മുംബൈ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തില്‍ മോദിസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി വീണ്ടും. മുംബൈയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവിനിടയിലായിരുന്നു ഇല്‍ത്തിജ കേന്ദ്രത്തിനെതിരെ സംസാരിച്ചത്.
‘ഇത് ഗാന്ധിയുടെ ഇന്ത്യയാണോ ഗോഡ്‌സെയുടെ ഇന്ത്യയാണോ?’ എന്ന് ഇല്‍ത്തിജ ചോദിച്ചു. സര്‍ക്കാര്‍ കശ്മീരിലെടുത്ത തീരുമാനം തിരിച്ചെടുക്കണമെന്നും ഇല്‍ത്തിജ ആവശ്യപ്പെട്ടു.
‘ഈ രാജ്യത്തു കൂടി സഞ്ചരിക്കാന്‍ നിങ്ങള്‍ക്ക് കര്‍ഫ്യൂ വേണമെന്ന് മുംബൈയിലിരുന്ന് ചിന്തിക്കാന്‍ കഴിയുമോ? ഒരു പൗരസമൂഹത്തില്‍ നിങ്ങള്‍ക്ക് ചര്‍ച്ചയുണ്ടാവും. കശ്മീരികളും അതിന്റെ ഭാഗമാകും.
നമുക്കാദ്യം വര്‍ത്തമാനകാലത്തെക്കുറിച്ച് സംസാരിക്കാം. നമുക്കാദ്യം മനുഷ്യത്വ പ്രതിസന്ധിയെക്കുറിച്ച്, സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്, മാനസിക പ്രതിസന്ധിയെക്കുറിച്ച്, മനുഷ്യര്‍ക്കേല്‍ക്കുന്ന പരിക്കുകളെക്കുറിച്ച് സംസാരിക്കാം.’- കശ്മീരികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇല്‍ത്തിജ പറഞ്ഞു.
നേരത്തേ കശ്മീരില്‍ തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വീട്ടുതടങ്കലിനെക്കുറിച്ച് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ഇല്‍ത്തിജ കത്തെഴുതിയിരുന്നു. സ്വാതന്ത്ര്യദിനത്തിലായിരുന്നു കത്ത്. കത്തില്‍ പറയുന്നതിങ്ങനെ-
‘എനിക്കു വേറൊരു വഴിയുമില്ലാത്തതിനാലാണ് ഈ കത്തെഴുതുന്നത്. എന്നെ തടവിലാക്കിയതിന്റെ കാരണം അന്വേഷിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണിത്.
എന്റെ മൗലികാവകാശങ്ങള്‍ക്കു വേണ്ടി ചോദ്യങ്ങളുന്നയിച്ചതിനാകരുത് എന്നെ ശിക്ഷിച്ചതും അറസ്റ്റ് ചെയ്തതും എന്നു ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
കശ്മീര്‍ കാര്‍മേഘങ്ങള്‍ക്കിടയില്‍ മുങ്ങിനില്‍ക്കുകയാണ്. ശബ്ദമുയര്‍ത്തുന്നവര്‍ അടക്കമുള്ള കശ്മീരിലെ ജനതയുടെ സുരക്ഷയോര്‍ത്ത് ഞാന്‍ ഭീതിയിലാണ്. ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തോടെ ഞങ്ങള്‍ കശ്മീരികള്‍ നിരാശയിലാണ്.
എന്റെ ഉമ്മ, മെഹ്ബൂബ മുഫ്തി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒരേദിവസം മറ്റു ജനപ്രതിനിധികളോടൊപ്പം തടവിലാക്കപ്പെട്ടിരിക്കുകയാണ്.
10 ദിവസം കഴിഞ്ഞിരിക്കുന്നു, ഈ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ട്. ഒരു ജനതയെ മുഴുവന്‍ തളര്‍ത്തുന്ന തരത്തില്‍ ആശയവിനിമയ സംവിധാനങ്ങളൊക്കെയും ഇല്ലാതാക്കിയതോടെ താഴ്വരയിലെ ജനങ്ങളാകെ ഭീതിയിലാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ അടിസ്ഥാനപരമായ മനുഷ്യാവകാശവും ഇല്ലായ്മ ചെയ്യപ്പെട്ട് മൃഗങ്ങളെപ്പോലെ കൂട്ടിലകപ്പെട്ടു കിടക്കുകയാണ്.
ഞാന്‍ എന്റെ വീട്ടില്‍ത്തന്നെയാണ് തടവിലാക്കപ്പെട്ടിരിക്കുന്നത്. സന്ദര്‍ശകര്‍ ഗേറ്റിനു മുന്‍പില്‍ വന്നശേഷം തിരിച്ചുപോകുന്ന കാര്യം ഞങ്ങള്‍ പോലും അറിയുന്നില്ല. എനിക്കാണെങ്കില്‍ പുറത്തിറങ്ങാനും സാധിക്കുന്നില്ല.
ഞാനിന്നുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ഭാഗമല്ല, മറിച്ച് നിയമം പഠിക്കുന്ന ഒരു പൗരയാണ്. എന്റെ തടവിനു കാരണമായി സുരക്ഷാ സൈനികര്‍ പറയുന്നത് വ്യത്യസ്ത ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പത്രങ്ങളിലും വന്നിട്ടുള്ള എന്റെ അഭിമുഖങ്ങളാണ്.
ഞാന്‍ വീണ്ടും സംസാരിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്ന ഭീഷണിയും എനിക്കു നേരെയുണ്ടായി. ഈ അഭിമുഖങ്ങളുടെ പ്രമേയം എന്തെന്നാല്‍ ആര്‍ട്ടിക്കിള്‍ 370-ന്റെ റദ്ദാക്കലും തുടര്‍ന്നുണ്ടായ നിരോധനാജ്ഞയുമാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്റെ ഉമ്മയുടെ സുരക്ഷയെ ഓര്‍ത്ത് ഞാന്‍ ആശങ്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഓഗസ്റ്റ് അഞ്ചിന് ജയിലിലാക്കപ്പെട്ട രാഷ്ട്രീയത്തടവുകാരെക്കുറിച്ചോര്‍ത്തും.
എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ശബ്ദം അടിച്ചമര്‍ത്തപ്പെട്ട കശ്മീരികള്‍ക്കു വേണ്ടി സംസാരിച്ചതിന് എന്തിനാണു ഞാന്‍ തടവിലാക്കപ്പെട്ടതെന്ന് എനിക്കു മനസ്സിലാക്കാനായിട്ടില്ല. ഞങ്ങള്‍ നേരിടുന്ന വേദനയും പീഡനവും അവജ്ഞയും പ്രകടിപ്പിക്കുന്നത് ഒരു തെറ്റാണോ?
ഞങ്ങളുടെ അവസ്ഥ വിശദീകരിച്ചതിനാണോ ഈ തടവ്? എന്നെ തടവിലാക്കിയ നിയമം എന്താണെന്നും അതെത്രനാള്‍ തുടരുമെന്നും ഒന്നു ദയവുചെയ്തു പറയുമോ? നിയമസഹായത്തിലേക്കു ഞാന്‍ പോകേണ്ടതുണ്ടോ?
വളരെയധികം ശ്വാസംമുട്ടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട് ഞാന്‍. എന്റെ പ്രായമായ ഉമ്മൂമ്മയ്ക്ക് അവരുടെ മകനെ കാണാന്‍ അനുമതി നല്‍കണമെന്നു ഞാന്‍ അപേക്ഷിക്കുകയാണ്. അതോ അവരും നിങ്ങള്‍ക്കു ഭീഷണിയാണോ?
സങ്കല്‍പ്പിക്കാനാവാത്ത അടിച്ചമര്‍ത്തലിനുള്ളില്‍ ശബ്ദിക്കാനുള്ള അവകാശം പോലും നഷ്ടപ്പെട്ടാണോ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം നില്‍ക്കേണ്ടത്? സത്യമേവ ജയതേ, സത്യം മാത്രം ജയിക്കട്ടെ എന്ന്. അതാണു നമ്മുടെ രാജ്യത്തിന്റെ ആവേശവും ഭരണഘടനയും.
സുഖകരമല്ലാത്ത സത്യം പറഞ്ഞതിന് ഒരു യുദ്ധക്കുറ്റവാളിയെപ്പോലെ എന്നെ കാണുന്നത് ശരിക്കും ഒരു പരിതാപകരമായ വിരോധാഭാസമാണ്.
ഈ കത്ത് പോസ്റ്റ് ചെയ്യാത്തതില്‍ മാപ്പ് ചോദിക്കുന്നു. കാരണം, നിങ്ങള്‍ ജമ്മു കശ്മീരിലെ പോസ്റ്റല്‍ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണല്ലോ.’
ചിത്രത്തിന് കടപ്പാട്: ഇന്ത്യാ ടുഡേ