| Saturday, 16th November 2019, 9:21 pm

'പേടിച്ചിട്ടായിരിക്കാം, എല്ലാവരും പഠിച്ച് വച്ചതെന്തോ പറയുന്നത് പൊലെയാണ് തോന്നിയത്'; ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് ഇരട്ട സഹോദരി ഐഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഇരട്ട സഹോദരി ഐഷാ ലത്തീഫ്. സംഭവം നടന്ന ശേഷം ഐ.ഐ.ടിയില്‍ എത്തിയത് മുതല്‍ ഐഷാ നേരിട്ട അനുഭവങ്ങളില്‍ നിന്നും ഉണ്ടായ സംശയങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഫാത്തിമയുടെ മരണവിവരം അറിഞ്ഞ് കോളജിലെത്തിയപ്പോള്‍ ഞാന്‍ ഫാത്തിമയുടെ ബോഡി കാണാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് അനുവദിച്ചിരുന്നില്ല. ഞായറാഴ്ച്ച രാവിലെ കാണാം എന്നാണ് പറഞ്ഞത്. അങ്ങനെ അവിടെ നിന്നപ്പോള്‍ ഫാത്തിമയുടെ ക്ലാസ്‌മേറ്റ്‌സായ കുറച്ച് പേരെ കണ്ടിരുന്നു. അവരോട് സംസാരിക്കുകയും ചെയ്തിരുന്നു. അവരില്‍ ഒരാളില്‍ നിന്നും ലഭിച്ചത് ആത്മാര്‍ത്ഥമായ ഉത്തരമല്ലെന്നാണ് മനസിലായത്. എല്ലാവരും പഠിച്ച് വച്ചതെന്തോ പറയുന്നത് പോലെയാണ് തോന്നിയത്. പേടിച്ചിട്ടാണോയെന്നറിയില്ല. അവര്‍ എന്തോ ഒളിച്ച് വെക്കുന്നുണ്ട്. ഒരു പക്ഷേ ഒന്നും വെളിപ്പെടുത്തരുതെന്ന് അവര്‍ക്ക് ഐ.ഐ.ടിയില്‍ നിന്നും നിര്‍ദേശം ലഭിച്ചു കാണണം.’ മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റിലാണ് ഐഷയുടെ പ്രതികരണം.

സംഭവത്തെ സാധാരണ ഒരു ആത്മഹത്യ പൊലെതന്നെയാണ് അവര്‍ ടാഗ് ചെയ്തതെന്നാണ് മനസ്സിലാവുന്നതെന്നും ഐഷ പറയുന്നു.

‘അക്കാദമിക്ക് പ്രഷര്‍ അല്ലെങ്കില്‍ പുവര്‍ അക്കാദമിക് പെര്‍ഫോമന്‍സ്. ഇത് കാരണം ഫാത്തിമ ആത്മഹത്യ ചെയ്തുവെന്നാണ് അവര്‍ പറയുന്നത്. പക്ഷെ ഫാത്തിമയെ അറിയുന്ന ആരും അത് അംഗീകരിക്കില്ല.’

പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോഴും ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും അതിനും മറുപടിയൊന്നും നല്‍കിയിരുന്നില്ലെന്നും ചോദ്യങ്ങള്‍ അവര്‍ ശ്രദ്ധിക്കുന്നത് പോലുമുണ്ടായിരുന്നില്ലെന്നും ഐഷ പറയുന്നു. അതോടൊപ്പം ‘ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ പൊലീസ് ആദ്യം റൂം സീല്‍ ചെയ്യും. ഇവിടേയും  പൊലീസ് റൂം സീല്‍ ചെയ്തു. കീ അവര്‍ കൊണ്ട് പോയെന്നാണ്  പറഞ്ഞത്. എന്നാല്‍ ഞാന്‍ റൂമില്‍ പോയപ്പോള്‍ ഫാത്തിമയുടെ റൂം മേറ്റിന്റെ സാധനങ്ങളെല്ലാം അവിടുന്ന് മാറ്റിയിട്ടുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ അറിഞ്ഞത് സംഭവത്തിന് ശേഷം അവരെ വിളിച്ച്റൂം വെക്കേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്നാണ്. ഫാത്തിമ ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന ഫാനില്‍ റോപ്പ് ഉണ്ടായിരുന്നില്ല. റൂമില്‍ കയറിയ ഉടനെ പൊലീസുകാരന്‍ ഫാനിന്റെ സ്വിച്ച് ഇടുകയാണ് ചെയ്തതെന്നും’ ഐഷ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more