ന്യൂദല്‍ഹി: കശ്മീര്‍ പ്രശ്‌നത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരാബാദില്‍ നിന്നുള്ള എം.പി അസദുദ്ദീന്‍ ഉവൈസി. യു.എസ് പ്രസിഡന്റുമായി കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനുള്ള മോദിയുടെ തീരുമാനം അങ്ങേയറ്റം വേദനിപ്പിച്ചുവെന്ന് ഉവൈസി പറഞ്ഞു.
പ്രധാനമന്ത്രി മോദി ട്രംപിനെ ഫോണില്‍ വിളിച്ച് ഉഭയകക്ഷി പ്രശ്നമായി ഈ വിഷയം ചര്‍ച്ച ചെയ്തത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. മോദിയുടെ ഈ നടപടി ട്രംപ് നേരത്തെ അവകാശപ്പെട്ട കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതാണ്. ഇതൊരു ഉഭയകക്ഷി പ്രശ്‌നമാണ്, ഒരു മൂന്നാം കക്ഷിയെയും ഇതില്‍ ഇടപെടാന്‍ അനുവദിക്കില്ല- ഉവൈസി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ട്രംപ് ആരാണ് പൊലീസുകാരനാണ് അല്ലെങ്കില്‍ ‘ചൗധരി’ (strongman) ആണോ എന്നായിരുന്നു ഉവൈസിയുടെ ചോദ്യം.
ഫോണില്‍ വിളിച്ച് മോദി ട്രംപിനോട് പരാതി പറഞ്ഞിരിക്കുന്നു. ഈ വിഷയത്തില്‍ ഇടപെടാന്‍ ട്രംപ് ആരാണ് ? ഈ ലോകത്തിന്റെ പൊലീസോ- കശ്മീര്‍ ഉഭയകക്ഷി പ്രശ്നമാണെന്ന് ഞങ്ങള്‍ എല്ലായിടത്തും പറയുന്ന കാര്യമാണ്. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടാണ് ഉള്ളത്. അപ്പോള്‍ പിന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് അതിനെക്കുറിച്ച് പരാതിപ്പെടേണ്ട ആവശ്യം മോദിക്കുണ്ടോ? – ഉവൈസി ചോദിച്ചു.