| Tuesday, 20th December 2022, 8:50 pm

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പന്തോ സഞ്ജുവോ ഞാനോ ഒരു സെഞ്ച്വറി നേടണമെന്ന് ഞങ്ങളിലാരും കരുതുന്നില്ല; മൗനം വെടിഞ്ഞ് ഇഷാന്‍ കിഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

നിലവില്‍ മറ്റേത് ടീമിനേക്കാളുമേറെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ചോയ്‌സ് ഉള്ള ടീമാണ് ഇന്ത്യ. ആ ചോയ്‌സ് വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ മാനേജ്‌മെന്റിന് കഴിയാതെ പോകുന്നിടത്താണ് ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വരുന്നത്.

റിഷബ് പന്താണ് എന്നും മാനേജ്‌മെന്റിന്റെ നമ്പര്‍ വണ്‍ ചോയ്‌സായി നിലകൊള്ളുന്നത്. എന്നാല്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം തന്നെ സഞ്ജു സാംസണും ഇഷാന്‍ കിഷനും ഒരുപക്ഷേ പന്തിനേക്കാള്‍ മികച്ചതായി ആ റോള്‍ നിര്‍വഹിക്കാറുമുണ്ട്.

സ്ഥിരമായി പന്ത് വിക്കറ്റിന് പുറകില്‍ ഇടം നേടുന്നതിനാല്‍ ഇഷാന്‍ കിഷനോ സഞ്ജുവിനോ ടീമില്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാറില്ല.

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ മൂന്നാം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും പന്തിനെ ആ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

എന്നാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആരെത്തണമെന്നതിനെ കുറിച്ച് പറയുകയാണ് ഇഷാന്‍ കിഷന്‍. ഇവര്‍ മൂന്ന് പേരും തമ്മില്‍ മത്സരമൊന്നുമില്ലെന്നും ടീമിന്റെ വിജയമാണ് എല്ലാത്തിലും ഉപരിയെന്നുമാണ് കിഷന്‍ പറയുന്നത്.

‘ക്രിക്കറ്റേഴ്‌സ് എന്ന നിലയില്‍ ഞങ്ങളെപ്പോഴും പരസ്പരം സഹായിക്കാനും കഴിവുകളെ മെച്ചപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. കാരണം ഞങ്ങള്‍ മൂന്ന് പേരുടെയും ലക്ഷ്യം ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നത് തന്നെയാണ്.

ഇന്ത്യ ജയിക്കുകയാണെങ്കില്‍ അതാണ് ഞങ്ങള്‍ക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്നത്. ഞാനോ സഞ്ജുവോ പന്തോ സെഞ്ച്വറിയടിക്കണമെന്ന് ഞങ്ങളൊരിക്കലും ചിന്തിക്കാറില്ല.

ഞങ്ങള്‍ക്കിടയില്‍ എന്തെങ്കിലും തരത്തിലുള്ള സംശയമുണ്ടെങ്കില്‍ പരസ്പരം സംസാരിക്കുകയാണ് ചെയ്യാറുള്ളത്. ക്രിക്കറ്റില്‍ തന്നെ ശ്രദ്ധിക്കുകയും ഓരോ ദിവസവും മെച്ചപ്പെടുത്താനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ കിഷന്‍ പറഞ്ഞു.

നേരത്തെ നടന്ന ഇന്ത്യ-ബംഗ്ലാദശ് പരമ്പരയിലെ മൂന്നാം ഇന്നിങ്സ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ എഴുതിവെക്കപ്പെട്ട ഒന്നായി മാറിയിരുന്നു. ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ച്വറിയും റിക്കി പോണ്ടിങ്ങിന്റെ റെക്കോഡ് തകര്‍ത്ത വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടവുമെല്ലാം പിറന്ന മത്സരമായിരുന്നു അത്.

ഏകദിന ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത് ഇന്ത്യന്‍ താരം , ലോകക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരം തുടങ്ങി എണ്ണമറ്റ റെക്കോഡുകളാണ് ഒരു മത്സരത്തില്‍ നിന്നും കിഷന്‍ സ്വന്തമാക്കിയത്.

131 പന്തില്‍ നിന്നും 210 റണ്‍സ് നേടിയാണ് ഇഷാന്‍ കിഷന്‍ ചരിത്രം കുറിച്ചത്. 24 ബൗണ്ടറിയും പത്ത് സിക്സറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 160.31 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു ഇഷാന്‍ കിഷന്‍ റണ്ണടിച്ചുകൂട്ടിയത്.

ഇഷാന്റെയും കോഹ്‌ലിയുടെയും ഇന്നിങ്സിന്റെ ബലത്തില്‍ ഇന്ത്യ 409 റണ്‍സ് എന്ന പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 182 റണ്‍സിന് പുറത്താക്കി 227 റണ്‍സിന്റെ വിജയമാഘോഷിക്കുകയും ചെയ്തിരുന്നു.

Content highlight: Ishan Kishan about India’s wicket keeping batters

We use cookies to give you the best possible experience. Learn more