| Friday, 17th May 2019, 3:16 pm

'അല്ലെന്നാണ് എന്റെ പ്രതീക്ഷ' ഇറാനുമായി യുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ചോദ്യത്തിന് ട്രംപിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇറാനിയുമായി യുദ്ധത്തിലേക്കല്ല യു.എസ് പോകുന്നതെന്നാണ് തന്റെ പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനും യു.എസുമായുള്ള വാക്കുതര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

യു.എസ് ഇറാനുമായി യുദ്ധത്തിലേക്ക് പോകുകയാണോ?യെന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ അല്ലെന്നാണ് എന്റെ പ്രതീക്ഷ’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഇറാനുമായി യുദ്ധത്തിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് ഒരു ഇന്റലിജന്‍സ് യോഗത്തിനിടെ ട്രംപ് യു.എസ് പ്രതിരോധ സെക്രട്ടറിയോട് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ടു ചെയ്തിരുന്നു.

അമേരിക്കയുടെ സമ്മര്‍ദ്ദത്തെ സംയമനം കൊണ്ട് നേരിടുമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫും പറഞ്ഞത്. ആണവ കരാറില്‍ നിന്ന് അണേരിക്ക പിന്മാറിയാലും കരാറുമായി മുന്നോട്ടു പോകാനുള്ള ബാധ്യത ഇറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊടുത്ത കരാര്‍ ആയിരുന്നു ജെ.സി.പി.ഒ.എ. മെയ് മാസത്തിലാണ് ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയത്. ഇതിനു പിന്നാലെ ഇറാനില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്ക നിര്‍ദേശിച്ചിരുന്നു.

ഇറാനുമായുള്ള ഇടപാടുകള്‍ ഘട്ടംഘട്ടമായി കുറച്ച് പൂര്‍ണമായും അവസാനിപ്പിക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് കഴിഞ്ഞ നവംബര്‍ വരെയായിരുന്നു അമേരിക്ക കാലാവധി അനുവദിച്ചത്. പിന്നീട് ഇന്ത്യയടക്കം എട്ടു രാജ്യങ്ങള്‍ക്ക് ആറുമാസം കൂടി സമയം നീട്ടി നല്‍കി.

മെയ് രണ്ടിന് ഈ കാലാവധി അവസാനിച്ചിരുന്നു. ഇറാന്‍ എണ്ണ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നതോടെ പകരം ഇടംപിടിക്കുന്നത് അടുത്തിടെ എണ്ണ സമ്പന്ന രാജ്യമായ അമേരിക്കയാണ്. ഇറാന്റെ എണ്ണ നഷ്ടമാകുമ്പോള്‍ പകരം തങ്ങളുടേത് വാങ്ങാനാണ് അമേരിക്ക ആവശ്യപ്പെടുന്നത്.

അതിനിടെ, ദിവസങ്ങള്‍ക്കു മുമ്പ് യു.എ.ഇയിലെ ഫുജൈറ തീരത്തുണ്ടായ കപ്പല്‍ ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ആരോപണം തള്ളിക്കഞ്ഞു.

We use cookies to give you the best possible experience. Learn more