ന്യൂദല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന്റെയും സമരം നടത്തുന്നതിന്റെയും പശ്ചാത്തലത്തില്‍ വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്.
ഇതാണോ രാജ്യത്ത് സ്‌പോര്‍ട്‌സിനും കായികതാരങ്ങള്‍ക്കും വേണ്ടി കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുക്കിയ മികച്ച അന്തരീക്ഷം എന്നാണ് കോണ്‍ഗ്രസ് പരിഹാസരൂപേണ ചോദിച്ചത്.
”പെണ്‍മക്കള്‍ക്കെതിരെ അതിക്രമം ചെയ്ത ബി.ജെ.പി നേതാക്കളുടെ പട്ടിക അനന്തമാണ്. ബി.ജെ.പി നേതാക്കളില്‍ നിന്ന് പെണ്‍മക്കളെ രക്ഷിക്കാനുള്ള മുന്നറിയിപ്പായിരുന്നോ ‘ബേട്ടി ബച്ചാവോ’! പ്രധാനമന്ത്രി ദയവായി ഉത്തരം പറയണം.
മിസ്റ്റര്‍ പ്രധാനമന്ത്രി, എന്തുകൊണ്ടാണ് പെണ്‍മക്കള്‍ക്ക് നേരെ അതിക്രമം കാണിക്കുന്നവരെല്ലാം ബി.ജെ.പിയില്‍ നിന്നുള്ളവരാകുന്നത് ?
Kuldeep Sengar, Chinmayanand, father-son duo of Vinod Arya & Pulkit Arya…and now this new case!
The list of BJP leaders committing atrocities against women is endless.
Mr. PM, was ‘Beti Bachao’ a warning to save daughters from BJP leaders? India is waiting for an answer.
രാജ്യത്ത് കായികരംഗത്ത് മികച്ച അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ (മോദി) കഴിഞ്ഞദിവസം പറഞ്ഞു. നാടിന് നേട്ടങ്ങള്‍ സമ്മാനിക്കുന്ന പെണ്‍മക്കള്‍ പോലും സുരക്ഷിതരല്ലാത്ത ഇതാണോ നിങ്ങളുദ്ദേശിച്ച ‘മികച്ച അന്തരീക്ഷം’?,” കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.
”നമ്മുടെ കായികതാരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്. അന്താരാഷ്ട്ര തലത്തിലെ പ്രകടനങ്ങളിലൂടെ അവര്‍ രാജ്യത്തിന് ബഹുമതികള്‍ കൊണ്ടുവരുന്നു.
ഗുസ്തി ഫെഡറേഷനും അതിന്റെ പ്രസിഡന്റിനുമെതിരെ കായികതാരങ്ങള്‍ ഗുരുതരമായ ലൈംഗിക പീഡനാരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്, അവരുടെ ശബ്ദം കേള്‍ക്കണം,” എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്.
हमारे खिलाड़ी देश की शान हैं। विश्व स्तर पर अपने प्रदर्शन से वे देश का मान बढ़ाते हैं। कुश्ती फेडरेशन व उसके अध्यक्ष पर खिलाड़ियों ने शोषण के गंभीर आरोप लगाए हैं। इन खिलाड़ियों की आवाज सुनी जानी चाहिए।
വനിതാ ഗുസ്തി താരങ്ങളെ ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത ഗുസ്തി താരം വിനേഷ് ഫൊഗട്ട് വെളിപ്പെടുത്തിയത്.
”നാഷണല്‍ ക്യാമ്പുകളില്‍ വെച്ച് കോച്ചുകളും ബ്രിജ് ഭൂഷണും വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കുമായിരുന്നു. നാഷണല്‍ കോച്ചുകളില്‍ പലരും വര്‍ഷങ്ങളായി ഇത്തരത്തില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരാണ്.
നാഷണല്‍ ക്യാമ്പുകളില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ട 20 പെണ്‍കുട്ടികളെയെങ്കിലും എനിക്കറിയാം. പലരും കരഞ്ഞുകൊണ്ട് പരാതി പറഞ്ഞതും എനിക്കറിയാം,” വിനേഷ് ഫൊഗട്ട് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ കേസര്‍ഗഞ്ചില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ബ്രിജ് ഭൂഷണ്‍.
ബുധനാഴ്ച ഉച്ച മുതല്‍ ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ലോകജേതാക്കളായ ഇന്ത്യന്‍ ഗുസ്തി താരങ്ങളടക്കമുള്ളവര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്നുണ്ട്. വിനേഷ് ഫൊഗാട്ടിന് പുറമെ സാക്ഷി മാലിക്, സംഗീത ഫൊഗട്ട്, സോനം മാലിക്, ബജ്‌രംഗ് പൂനിയ, അന്‍ഷു അടക്കം നിരവധി പേരാണ് സമരരംഗത്തുള്ളത്.
ഈ സമരത്തിനിടയിലാണ് വനിതാ ഗുസ്തിതാരങ്ങള്‍ക്കെതിരെ അതിക്രമം നടക്കുന്നുവെന്ന് വിനേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പേരില്‍ തന്റെ ജീവന്‍ വരെ അപകടത്തിലായേക്കാമെന്ന ഭയമുണ്ടെന്നും വിനേഷ് പറഞ്ഞിരുന്നു.
ഗുസ്തി താരങ്ങളുടെ ക്ഷേമം മുന്നില്‍ക്കണ്ടല്ല ഫെഡറേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനെതിരെയാണ് തങ്ങളുടെ സമരമെന്നുമാണ് ബജ്‌രംഗ് പൂനിയ പറഞ്ഞത്. ഇതിന് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും അതുകൊണ്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ക്ഷണിക്കാത്തതെന്നും ബജ്‌രംഗ് പറഞ്ഞു.
‘ഞങ്ങള്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുമ്പോള്‍ എല്ലാവര്‍ക്കും വലിയ ആഘോഷമാണ്. പക്ഷെ അതിനുശേഷം ഞങ്ങളോട് ഫെഡറേഷനടക്കം എങ്ങനെയാണ് പെരുമാറുന്നതെന്ന് ആരും അന്വേഷിക്കാറില്ല.
ഇത്രയും നാള്‍ മിണ്ടാതെയിരുന്ന് എല്ലാം സഹിച്ചു. ഫെഡറേഷന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ ഇനിയും മിണ്ടാതിരിക്കാനാകില്ല,’ പൂനിയ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ ഇടപെട്ട് തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും പ്രശ്നങ്ങള്‍ക്കുള്ള പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് വരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു.
Content Highlight: Is this the better environment for sports created by Modi govt?, asks Congress on Sexual harassment charge against WFI chief