ബെംഗളൂരു: കര്‍ണാടകത്തിലെ സര്‍ക്കാരിന്റെ ഭാവി തുലാസിലായിരിക്കവെ ഇനിയെന്ത് എന്ന ആശങ്കയിലാണ് മൂന്ന് പാര്‍ട്ടികളും. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരും ബി.ജെ.പിയും തങ്ങള്‍ക്കു ഭൂരിപക്ഷം തെളിയിക്കാനാവുമെന്നാണ് ഇപ്പോഴും അവകാശപ്പെടുന്നത്.
വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കറോട് മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം കണക്കുകളില്‍ കൂറുമാറിയ എം.എല്‍.എമാരെക്കൂടി ചേര്‍ക്കുമ്പോള്‍ ബി.ജെ.പിക്ക് അധികാരത്തിലേറാനുള്ള ഭൂരിപക്ഷം ലഭിക്കും. എന്നാല്‍ ബി.ജെ.പിയിലും കരിങ്കാലികളുണ്ടെന്നും തങ്ങള്‍ ജയിക്കുമെന്നുമാണു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ അവകാശപ്പെടുന്നത്.
വിശ്വാസ വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യം വന്നാലാണ് സ്ഥിതി ഗുരുതരമാകുന്നത്. ഗവര്‍ണര്‍ക്കു വേണമെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സാധിക്കും.
ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കേന്ദ്രം വഴി സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയാവും ബി.ജെ.പിയുടെയും ലക്ഷ്യം. അതിനുള്ള സൂചനകളെന്നോണം രാഷ്ട്രപതിഭരണത്തെക്കുറിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ സംസാരിച്ചുതുടങ്ങിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അധികാരത്തില്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ വരുമെന്ന കാര്യം പരമാവധി ഉറപ്പുവരുത്താനാണ് ഗവര്‍ണര്‍ക്ക് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനുശേഷം മാത്രമേ രാഷ്ട്രപതി ഭരണത്തെക്കുറിച്ച് ആലോചിക്കാനാവൂ.
വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെ.ഡി.എസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കര്‍ണാടക സ്പീക്കര്‍ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ഭരണഘടന പരമായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ചട്ടം 190 (3) ബി അടക്കം, സ്പീക്കറുടെ അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന എല്ലാ ഭരണഘടനപരമായ വിഷയങ്ങളും വിശദമായി പരിശോധിക്കും.
രാജി നല്‍കിയ എം.എല്‍.എമാര്‍ അയോഗ്യത നേരിടുന്നവരാണെന്ന് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി പറഞ്ഞു. എന്നാല്‍ സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു എം.എല്‍.എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയുടെ ആവശ്യം.
സ്പീക്കര്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചെന്ന് വിമത എംഎല്‍എമാര്‍ വാദമുയര്‍ത്തിയിരുന്നു. നിയമസഭയുടെ അധികാരപരിധി സംബന്ധിച്ചല്ല കേസ്. രാജി മാത്രമാണ് വിഷയമെന്നും റോത്തഗി പറഞ്ഞിരുന്നു.
എന്നാല്‍ സ്പീക്കര്‍ അധികാരം ചോദ്യംചെയ്തിട്ടില്ലന്ന് സ്പീക്കര്‍ക്കു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി വ്യക്തമാക്കി. അയോഗ്യരാക്കപ്പെടാതിരിക്കാന്‍ മാത്രമാണ് വിമത എം.എല്‍.എമാര്‍ രാജിനല്‍കിയത്.
ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിനാണ് സ്പീക്കറുടെ അഭിഭാഷകന്റെ മറുപടി. രാജിക്കത്ത് ലഭിച്ചാലുടന്‍ തീരുമാനമെടുക്കാനാവില്ല, എം.എല്‍.എമാര്‍ സ്വമേധയാ രാജിവച്ചതാണോ എന്ന് പരിശോധിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടന്നും സിങ്വി കോടതിയെ ബോധിപ്പിച്ചു.