ന്യൂദല്‍ഹി: ജി20 ഉച്ചകോടിക്ക് അനുബന്ധമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ക്ഷണിച്ച അത്താഴവിരുന്നില്‍ പങ്കെടുത്ത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തീരുമാനം ചോദ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. മമതയുടെ നടപടി നരേന്ദ്രമോദിക്ക് എതിരായ അവരുടെ നിലപാടിനെ ദുര്‍ബലപ്പെടുത്തുമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. ‘ബി.ജെ.പി ഇതര സര്‍ക്കാരിലെ പല മുഖ്യമന്ത്രിമാരും മുര്‍മുവിന്റെ അത്താഴവിരുന്നില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ദീദി (മമത) ഒരു ദിവസം മുമ്പേ അവിടേക്ക് പോയി.
കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഒപ്പം ഒരു മുറിയിലിരുന്ന് ഭക്ഷണം കഴിച്ചു. ഈ നേതാക്കള്‍ക്കൊപ്പം അത്താഴം കഴിക്കാനായി ദല്‍ഹിയിലേക്ക് പോകാന്‍ മമതയെ പ്രേരിപ്പിച്ചതെന്താണെന്നാണ് എന്റെ സംശയം,’ ചൗധരി പറഞ്ഞു.
എന്നാല്‍ ചൗധരിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പി ഇതര സഖ്യത്തിലെ പ്രധാനിയാണ് മമതയെന്നും അവരെ കോണ്‍ഗ്രസ് നേതാവ് ചട്ടം പഠിപ്പിക്കേണ്ടതില്ലെന്നും തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു.
ഇന്ത്യ സഖ്യത്തിന്റെ മുഖ്യ ശില്‍പികളില്‍ ഒരാളാണ് മമതയെന്നും അവരുടെ പ്രതിബദ്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും തൃണമൂല്‍ രാജ്യസഭ എം.പി ശന്തനു സെന്‍ പറഞ്ഞു.
‘ജി20യിലെ ചട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മമത ബാനര്‍ജി അത്താഴവിരുന്നില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് ചൗധരി തീരുമാനിക്കേണ്ടതില്ല,’ സെന്‍ പറഞ്ഞു.
Content Highlight: Is there any other reason behind attending the G20 dinner; Adhir Ranjan Chowdhury against Mamatha Banerji