| Sunday, 14th April 2024, 3:30 pm

ഇന്ന് ഏഴ് ജില്ലകളില്‍, അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തുടനീളം; കേരളത്തില്‍ മഴ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ മഴ മുന്നറയിപ്പുമായി കേന്ദ്രകാലാവസ്ഥാവകുപ്പ്. ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിലും അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തുടനീളവും വേനല്‍മഴക്ക് സാധ്യതയുള്ളതായാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് പുറത്തിറിക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

നാളെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും 16ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, വയനാട് ജില്ലകളിലും മഴപെയ്യാന്‍ സാധ്യതയുണ്ട്. 18ാം തിയ്യതി വ്യാഴാഴ്ച സംസ്ഥാനത്തുടനീളം മഴപെയ്യാനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേ സമയം സംസ്ഥാനത്ത് ഇടിമിന്നല്‍മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്രകാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചിലസമയത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതിയലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതേസമയം കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ ലഭിച്ചത് കനത്ത ചൂടില്‍ നിന്നും ആശ്വാസമായിരുന്നു.

CONTENT HIGHLIGHTS: Is there a possibility of summer rains in Kerala?

We use cookies to give you the best possible experience. Learn more