| Thursday, 12th December 2024, 7:47 pm

സംവിധാനവും അഭിനയവും മാത്രമല്ല, പാട്ട് പാടുന്നതും ലാലേട്ടന്‍ തന്നെ; ബറോസിലെ ഗാനമെത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബാറോസ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 2019ല്‍ അനൗണ്‍സ് ചെയ്ത ചിത്രം കൊവിഡ് കാരണം ഇടയ്ക്ക് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

മോഹന്‍ലാല്‍ തന്നെയാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ ചിത്രീകരിച്ച മലയാളചിത്രമെന്ന പ്രത്യേകതയും ബാറോസിനുണ്ട്. ഫാന്റസി ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് മുമ്പ് വന്‍ വരവേല്പായിരുന്നു ലഭിച്ചിരുന്നത്.

ഇപ്പോള്‍ സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് പേജിലൂടെ ബറോസിലെ ‘ഇസബെല്ല’ എന്ന ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാല്‍ ആണ് ഈ പാട്ട് പാടിയിരിക്കുന്നത്. വിനായക് ശശികുമാര്‍ വരികള്‍ എഴുതിയ പാട്ട് കമ്പോസ് ചെയ്തത് ലിഡിയന്‍ നാദസ്വരമാണ്.

ഈ വര്‍ഷം തുടക്കത്തില്‍ ബാറോസിന്റെ ഷൂട്ട് അവസാനിച്ചിരുന്നു. എന്നാല്‍ സമ്മര്‍ റിലീസായി പ്ലാന്‍ ചെയ്ത ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. പിന്നീട് ഒക്ടോബര്‍ മൂന്നിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും മറ്റ് റിലീസുകള്‍ കാരണം ഡേറ്റ് മാറ്റുകയായിരുന്നു. ഒടുവില്‍ ഈയിടെയായിരുന്നു സംവിധായന്‍ ഫാസില്‍ ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ഡിസംബര്‍ 25നാണ് സിനിമ തിയേറ്ററില്‍ എത്തുക. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ അണിയിച്ചൊരുക്കിയ ജിജോ പുന്നൂസാണ് ബാറോസിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ സന്തോഷ് ശിവനാണ് ബാറോസിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ഇവര്‍ക്ക് പുറമെ വിദേശത്ത് നിന്ന് ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ക്യാമറയുടെ മുന്നിലും പിന്നിലുമായി ബാറോസിന്റെ ഭാഗമാകുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Isabella Song In Mohanlal’s Barroz Movie Out

We use cookies to give you the best possible experience. Learn more