ഐ.എസ് ഭീകരരുടെ അടുത്ത ലക്ഷ്യം സൂപ്പര്‍താരം മെസിയും റഷ്യന്‍ ലോകകപ്പും: ഭീഷണി സന്ദേശവുമായി മെസിയുടെ ചോരയൊലിക്കുന്ന ചിത്രവുമായി ഐ.എസ്
DSport
ഐ.എസ് ഭീകരരുടെ അടുത്ത ലക്ഷ്യം സൂപ്പര്‍താരം മെസിയും റഷ്യന്‍ ലോകകപ്പും: ഭീഷണി സന്ദേശവുമായി മെസിയുടെ ചോരയൊലിക്കുന്ന ചിത്രവുമായി ഐ.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th October 2017, 12:57 pm

മോസ്‌കോ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിന് ഭീഷണിയുമായി ഭീകരസംഘടനയായ ഐ.എസ്. ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ രക്തമൊലിക്കുന്ന ചിത്രം പുറത്ത് വിട്ടാണ് ഭീകരര്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഐ.എസിന്റെ തടവില്‍ കഴിയുന്ന തരത്തിലുള്ള മെസിയുടെ ചിത്രം മോര്‍ഫ് ചെയ്ത് തയ്യാറാക്കിയാണ് ഭീഷണി. കണ്ണില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നതായാണ് മെസിയുടെ ചിത്രം. തടവറയ്ക്കുള്ളില്‍ നില്‍ക്കുന്ന തരത്തിലാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.


Also Read: ‘ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ഏകദിനം അട്ടിമറിക്കാന്‍ ശ്രമം’; പിച്ചിന്റെ സ്വഭാവമടക്കം വാതുവെപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കി ക്യൂറേറ്റര്‍; വീഡിയോ പുറത്തു വിട്ട് ഇന്ത്യ ടുഡെ


തോല്‍വിയെന്നത് ഡിക്ഷണറിയില്‍ പോലുമില്ലാത്ത ഒരു സ്‌റ്റേറ്റുമായാണ് നിങ്ങള്‍ പൊരുതുന്നത് എന്ന വാചകത്തോടെയാണ് പോസ്റ്ററുകള്‍ പുറത്ത് വന്നിരിക്കുന്നത്. വഫ മീഡിയ ഫൗണ്ടേഷന്‍ എന്ന ഐ.എസ് മീഡിയ ഗ്രൂപ്പാണ് പോസ്റ്റര്‍ പുറത്ത് വിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നൈക്കിന്റെ ജസ്റ്റ് ഡു ഇറ്റ് എന്ന ക്യാപ്ഷനേയും പോസ്റ്ററില്‍ പരിഹസിക്കുന്നുണ്ട്. ജസ്റ്റ് ടെററിസം എന്നാണ് ക്യാപ്ഷനെ മാറ്റിയിരിക്കുന്നത്. നേരത്തെയും റഷ്യന്‍ ലോകകപ്പിനെതിരെ ഇത്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നു.

മുമ്പ് ഫ്രാന്‍സ്-ജര്‍മനി സൗഹൃദ ഫുട്‌ബോള്‍ മത്സര വേദിയില്‍ ബോംബ് സ്‌ഫോടനമുണ്ടായപ്പോള്‍ ഉത്തരവാദിത്വമേറ്റെടുത്ത് ഐ.എസ് രംഗത്തെത്തിയിരുന്നു. 2016 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനും ഭീകരരുടെ ഭീഷണിയുണ്ടായിരുന്നു. പിന്നീട് 2017 ലെ വനിതാ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനും ഈ ഭീഷണി ആവര്‍ത്തി്‌ച്ചെങ്കിലും അപായമൊന്നും ഉണ്ടായില്ല.