കളിക്കളത്തില്‍ സ്വന്തം തന്ത്രങ്ങള്‍ കൃത്യമായി ആവിഷ്‌കരിച്ച് നടപ്പിലാക്കുക എന്നതുപോലെ പ്രധാനമാണ് എതിര്‍ ടീമിന്റെ സ്ട്രാറ്റജികളും തന്ത്രങ്ങളും മനസിലാക്കുക എന്നതും. എതിര്‍ ടീം അംഗങ്ങള്‍ ആശയവിനിമയം നടത്തുന്നത് തിരിച്ചറിയാന്‍ സാധിച്ചാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്.
ഇക്കാര്യം വ്യക്തമായി ബോധ്യമുള്ളതുകൊണ്ടാണ് ഇന്ത്യന്‍ ടീം എല്ലായ്‌പ്പോഴും ഹിന്ദിയിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും കളിക്കളത്തില്‍ ആശയവിനിമയം നടത്താറുള്ളത്. എങ്ങനെ ബൗള്‍ ചെയ്യണമെന്നതടക്കമുള്ള ചര്‍ച്ചകളെല്ലാം തന്നെ ഇന്ത്യന്‍ ടീം ഹിന്ദിയിലാണ് നടത്താറുള്ളത്. വളരെ പെട്ടെന്ന് സന്ദേശം കൈമാറേണ്ട സാഹചര്യത്തില്‍ ഹിന്ദിയില്‍ തന്നെ അവര്‍ ഉറക്കെ വിളിച്ചുപറയുകയും ചെയ്യും.
എന്നാല്‍ ഇന്ത്യയുടെ ഹിന്ദി ട്രിക്ക് മറികടക്കാന്‍ മറ്റ് ടീമുകള്‍ പ്രധാനപ്പെട്ട വാക്കുകളെല്ലാം തന്നെ പഠിച്ചുവെക്കാറുമുണ്ട്. വിദേശ ടീമില്‍ ഇന്ത്യന്‍ വംശജരായ താരങ്ങളുണ്ടെങ്കില്‍ അവരെ സംബന്ധിച്ച് ഇത് കുറച്ചുകൂടി എളുപ്പമാണ്.
ഉദാഹരണത്തിന് ന്യൂസിലാന്‍ഡിന്റെ ഇഷ് സോധിക്ക് മുമ്പില്‍ ഇന്ത്യയുടെ ഹിന്ദി ട്രിക്ക് വര്‍ക്ക് ആകില്ല. കളിക്കുന്നത് ന്യൂസിലാന്‍ഡിന് വേണ്ടിയാണെങ്കിലും താരത്തിന്റെ വേരുകള്‍ ചെന്നെത്തി നില്‍ക്കുന്നത് ഇങ്ങ് പഞ്ചാബിലാണ്.
View this post on Instagram
എന്നാല്‍ ഒരു മത്സരത്തിനിടെ തനിക്ക് ഹിന്ദി അറിയാം എന്ന് എതിര്‍ ടീം വിക്കറ്റ് കീപ്പറായ സഞ്ജു സാംസണ്‍ മനസിലാക്കിയെന്നും എന്നാല്‍ തങ്ങള്‍ അഡ്വാന്റേജ് മുതലെടുക്കാതിരിക്കാന്‍ താരം തമിഴില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ഇഷ് സോധി.
പ്രൈം സ്പോര്‍ട്സിന് നല്‍കിയ പഴയ അഭിമുഖത്തിലെ ഇഷ് സോധിയുടെ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
‘പെട്ടെന്ന് സഞ്ജു സാംസണ്‍ തമിഴ് സംസാരിക്കാന്‍ തുടങ്ങി. ഇതോടെ ഞാന്‍ അല്‍പം അസ്വസ്ഥനായി. കാരണം ഇവര്‍ ഹിന്ദിയില്‍ പറയുന്നതെല്ലാം തന്നെ മനസിലാക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു. പക്ഷേ ഇത് വളരെ വ്യത്യസ്തമായ ഒരു അവസ്ഥയായിരുന്നു,’ ഇഷ് സോധി പറയുന്നു.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിനൊപ്പം കുറച്ചു സീസണില്‍ കളിക്കാനും സോധിക്കായിരുന്നു.
സഞ്ജു മാത്രമല്ല, മറ്റ് താരങ്ങളെല്ലാം തനിക്ക് മനസിലാവാതിരിക്കാന്‍ ഹിന്ദിക്ക് പകരം മറാത്തി, ഗുജറാത്തി പോലുള്ള ഭാഷയിലാണ് സംസാരിക്കാറുള്ളതെന്നും ഇഷ് സോധി പറയുന്നു.
പഞ്ചാബിലെ ലുധിയാനയിലാണ് ഇഷ് സോധി ജനിച്ചത്. താരത്തിന് നാല് വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ന്യൂസിലാന്‍ഡിലേക്ക് കുടിയേറി പാര്‍ക്കുകയായിരുന്നു.
Content highlight: Ish Sodhi about Sanju Samson