദ്യത്തോടുള്ള ഇഷാന്റെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

താരത്തിന്റെ പവര്‍ പാക്ഡ് ഹാര്‍ഡ് ഹിറ്റിങ്ങ് പ്രകടനത്തിന് ശേഷം സ്‌ട്രൈക്ക് റൊട്ടേഷനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ സിക്‌സറടിച്ച് ആക്രമിച്ച് കളിക്കാനാണ് തനിക്കിഷ്ടമെന്നും സ്‌ട്രൈക്ക് റൊട്ടേഷനില്‍ താത്പര്യമില്ലെന്നുമായിരുന്നു ഇഷാന്‍ കിഷന്റെ മറുപടി.

‘സിക്‌സറടിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ കരുത്ത്. അത് ഞാന്‍ ചെയ്യുന്നത് പോലെ ആര്‍ക്കും ചെയ്യാന്‍ സാധിക്കില്ല.

സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതാണ് ചില താരങ്ങളുടെ സ്‌ട്രെങ്ത്. എന്നാല്‍ എന്റേത് വമ്പനടികള്‍ തന്നെയാണ്. ഞാനത് ഒരു പ്രശ്‌നവും കൂടാതെ ചെയ്യുന്നുണ്ടെങ്കില്‍ പിന്നെന്തിന് സ്‌ട്രൈക്ക് കൈമാറണം?,’ ഇഷാന്‍ കിഷന്‍ ചോദിക്കുന്നു.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നത് മികച്ചതാണെന്നും അദ്ദേഹം പറയുന്നു.
‘ചില സമയങ്ങളില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതാണ് ഏറ്റവും മികച്ച ഓപ്ഷന്‍. ഞാന്‍ അതിനായി പ്രാക്ടീസ് ചെയ്യുകയാണ്. ഞാന്‍ സെഞ്ച്വറിക്ക് കേവലം ഏഴ് റണ്‍സ് മാത്രം അകലെയായിരുന്നു. എന്നാല്‍ സാഹചര്യത്തിന് അനുസരിച്ച് തന്നെയാണ് ഞാന്‍ കളിച്ചത്,’ ഇഷാന്‍ കിഷന്‍ കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന സീരീസ് ഡിസൈഡര്‍ മത്സരത്തിലും ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ തന്നെയാവും ഇഷാന്‍ കിഷന്‍ ഒരുങ്ങുന്നത്.

Content Highlight: Ishan Kishan about not getting a place at T20 World Cup Squad

We use cookies to give you the best possible experience. Learn more