ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇവരില്‍ ആരാണ് മികച്ച താരമെന്നത് എല്ലാ കാലത്തും സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചയാണ്. വിഷയത്തില്‍ അഭിപ്രായം പങ്കുവെച്ച് മുന്നോട്ടുവന്നിരിക്കുകയാണ് ന്യൂകാസില്‍ യുണൈറ്റഡ് താരമായ ഐസക് ഹെയ്ഡന്‍.
ബാലണ്‍ ഡി ഓര്‍ അടിസ്ഥാനമാക്കി രണ്ടു താരങ്ങളെ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും മൂന്ന് വ്യത്യസ്ത ലീഗുകളിലെ മികച്ച പ്രകടനം കൊണ്ട് മെസിയേക്കാള്‍ മികച്ചത് റൊണാള്‍ഡോയാണെന്നുമാണ് ഹെയ്ഡന്‍ പറഞ്ഞത്.
‘എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എപ്പോഴും റൊണാള്‍ഡോയുടെ പേരാണ് പറയാറ്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ മെസിയെ ഇഷ്ടപ്പെടുന്നു. എന്നാല്‍ റൊണാള്‍ഡോയെ ഏറ്റവും മികച്ചവനാണെന്ന് ഞാന്‍ പറയുന്നത് ഫുട്‌ബോളിലെ ഏറ്റവും വലിയ കാര്യം ബാലണ്‍ ഡി ഓര്‍ എന്ന അവാര്‍ഡ് കൊണ്ടല്ല. മറിച്ച് അദ്ദേഹത്തിന്റെ കഴിവുകള്‍ കളികളത്തിലെ അദ്ദേഹം നേടിയ ഗോളുകള്‍ അസിസ്റ്റുകള്‍ എല്ലാം നോക്കിയാണ്,’ ഹെയ്ഡന്‍ മോട്ടിവേറ്റ് കോര്‍ണറിന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി എട്ട് ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ റൊണാള്‍ഡോയുടെ ഷെല്‍ഫില്‍ അഞ്ച് ബാലണ്‍ ഡി ഓറുമാണുള്ളത്.
റൊണാള്‍ഡോ മൂന്ന് വ്യത്യസ്ത ലീഗുകളില്‍ വിജയിച്ചതിനെക്കുറിച്ചും ഐസക്ക് പങ്കുവെച്ചു.
‘റൊണാള്‍ഡോ ഇറ്റലി, ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നീ രാജ്യത്തെ ലീഗുകളില്‍ കളിച്ചു. അവിടെ നിന്നെല്ലാം അദ്ദേഹം എല്ലാ നേട്ടങ്ങളും സ്വന്തമാക്കി. റൊണാള്‍ഡോ മൂന്ന് ലീഗുകളിലും മികച്ച പ്രകടനം നടത്തി. എന്നാല്‍ മെസി തന്റെ കരിയറിലെ ഭൂരിഭാഗവും കളിച്ചത് ബാഴ്സലോണയില്‍ ആയിരുന്നു. അവിടെ നിന്നും അദ്ദേഹം പി.എസ്.ജിയിലേക്ക് പോയി എന്നാല്‍ ഫ്രഞ്ച് ലീഗ് ആദ്യ അഞ്ച് പ്രധാന ലീഗുകളില്‍ ഇടം പിടിക്കുമെന്ന് ഞാന്‍ കരുതുന്നില്ല,’ ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.
റൊണാള്‍ഡോ റയല്‍ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിക്കുകയും അവിടെനിന്നും അവിസ്മരണീയ നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.
അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടം ഉള്ള ചരിത്രത്തിലെ ആദ്യ താരമാണ് റൊണാള്‍ഡോ. നിലവില്‍ സൗദിയില്‍ അല്‍ നസറിനൊപ്പം മികച്ച ഫോമിലാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം.
അതേസമയം മെസി ബാഴ്സയില്‍ ആണ് തന്റെ നീണ്ട കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയത്. തുടര്‍ന്ന് ഫ്രഞ്ച് വമ്പന്‍മാരായ പാരീസിലേക്കും മെസി ചേക്കേറിയിരുന്നു ഫ്രഞ്ച് ക്ലബ്ബിനൊപ്പം ഒരു ലീഗ് വണ്‍ കിരീടം മാത്രമാണ് മെസി നേടിയത്. നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ താരമാണ് മെസി.
Content Highlight: Isaac Hayden talks his opinion about goat debate.