തമിഴ്നാട്ടില്‍ പ്രവാസിയായി ജീവിച്ച എന്റെ മാനസികാവസ്ഥയാണ് 'നന്മയുള്ള ലോകമേ' ഗാനം; പാട്ട് പിറന്ന കഥ പറഞ്ഞ് ഇഷാന്‍ ദേവ്
Movie Day
തമിഴ്നാട്ടില്‍ പ്രവാസിയായി ജീവിച്ച എന്റെ മാനസികാവസ്ഥയാണ് 'നന്മയുള്ള ലോകമേ' ഗാനം; പാട്ട് പിറന്ന കഥ പറഞ്ഞ് ഇഷാന്‍ ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th August 2021, 3:31 pm

കൊച്ചി: മലയാളികള്‍ ഇപ്പോഴും നെഞ്ചിലേറ്റുന്ന ഒരു പാട്ടാണ് നന്മയുള്ള ലോകമേ. മലയാളി വികാരത്തെ ഉണര്‍ത്തുന്ന ഈ പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഗായകനും സംഗീത സംവിധായകനുമായ ഇഷാന്‍ ദേവ് ആണ്.

ആ ഗാനമുണ്ടായ കഥ പറയുകയാണ് ഇഷാന്‍. ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇഷാന്‍ മനസ്സുതുറന്നത്.

‘കേരളത്തില്‍ വെള്ളപ്പൊക്കം മൂലമുണ്ടായ പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്താണ് ഈ പാട്ട് ഉണ്ടായത്. അന്ന് ഞാന്‍ ചെന്നൈയിലായിരുന്നു. കേരളത്തിലുള്ളയാള്‍ക്ക് ഇങ്ങോട്ടേക്ക് വരാന്‍ പറ്റാത്ത സാഹചര്യം.

ഒരുപാട് കാര്യങ്ങള്‍ കേരളത്തിനായി അവിടെ നിന്ന് ചെയ്യുന്നുണ്ടായിരുന്നു. ട്രക്കുകളില്‍ മരുന്നുകളും അവശ്യസാധനങ്ങളും ഇങ്ങോട്ടേക്ക് കയറ്റി അയച്ചു. അതില്‍ ഞാനും ഒരു ഭാഗമായിരുന്നു.

ചെന്നൈയില്‍ നില്‍ക്കുമ്പോള്‍ ഈ സ്പിരിറ്റ് നമ്മുടെ ഉള്ളിലുണ്ട്. പക്ഷെ അതെങ്ങനെയാണെന്ന് എക്‌സ്പ്രസ്സ് ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്റെ മാധ്യമം എന്ന് പറയുന്നത് സംഗീതമാണ്.

ചെന്നൈയിലിരിക്കുമ്പോള്‍ ഞാന്‍ തമിഴന്‍ ഡാ എന്ന് പറയുന്നതില്‍ ഒരു ഉശിര് ഇല്ലേ. അവിടെയിരുന്ന് ഞാന്‍ മലയാളി ഡാ എന്ന് പറഞ്ഞാല്‍ കോമഡിയാകും. ആ സ്പിരിറ്റ് എന്തുകൊണ്ട് മലയാളത്തിന് ഇല്ല എന്നൊരു ചോദ്യം വന്നു.

അങ്ങനെ നമ്മള്‍ ചെയ്യുന്ന പുണ്യപ്രവര്‍ത്തികള്‍ ഒരു വീഡിയോ ആക്കാമെന്നും അതിനൊരു മ്യൂസിക് ഉണ്ടാക്കാമെന്നും ഞാന്‍ എന്റെ സുഹൃത്തിനോട് പറഞ്ഞു. അങ്ങനെ ഒരു പാട്ട് എഴുതുന്നു.

അങ്ങനെ നമ്മള്‍ ചെയ്യുന്ന നല്ലപ്രവര്‍ത്തികളുടെ വീഡിയോയില്‍ ഈ പാട്ട് ഇടുന്നു.  പിന്നീട് ഈ പാട്ട് കേട്ട എന്റെ സുഹൃത്തുക്കളാണ് പറഞ്ഞത് ഈ പാട്ടിന് മലയാളിയുടെ ഒരു സ്പിരിറ്റ് ഉണ്ട് എന്ന്. അത് എന്തുകൊണ്ടെന്നാല്‍ തമിഴ്‌നാട്ടില്‍ ഒരു പ്രവാസിയായി ജീവിച്ച എന്റെ മാനസികാവസ്ഥയില്‍ നിന്നാണ് ആ പാട്ട് ഉണ്ടായത്,’ ഇഷാന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Ishan dev Reveals Story Behind  Nanmayulla lokame Song