തിരുവനന്തപുരം: അധികാര മോഹത്താല്‍ എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് മുസ്‌ലിം ലീഗ് നേതൃത്വം എത്തിയിരിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ബി.ജെ.പി അല്ല സി.പി.ഐ.എം ആണ് ശത്രു എന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ഇത് വ്യക്തമാക്കുന്നതാണെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കാന്‍ മുസ്‌ലിം ലീഗ് തന്നെ മുന്നിട്ടിറങ്ങുമെന്നതിന്റെ വിളംബരമാണ് ഇതെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കെ.ടി ജലീലിനും എല്‍.ഡി.എഫ് സര്‍ക്കാരിനുമെതിരെ നടത്തുന്ന ഖുര്‍ ആന്‍ വിരുദ്ധ യു.ഡി.എഫ്- ബി.ജെ.പി പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങുമെന്നത് നിസ്തര്‍ക്കമാണെന്നും ‘അവഹേളനം ഖുര്‍ആനോടോ?’ എന്ന ലേഖനത്തില്‍ കോടിയേരി പറഞ്ഞു.
യു.ഡി.എഫ് കണ്‍വീനറും ബി.ജെ.പി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ വിളിച്ചുവരുത്തി മൊഴി എടുത്തതെന്നും ലേഖനത്തില്‍ പറയുന്നു.
” ഈ വിഷയത്തില്‍ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ഖുര്‍ആന്‍ ഒരു നിരോധിത മത ഗ്രന്ഥമാണോ?ഇന്ത്യയില്‍ മോദി ഭരണമുള്ളതുകൊണ്ട് റമദാന്‍ കിറ്റും ഖുര്‍ആന്‍ വിതരണവും രാജ്യദ്രോഹമാണെന്ന് സര്‍ക്കാര്‍ കല്‍പ്പനയുണ്ടായിട്ടുണ്ടോ?” അദ്ദേഹം ചോാദിച്ചു.
കോടാനുകോടി വിശ്വാസികളായ മുസ്‌ലിങ്ങള്‍ വിശുദ്ധഗ്രന്ഥമായി കാണുന്ന ഖുര്‍ആനോട് ആര്‍.എസ്.എസിനും ബി.ജെ.പിക്കുമുള്ള വിരോധം മറയില്ലാത്തതാണെന്നും ഖുര്‍ആനോട് ആര്‍.എസ്.എസിനെ പോലെ ഒരു അലര്‍ജി മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനും എന്തിനാണെന്നും കോടിയേരി ചോദിച്ചു. വരുന്ന അഞ്ച് വര്‍ഷവും അധികാരത്തില്‍ നിന്ന് പുറത്തായാല്‍ ഉണ്ടാകുന്ന മനോവിഭ്രാന്തിയില്‍ ഖുര്‍ആന്‍ വിരുദ്ധ ആര്‍.എസ്.എസ് പ്രക്ഷോഭത്തിന് തീ പകരുകയാണ് മുസ്‌ലിം ലീഗെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
സ്വര്‍ണക്കടത്തിന്റെ പേര് പറഞ്ഞ് എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ നടത്തുന്ന അരാജക സമരത്തിന്റെ അര്‍ത്ഥശൂന്യത കേരളീയര്‍ മനസ്സിലാക്കുന്നുണ്ടെന്നും ഖുര്‍ആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എല്‍.ഡി.എഫ് എതിര്‍ക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കാന്‍ പാടില്ല എന്നതുകൊണ്ടാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു. ഖുര്‍ആനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്യൂണിസ്റ്റുകാര്‍ക്ക് ഒരേസമീപനമാണെന്നും കോടിയേരി വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക