| Sunday, 29th March 2020, 9:17 pm

ഇന്ത്യയില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഭരണഘടനാപരമാണോ?

സഞ്ജയ് ഘോഷ്‌

വിവര്‍ത്തനം: നീതു ദാസ്

ഒരു മുന്നറിയിപ്പോടുകൂടി തുടങ്ങുന്നതാണ് എപ്പോഴും സുരക്ഷിതം. രണ്ട് മുന്നറിയിപ്പുകളാണ് എനിക്ക് നല്‍കാനുള്ളത്. ഒന്നാമതായി, ഇതൊരു തുടര്‍ച്ചയാണ്. ഇതുപോലൊരു മഹാമാരിയെ എങ്ങനെ ഭരണഘടനാപരമായ വ്യവസ്ഥയില്‍ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് കഴിഞ്ഞ ആഴ്ച ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. രണ്ടാമതായി, ഇതില്‍ പരിഭ്രമിക്കേണ്ടതായുള്ള കാര്യങ്ങളൊന്നുമില്ല. നമ്മളെ സംരക്ഷിക്കാനായി ഒരുക്കപ്പെട്ടതെല്ലാം നിയമവിധേയമായ കാര്യങ്ങള്‍ ആയിരിക്കില്ലെന്ന് നമുക്ക് ബോദ്ധ്യപ്പെട്ടാലും അക്കാര്യത്തില്‍ കോടതി എന്തെങ്കിലും ഇടപെടല്‍ നടത്താനുള്ള സാധ്യത വിരളമാണ്.

ലോക്ക്ഡൗണിന് ശേഷം വുഹാനിലേക്ക് ഉല്ലാസയാത്ര പോകാന്‍ നിങ്ങള്‍ തീരുമാനിക്കാനുള്ള സാധ്യതയുടെ അത്രയും സാധ്യത മാത്രമേ അതിനുള്ളൂ. വാസ്തവത്തില്‍ നമ്മുടെ കോടതികളും അതിന്റെ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്നിരുന്ന സംവിധാനങ്ങള്‍ പോലും അപ്രതീക്ഷിതമായ ഈ ദേശീയ പ്രതിസന്ധിയുടെ ഫലമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

വെര്‍ജീനിയന്‍ സര്‍വ്വകലാശാലയില്‍ നിയമവിഷയത്തിലെ പ്രൊഫസറായ മിലാ വെര്‍സ്റ്റീഗ് ദി അറ്റ്ലാന്റിക്കില്‍ എഴുതിയത് യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് സംശയമുണ്ടെങ്കിലും അതിന് ജനങ്ങളുടെ കൂടി പിന്തുണ ഉണ്ടെന്നാണ്. ഭയം കാരണം ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ട ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ സ്വമേധയാ തയ്യാറാവുകയാണ്.

ഇതൊരു പുതിയ പ്രതിഭാസമല്ല. വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയുണ്ടാക്കിയ ഒരു അന്തരീക്ഷത്തില്‍, സ്വാതന്ത്ര്യങ്ങളുടെ നാടെന്നറിയപ്പെടുന്ന അമേരിക്കയില്‍, ആഭ്യന്തര സുരക്ഷയുടെ പേരില്‍ പൈശാചികമായ പാട്രിയറ്റ് നിയമത്തെ ജനങ്ങള്‍ സ്വമേധയാ സ്വീകരിക്കാന്‍ തയ്യാറായത് പലര്‍ക്കും ഓര്‍മ്മയുണ്ടാകും. അതുകൊണ്ടുതന്നെ, രാജ്യത്തെല്ലാവരെയും വീട്ടുതടങ്കലില്‍ ആക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ ജനങ്ങള്‍ക്കോ ഒരു എതിര്‍പ്പുമില്ലെങ്കില്‍ക്കൂടിയും ഇത്തരത്തിലൊരു നടപടി ഭരണഘടനാനുസൃതമാണോ അല്ലെയോ എന്ന് പരിശോധിക്കുന്നതിന് അത് തടസ്സമാകേണ്ടതുണ്ടോ?

യഥാര്‍ത്ഥത്തിലുള്ള അടിയന്തരാവസ്ഥാ നിബന്ധനകളും ഇന്ദിരയുടെ ദുരുപയോഗവും

ഇന്ത്യന്‍ ഭരണഘടനയിലെ 352ാം അനുച്ഛേദം, 1978ല്‍ ഭേദഗതി ചെയ്യുന്നതിന് മുമ്പ്, മൂന്ന് അവസ്ഥകളില്‍ മാത്രമേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അനുമതി നല്‍കിയിരുന്നുള്ളൂ. യുദ്ധം, പുറത്തുനിന്നുള്ള ആക്രമണങ്ങള്‍, ആഭ്യന്തരമായ സംഘര്‍ഷങ്ങള്‍ അഥവാ അസ്വസ്ഥതകള്‍ എന്നിവയാണ് അത്.

1971ലെ ബംഗ്ലാദേശ് യുദ്ധക്കാലത്ത് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 1975 ജൂണില്‍ സുപ്രീം കോടതിയില്‍ ഒരു സുപ്രധാന ഹിയറിങ് നടക്കുന്ന സമയം വരേക്കും വളരെ നിഗൂഢമായ കാരണങ്ങളാല്‍ പിന്‍വലിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. സുപ്രീം കോടതി അവധിക്കാല ജഡ്ജിയായ വി. ആര്‍. കൃഷ്ണയ്യര്‍ ഒറ്റയ്ക്ക് നാനി പല്‍ക്കിവാല ഇന്ദിരാഗാന്ധിക്ക് വേണ്ടി നടത്തിയ വാദങ്ങള്‍ തിങ്ങിനിറഞ്ഞ കോടതിമുറിയില്‍ ഒരു ദിവസം മുഴുവന്‍ ഇരുന്ന് കേള്‍ക്കുകയായിരുന്നു.

ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയും പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുകയും ചെയ്ത അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലില്‍ ആയിരുന്നു ഹിയറിങ്ങ് നടന്നിരുന്നത്. എല്ലാ വാദങ്ങളും അനുവദിച്ചുകൊടുക്കുന്ന തരത്തില്‍ പൂര്‍ണ്ണമായ ഒരു സ്റ്റേ അന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ നല്‍കിയില്ല. ഇന്ദിരാഗാന്ധിയെ സഭയ്ക്കകത്ത് പങ്കെടുക്കാന്‍ അനുവദിക്കുകയും എന്നാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരിക്കുകയുമാണ് അന്ന് ജസ്റ്റിസ് ചെയ്തത്. ‘ആഭ്യന്തര സംഘര്‍ഷം’ എന്ന ന്യായത്തിന്റെ പുറത്താണ് അന്ന് അര്‍ദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.

ഒരു അടിയന്തരാവസ്ഥാ പ്രഖ്യാപനം നിലനില്‍ക്കെത്തന്നെ മറ്റൊന്ന് പ്രഖ്യാപിക്കാന്‍ കഴിയുമോ അല്ലെങ്കില്‍ അതിന്റെ ആവശ്യമുണ്ടോ എന്നത് സംബന്ധിച്ച് ഭരണഘടന ഒന്നും പറയുന്നില്ല. (360ാം അനുച്ഛേദം പ്രകാരമുള്ള സാമ്പത്തിക അടിയന്തരാവസ്ഥയുടെ കാര്യത്തില്‍ ഇത് ബാധകമല്ല.)

അതിന് ശേഷമാണ് കുപ്രസിദ്ധമായ എ.ഡി.എം ജബല്‍പൂര്‍ കേസ് നടന്നത്. അന്ന് രാത്രിയോടെ മിക്ക പ്രതിപക്ഷ നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. അവരില്‍ പലരും പുറത്തിറങ്ങാനുള്ള ഹെബിയസ് കോര്‍പസ് ഉത്തരവ് പല ഹൈക്കോടതികളില്‍ നിന്നായി നേടുകയും ചെയ്തു. ഈ കേസുകള്‍ സുപ്രീം കോടതിയുടെ ഒരു ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് എത്തിപ്പെട്ടത്.

അടിയന്തരാവസ്ഥക്കാലത്ത് ജീവിക്കാനുള്ള അവകാശം പോലും റദ്ദുചെയ്യാമെന്ന ഇന്ദിരാ സര്‍ക്കാരിന്റെ വാദത്തെ പ്രതിരോധിക്കാന്‍ അന്നത്തെ അറ്റോര്‍ണി ജനറല്‍ നിരെന്‍ ഡേ അത്രയ്ക്ക് താത്പര്യം കാണിച്ചിരുന്നില്ല. ഡേയുടെ ബ്രിട്ടീഷുകാരിയായ ഭാര്യക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള അവകാശം പിന്‍വലിക്കുമെന്ന പരോക്ഷമായ സൂചനയുടെ പുറത്താണ് അന്ന് അദ്ദേഹം കോടതിയില്‍ ഹാജരായതെന്ന് പറയപ്പെടുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ഒരു വ്യക്തിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയാല്‍, അത് തങ്ങളുടെ മുന്നില്‍വെച്ചാണെങ്കില്‍പ്പോലും ന്യായാധിപന്മാര്‍ നിസ്സഹായരായിരിക്കുമെന്ന കാര്യം മുന്‍നിര്‍ത്തി മറ്റ് ജഡ്ജിമാരെ ബോദ്ധ്യപ്പെടുത്താന്‍ കഴിവിന്റെ പരമാവധി താന്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം പിന്നീട് അവകാശപ്പെട്ടിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, ഭൂരിപക്ഷം ജഡ്ജിമാരും അപകടം വിളിച്ചുവരുത്താനുള്ള പേടികൊണ്ട് അനുകൂലിക്കുകയാണ് ചെയ്തത്.

ജസ്റ്റിസ് ഖന്നയുടെ പ്രശസ്തമായ വിയോജനക്കുറിപ്പില്‍ അദ്ദേഹം പറയുന്നത് ജീവിക്കാനുള്ള അവകാശമെന്നത് ഒരു സ്വാഭാവിക അവകാശമാണെന്നും ഭരണഘടനയ്ക്കും മുകളില്‍ ഹെബിയസ് കോര്‍പ്പസിന് സ്ഥാനമുണ്ടെന്നുമാണ്. അതുകൊണ്ട് തന്നെ, ജീവിക്കാനുള്ള അവകാശവും നിയമവിരുദ്ധമായ തടവിനെതിരെ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിക്കുന്നതും അടിയന്തരാവസ്ഥക്കാലത്താണെങ്കില്‍പ്പോലും റദ്ദ് ചെയ്യാന്‍ കഴിയില്ല. പക്ഷേ വിവേകത്തോടെ സംസാരിച്ച ഏക ശബ്ദം അദ്ദേഹത്തിന്റേതായിരുന്നു. ഭൂരിപക്ഷത്തിന്റെ അഭിപ്രായം വിജയിക്കുകയും ചെയ്തു.

എ.ഡി.എം ജബല്‍പൂര്‍ കേസ് കുഴിച്ചുമൂടുന്നതിനായി അടുത്തകാലത്ത് കോടതി കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ 1978ല്‍ 44ാമത് ഭരണഘടനാ ഭേദഗതിയിലൂടെ ജനതാ സര്‍ക്കാര്‍ അത് ആദ്യമേ ചെയ്തുകഴിഞ്ഞിട്ടുണ്ടായിരുന്നു. ‘ആഭ്യന്തര സംഘര്‍ഷം’ എന്ന പ്രയോഗത്തിന് പകരം ‘സായുധ കലാപം’ എന്നത് ചേര്‍ക്കുക മാത്രമല്ല മൊറാര്‍ജി ദേശായീ സര്‍ക്കാര്‍ ചെയ്തത്.

ജിവിക്കാനുള്ള അവകാശവും (21ാം അനുച്ഛേദം), ഒരേ കുറ്റത്തിന് ഒന്നില്‍ക്കൂടുതല്‍ തവണ ശിക്ഷിക്കുന്നതിനും സ്വയം സാക്ഷി പറയാന്‍ നിര്‍ബന്ധിക്കുന്നതിനും എതിരായ അവകാശവും (20ാം അനുച്ഛേദം) അടിയന്തരാവസ്ഥക്കാലത്ത് പോലും പിന്‍വലിക്കാന്‍ കഴിയില്ലെന്ന് 359ാം അനുച്ഛേദത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

സര്‍ക്കാരിന്റെ മൂന്ന് പ്രത്യേക അധികാര മേഖലകള്‍ തമ്മിലുള്ള സൂക്ഷ്മമായ വേര്‍തിരിവും അതുപോലെ തന്നെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള അധികാര വേര്‍തിരിവുകളും നിയമാനുസൃതമായി ഇല്ലാതാക്കാന്‍ ഭരണഘടന അനുമതി നല്‍കുന്നത് അടിയന്തരാവസ്ഥക്കാലത്ത് മാത്രമാണ്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണനിര്‍വ്വഹണ നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അധികാരം ഭരണഘടന കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നുണ്ട്. കൂടാതെ പൊതു ആരോഗ്യം, ക്രമസമാധാനം, പോലീസ് തുടങ്ങി സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വരുന്ന മേഖലകളില്‍ നിയമസഭകള്‍ക്ക് നിര്‍ദേശം നല്‍കാനുള്ള അധികാരവും അടിയന്തരാവസ്ഥയില്‍ കേന്ദ്രത്തിന് ഭരണഘടന അനുവദിക്കുന്നു. അതല്ലാത്ത സമയത്ത് സംസ്ഥാന വിഷയങ്ങളില്‍ ഇടപെടാന്‍ കേന്ദ്രത്തിന് വളരെ നിയന്ത്രിതമായ അധികാരം മാത്രമേയുള്ളൂ.

സാധാരണ സമയങ്ങളില്‍ പോലും പാര്‍ലമെന്റ് നിയമങ്ങള്‍ എങ്ങനെ നടപ്പിലാക്കണമെന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് 256ാം അനുച്ഛേദത്തില്‍ പറയുന്നുണ്ട്. 257ാം അനുച്ഛേദം പറയുന്നത് കേന്ദ്രത്തിന്റെ ഭരണനിര്‍വ്വഹണാധികാരത്തിന് തടസ്സം നില്‍ക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ ഭരണനിര്‍വ്വഹണാധികാരം പ്രയോഗിക്കരുതെന്നാണ്.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കാനുള്ള അധികാരവും കേന്ദ്രത്തിനുണ്ട്. ”പുറത്തുനിന്നുള്ള ആക്രമണങ്ങളില്‍” നിന്നും ”ആഭ്യന്തരമായ സംഘര്‍ഷങ്ങളില്‍” നിന്നും സംസ്ഥാന സര്‍ക്കാരുകളെ സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ദൗത്യം കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന ഒന്നാണ് 355ാം അനുച്ഛേദം. (ഭരണഘടനാ ശുദ്ധീകരണ സമയത്ത് ജനതാ പാര്‍ട്ടി ഒരുപക്ഷേ വിട്ടുപോയ ഒന്നായിരിക്കാം ഇത്.)

‘കൊറോണവൈറസ് കാരണമുണ്ടായ പകര്‍ച്ചവ്യാധി’ എന്നതിനെ ‘ആഭ്യന്തര സംഘര്‍ഷം’ എന്ന ഗണത്തില്‍ തര്‍ക്കമില്ലാതെ ഉള്‍പ്പെടുത്താന്‍ കഴിയുമായിരിക്കാം. എന്നാല്‍ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രാപ്തമാക്കുന്ന തരത്തില്‍ 352ാം അനുച്ഛേദത്തില്‍ പറയുന്ന മൂന്ന് സാഹചര്യങ്ങളില്‍ ഇത് പെടില്ലെന്നത് തീര്‍ച്ചയാണ്. 19ാം അനുച്ഛേദം പ്രകാരമുള്ള പൗരസ്വാതന്ത്ര്യം അടക്കമുള്ള മൗലികാവകാശങ്ങള്‍ റദ്ദാക്കാനോ സംസ്ഥാനങ്ങളുടെ ഭരണനിര്‍വ്വഹണത്തിനും നിയമനിര്‍മ്മാണത്തിനും ഉള്ള അധികാരങ്ങള്‍ നിയന്ത്രിക്കാനോ കേന്ദ്രത്തിന് കഴിയില്ല.

രണ്ട് നൂറ്റാണ്ടുകള്‍, രണ്ട് നിയമങ്ങള്‍

ഈയൊരു ഭരണഘടനാക്രമത്തിന് അകത്തുനിന്ന് നോക്കുമ്പോള്‍ കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്നതിനുള്ള നിയമപരമായ അടിത്തറ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നത് രണ്ട് നിയമങ്ങളാണ്. 1897ലെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അഥവാ എപിഡെമിക് ഡിസീസ് ആക്ട് (ഇഡിഎ), 2005ലെ ദുരന്ത നിവാരണ നിയമം അഥവാ ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമം (ഡിഎംഎ) എന്നിവയാണ് അത്.

ഈ രണ്ട് നിയമങ്ങളും സര്‍ക്കാരിന് മതിയായ അധികാരങ്ങള്‍ നല്‍കുന്ന പശ്ചാത്തലത്തില്‍ ഭരണഘടനയിലെ അടിയന്തരാവസ്ഥാ വ്യവസ്ഥകളിലേക്ക് കടക്കേണ്ടുന്ന ആവശ്യം യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന് ഇല്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രണ്ട് നിയമങ്ങളെയും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.

പത്തൊമ്പതാം നുറ്റാണ്ടില്‍, വ്യക്തികളുടെ മൗലികാവകാശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഭരണഘടന നിലവില്‍ ഇല്ലാതിരുന്ന കാലത്ത്, അതിന്റെ നിയന്ത്രണമില്ലാതെ ഒരു കൊളോണിയല്‍ ഭരണകൂടം ദയാരഹിതമായ ഭരണസംവിധാനങ്ങളിലൂടെ നടപ്പിലാക്കിയ നിയമമാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം.

കൂടുതല്‍ സൂക്ഷ്മപരിശോധനയില്‍ ഈ നിയമം രാജ്യം മുഴുവനായോ അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും പ്രദേശത്തോ ഒരു പകര്‍ച്ചവ്യാധി അപകടകരമാംവിധം പടരുന്ന സാഹചര്യത്തെ നേരിടാനുള്ള ഒന്നാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുക. നിയമത്തിന്റെ സാധാരണമായ വ്യവസ്ഥകള്‍ ഇത്തരമൊരു അവസ്ഥയെ നേരിടാന്‍ പര്യാപ്തമല്ലെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം.

പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നതും അത് പടരുന്നതും തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഏതെങ്കിലും വ്യക്തിക്ക് അധികാരം നല്‍കാനുള്ള വ്യവസ്ഥ ഈ നിയമത്തിന് അകത്തുണ്ട്. പൊതുവിജ്ഞാപനത്തിലൂടെ നിര്‍ദേശിക്കുന്ന താത്കാലിക നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ട്. ഇതിന് വരുന്ന ചെലവുകള്‍, നഷ്ടപരിഹാരമുള്‍പ്പെടെ, ഏത് തരത്തില്‍ ആര് വഹിക്കണമെന്നത് സംബന്ധിച്ച തീരുമാനമെടുക്കാനും ഈ വ്യക്തിക്ക് അധികാരമുണ്ടായിരിക്കും.

എന്നിരുന്നാലും ഈ അധികാരം നിലനില്‍ക്കുന്ന മറ്റേതെങ്കിലും നിയമം ലംഘിക്കാനായി ഉപയോഗിക്കാന്‍ അധികാരമില്ല. നമ്മുടെ ഭരണഘടനാ സംവിധാനം പ്രകാരം ഇന്ത്യ റിപബ്ലിക് ആകുന്നതിന് മുമ്പുള്ള നിയമങ്ങള്‍ക്ക് ഭരണഘടനയുടെ അഗ്‌നി പരീക്ഷ വിജയിച്ചാല്‍ മാത്രമേ നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. ഇതുവരേക്കും, ഇഡിഎ നിയമമോ അതിന്റെ കീഴില്‍ കൈക്കൊണ്ട നടപടികളോ ഇത്തരത്തില്‍ ഒരു അഗ്‌നിപരീക്ഷക്ക് വിധേയമായിട്ടില്ല. മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഈ നിയമത്തിന് കീഴില്‍ കേന്ദ്ര സര്‍ക്കാരിനുള്ള അധികാരം തുറമുഖങ്ങളില്‍ കപ്പല്‍ വരുന്നതും ചലിക്കുന്നതും നിയന്ത്രിക്കുന്നതില്‍ മാത്രം ഒതുക്കപ്പെട്ടിട്ടുണ്ട്.

എന്താണ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമം?

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിയമമാണ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമം അഥവാ ദുരന്ത നിവാരണ നിയമം. ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ അധികാരികളെ നിയമിക്കാനാണ് ഈ നിയമം നിഷ്‌കര്‍ഷിക്കുന്നത്.

ആ പദ്ധതി എങ്ങനെയായിരിക്കണമെന്ന് വിശദീകരിക്കുന്നത് നിയമത്തിന്റെ 11ാം വകുപ്പിലെ 3ാം ഉപവകുപ്പിലാണ്. രോഗം ശമിപ്പിക്കുന്നതിനുള്ള നടപടികളും അതിനുള്ള തയ്യാറെടുപ്പുകളും കാര്യപ്രാപ്തിയും പരിശോധിക്കുന്നതിനാണ് ഈ വകുപ്പ്. പരിഹാരത്തിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ ആയിരിക്കണമെന്ന് നിശ്ചയിക്കാനുള്ള അധികാരം 19ാം വകുപ്പ് പ്രകാരം സംസ്ഥാന അധികാരിക്കാണ്.

ഭീഷണിയായി നില്‍ക്കുന്ന ഒരു ദുരന്തത്തെ നേരിടാനായി നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാനുള്ള അധികാരവും 22(2)(എച്ച്) വകുപ്പ് സംസ്ഥാന അധികാരിക്ക് നല്‍കുന്നുണ്ട്. ബാധിക്കപ്പെട്ടതോ ബാധിക്കാന്‍ സാധ്യതയുള്ളതോ ആയ പ്രദേശത്തിനകത്തോ അവിടെ നിന്നോ ജനങ്ങളുടെയും വാഹനങ്ങളുടെയും ചലനം നിയന്ത്രിക്കാനോ തടയാനോ ഉളള അധികാരം 24, 34 വകുപ്പ് പ്രകാരം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ക്കും ജില്ലാ അധികാരികള്‍ക്കുമാണ്.

അത്തരത്തിലുള്ള സാഹചര്യത്തില്‍ ആവശ്യമായ എന്ത് നടപടികളും സ്വീകരിക്കാനുള്ള അധികാരവും അവര്‍ക്കുണ്ട്. ആളുകളെ രക്ഷപ്പെടുത്താനും ഒഴിപ്പിക്കാനും, ജീവന്‍ രക്ഷക്കായുള്ള അടിയന്തിര പരിഹാരങ്ങള്‍ എടുക്കുന്നതിനും ഉള്ള നടപടികള്‍ എടുക്കുന്നതിനായി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അധികാരവും അവര്‍ക്കുണ്ട്.

ജില്ലാ തലത്തിലും ഇതേ മാതൃകയില്‍ പ്രവര്‍ത്തിക്കാനുള്ള അധികാരം നല്‍കുന്നതാണ് 30ാം വകുപ്പ്. വാഹനങ്ങള്‍ നിയന്ത്രിക്കാനും തടയാനും ആവശ്യമായ മറ്റ് നടപടികള്‍ സ്വീകരിക്കാനും ജില്ലാ അധികാരികള്‍ക്ക് അധികാരം നല്‍കുന്നത് 34ാം വകുപ്പാണ്. വിവിധ അധികാരികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും സേനയെ വിന്യസിക്കുന്നതിനും കാര്യക്ഷമമായ നടപ്പാക്കലിന് ആവശ്യമായ മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കുന്നത് 35ാമത്തെ വകുപ്പാണ്. ദേശീയ അധികാരിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം എല്ലാ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നല്‍കുന്ന വകുപ്പാണ് 36.

ദുരന്തം കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികള്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും തയ്യാറാക്കണമെന്ന് നിയമം ആവശ്യപ്പെടുന്നുണ്ട്. 47ാം വകുപ്പാണ് കേന്ദ്ര സര്‍ക്കാരിന് ദേശീയ ദുരന്ത നിവാരണ ഫണ്ട് രൂപീകരിക്കാനുള്ള അധികാരം നല്‍കുന്നത്. സാധാരണഗതിയിലുള്ള കരാര്‍ നടപടികളിലൂടെ അല്ലാതെ കരസ്ഥമാക്കാനുള്ള അധികാരം ദുരന്ത കാലയളവില്‍ 50ാം വകുപ്പ് അധികാരികള്‍ക്ക് നല്‍കുന്നുണ്ട്.

ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലിയ്ക്ക് തടസ്സം നില്‍ക്കുന്ന വ്യക്തികളെ ഒരു വര്‍ഷത്തേക്ക് തടവിലാക്കുന്നതിനുള്ള അധികാരം 51ാം വകുപ്പ് നല്‍കുന്നുണ്ട്. ജീവന്‍ നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഇത് രണ്ട് വര്‍ഷത്തെ കാലയളവാക്കാം. വ്യാജ വാര്‍ത്തയോ തെറ്റായ മുന്നറിയിപ്പുകളോ പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവാണ് നിഷ്‌കര്‍ഷിക്കുന്നതെന്ന് വാട്സ്ആപ്പിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ അറിഞ്ഞിരിക്കണം. തന്റെ കടമ നിര്‍വഹിക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നതിനുള്ളതാണ് 56ാം വകുപ്പ്.

ഇരകള്‍ക്കുള്ള നഷ്ടപരിഹാരത്തിലോ സഹായങ്ങളിലോ ലിംഗം, ജാതി, സമുദായം, വംശം, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന വകുപ്പാണ് 61ാമത്തെ വകുപ്പ്. അധികാരികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ബന്ധമായ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നത് 6ാം വകുപ്പാണ്. 72ാം വകുപ്പാണ് നിയമത്തിന് മറ്റെല്ലാത്തിനെയും അസാധുവാക്കുന്ന ഫലം നല്‍കുന്നത്.

ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്ന് ഭരണകൂടങ്ങളുടെ സുരക്ഷ

സംഘര്‍ഷ ബാധിത മേഖലകളില്‍ സൈന്യത്തിന് പരമാധികാരം നല്‍കുന്ന 1958ലെ ആഫ്സ്പാ നിയമത്തിന്റെ സാധുത പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി നിരീക്ഷണം നടത്തിയിട്ടുണ്ട്. നാഗാ പീപ്പ്ള്‍സ് മൂവ്മെന്റ് ഓഫ് ഹ്യൂമന്‍ റൈറ്റ്സും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിലാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയിട്ടുള്ളത്.

സുപ്രീം കോടതി പ്രസ്താവിക്കുന്നു:
‘ഈ സാഹചര്യത്തില്‍ പരിഗണിക്കേണ്ടത് ഭരണഘടനയുടെ 355ാം അനുച്ഛേദമാണ്. പുറത്തുനിന്നുള്ള ആക്രമണങ്ങളില്‍ നിന്നും ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്നും എല്ലാ സംസ്ഥാനങ്ങളെയും സംരക്ഷിക്കാനും ഭരണഘടനയുടെ വ്യവസ്ഥകള്‍ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്താനും കേന്ദ്രത്തെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള അനുച്ഛേദമാണ് ഇത്. ഇതനുസരിച്ച് സംസ്ഥാനങ്ങളില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ നടപടികളെടുക്കാനുള്ള ചുമതല കേന്ദ്ര സര്‍ക്കാരിനുള്ളതാണ്. ഭരണഘടനയുടെ 355ാം അനുച്ഛേദം കേന്ദ്ര സര്‍ക്കാരില്‍ ചാര്‍ത്തിയിട്ടുള്ള അധികാരം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രാപ്തമാക്കാനായാണ് സെന്‍ട്രല്‍ ആക്ടിലെ വ്യവസ്ഥകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ആഭ്യന്തര സംഘര്‍ഷം കാരണമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാനും അതുവഴി 356ാം അനുച്ഛേദത്തിന്റെ കര്‍ക്കശമായ നടപടികളില്‍ എത്തിപ്പെടാതിരിക്കാനുമാണ് അത് നിര്‍മ്മിച്ചിട്ടുള്ളത്.”

സര്‍ക്കറിയ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് 352ാം അനുച്ഛേദമോ (അടിയന്തരാവസ്ഥ), 356ാം അനുച്ഛേദമോ (രാഷ്ട്രപതി ഭരണം) നടപ്പിലാക്കാതെ തന്നെ 355ാം അനുച്ഛേദം പ്രകാരം കേന്ദ്ര സര്‍ക്കാരിന് നിരവധിയായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ്. 355ാം അനുച്ഛേദം പ്രകാരം പ്രവര്‍ത്തിക്കാന്‍ മറ്റ് വഴികള്‍ ഉണ്ടെന്നിരിക്കെ കേന്ദ്രം തിടുക്കത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യതയ്ക്കെതിരെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ഒറ്റയ്ക്ക് തന്നെ നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നാണ് 355ാം അനുച്ഛേദം.

ഈ അനുച്ഛേദം പ്രകാരമുള്ള കേന്ദ്രത്തിന്റെ കടമകള്‍ പ്രാവര്‍ത്തികമാക്കാന്‍ ചെയ്യേണ്ടുന്നതെല്ലാം കേന്ദ്രം ചെയ്തുകഴിഞ്ഞിട്ടുണ്ടെന്നുള്ളതാണ് ആദ്യം ഉറപ്പ് വരുത്തേണ്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതായത്, 256, 257 അനുച്ഛേദങ്ങളില്‍ പറയുന്ന അടിയന്തിര നിര്‍ദേശങ്ങള്‍ അത് നല്‍കിയിട്ടുണ്ടെന്നും അത് അനുസരിക്കുന്നതിലോ നടപ്പിലാക്കുന്നതിലോ സംസ്ഥാനം പരാജയപ്പെട്ടുവെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.

കൊറോണ വൈറസ് വിഷയത്തില്‍ പാസ്സാക്കിയ ഓര്‍ഡറുകള്‍

21 ദിവസത്തേക്ക് രാജ്യം മുഴുവനും ലോക്ക് ഡൗണ്‍ ആക്കാനുള്ള പ്രഖ്യാപനം പ്രധാന മന്ത്രി നരേന്ദ്ര മോദി മെയ് 24ന് നാല് മണിക്കൂര്‍ മുന്നെ പ്രഖ്യാപിച്ചു. അതിനൊപ്പം തന്നെ ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് മാര്‍ച്ച് 24ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി സാമൂഹിക അകലം പാലിക്കാനായി പുറത്തിറക്കിയ നിര്‍ദേശങ്ങളും.

ദുരന്ത നിവാരണ നിയമത്തിന് അകത്ത് പരിഗണിക്കാവുന്ന ‘ദുരന്ത’മായി കൊറോണ പകര്‍ച്ചവ്യാധിയെ പരിഗണിച്ചുകൊണ്ടാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. അതേ ദിവസം തന്നെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കൈമാറുകയും ചെയ്തു.

അവശ്യമല്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എല്ലാ വാണിജ്യ- സ്വകാര്യ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, വായു-റെയ്ല്‍-റോഡ് മാര്‍ഗ്ഗമുള്ള ഗതാഗതം, അതിഥി സത്കാര സേവനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, രാഷ്ട്രീയ സംഗമങ്ങള്‍ തുടങ്ങിയവ റദ്ദാക്കാനുള്ള നിര്‍ദേശങ്ങളാണ് അതില്‍ ഉള്‍പ്പെട്ടിരുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പെട്രോള്‍ പമ്പുകള്‍, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവയ്ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുമുണ്ട്. ഓരോ ജില്ലയിലും ആര്‍ക്കൊക്കെ ഇളവുകള്‍ നല്‍കണമെന്ന് തീരുമാനിക്കേണ്ട അധികാരം ജില്ലാ കളക്ടര്‍ക്കായിരിക്കും. പല സംസ്ഥാനങ്ങളിലും 1973ലെ സിസിപി 144ാം വകുപ്പ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ച് പേരിലധികം കൂടുന്നത് തടഞ്ഞിട്ടുണ്ട്.

ദേശീയതലത്തിലെ ”വീട്ടുതടങ്കലി”ന്റെ നിയമസാധുത

ജനതാ കര്‍ഫ്യൂവിന് മൂന്നെ നാല് ദിവസത്തെ സമയം ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണിന് മുന്നെ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ ജീവിതവും ജീവനോപാധികളും ക്രമീകരിക്കാന്‍ വെറും നാല് മണിക്കൂര്‍ മാത്രമാണ് നല്‍കിയത്. ദേശീയ ലോക്ക്ഡൗണിന്റെ അനന്തരഫലം റെയില്‍വേ സ്റ്റേഷനുകളിലും, അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലുകളിലും സംസ്ഥാന അതിര്‍ത്തികളിലും തൊഴിലാളി വിപണികളിലും പ്രകടമായിരുന്നു. അടിച്ചേല്‍പ്പിക്കപ്പെട്ട തൊഴിലില്ലായ്മയിലൂടെയും വീടുകളില്‍ നിന്നകന്ന് ഒറ്റപ്പെട്ട് കഴിയേണ്ടുന്ന അവസ്ഥയിലൂടെയും കടന്നുപോകുന്ന വലിയ കൂട്ടം ജനങ്ങളുടെ ഹൃദയഭേദകമായ കാഴ്ചകളാണ് ഇവിടങ്ങളിലെല്ലാം കാണാന്‍ കഴിഞ്ഞത്.

2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ നാല് കോടിയിലധികം കുടിയേറ്റത്തൊഴിലാളികള്‍ ഉണ്ട്. അത് കൂടാതെയാണ് ഗാര്‍ഹിക തൊഴിലാളികളുടെയും ദിവസവേതന തൊഴിലാളികളുടെയും നിര്‍മ്മാണ തൊഴിലാളികളുടെയും കണക്കുകള്‍. ലോക്ക്ഡൗണ്‍ കാലത്തെ വേതനം നല്‍കാതിരിക്കരുതെന്ന് പ്രധാനമന്ത്രിയും നിരവധി മുഖ്യമന്ത്രിമാരും സര്‍ക്കാര്‍ ഉപദേഷ്ടാക്കളും തൊഴില്‍ദാതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നിരുന്നാലും, മിനിമം വേതനമോ നഷ്ടപരിഹാരമോ ഉറപ്പുവരുത്താതെ ജീവിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്താന്‍ കഴിയുമോ? ദുരന്തനിവാരണ നിയമത്തെയും 256ാം അനുച്ഛേദത്തെയും കൂട്ടുപിടിച്ച് നിരാശ്രയരായ തൊഴിലാളികള്‍ക്ക് ജീവനോപാധി കണ്ടെത്താനുള്ള അവകാശത്തെ അടിച്ചമര്‍ത്താന്‍ കഴിയുമോ?

അടിയന്തരാവസ്ഥ ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞാലും ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ജനതാ സര്‍ക്കാറിന്റെ ഭേദഗതിക്ക് ശേഷം മനസ്സിലാക്കപ്പെട്ടിട്ടുള്ളതാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട സാഹചര്യം പോലുമല്ല ഇപ്പോഴുള്ളത്. ഭരണഘടനയിലെ അടിയന്തരാവസ്ഥാ വ്യവസ്ഥകള്‍ മറികടക്കുന്ന തരത്തില്‍ സര്‍ക്കാറിന് ഭീകരമായ നടപടികള്‍ കൈക്കൊള്ളാമെങ്കില്‍, അത് എല്ലാവരുടെയും സമ്മതത്തോടെ ആണെങ്കില്‍ക്കൂടിയും, ആ വ്യവസ്ഥകളെല്ലാം വെറും അസംബന്ധങ്ങളായിരുന്നുവോ എന്ന് നമുക്ക് ചോദിക്കേണ്ടി വരും.

സി.ആര്‍.പി.സിയുടെ 144ാം വകുപ്പ് പ്രകാരം കൂട്ടംകൂടുന്നത് തടയാമെങ്കിലും പൗരന്മാരുടെ വീട്ടുപടിക്ക് പുറത്ത് ലക്ഷ്മണ രേഖ വരച്ചുകൊണ്ട് അവരെ 21 ദിവസത്തേക്ക് തടവില്‍ കഴിയാന്‍ നിര്‍ബന്ധിക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് കഴിയുമോ? ദിവസവേതനക്കാര്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കുമുള്ള മരണമൊഴിയല്ലെ ഫലത്തില്‍ ഈ ലോക്ക്ഡൗണ്‍.

39ാം അനുച്ഛേദം പ്രകാരം പൗരന്മാര്‍ക്ക് ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സാമ്പത്തികമായ കാരണങ്ങളാല്‍ അവര്‍ക്ക് അനുയോജ്യമല്ലാത്ത തൊഴിലുകള്‍ പൗരന്മാര്‍ ചെയ്യേണ്ടിവരുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതും സര്‍ക്കാരാണ്. ഒരു രാജ്യത്തെ ഭരിക്കുന്നതിന്റെ ഡയറക്ടീവ് പ്രിന്‍സിപ്പ്ള്‍സില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ് ഇത്. ഈ കടമകള്‍ക്ക് വിരുദ്ധമായ അവസ്ഥകളായിരിക്കും ഈ ലോക്ക്ഡൗണിലൂടെ ഉണ്ടാകാന്‍ പോകുന്നത്.

ഒന്നുകില്‍ കോവിഡ്-19 അല്ലെങ്കില്‍ സാമ്പത്തികമായ ദാരിദ്ര്യം കാരണമുള്ള മരണം, കഠിനമായ ഈ രണ്ട് തെരഞ്ഞെടുപ്പുകളാണ് പൗരന്മാര്‍ക്ക് മുന്നിലുള്ളത്. എത്ര മഹനീയമായ ഉദ്ദേശമാണെങ്കിലും, പൗരന്മാര്‍ക്ക് ഇത്തരത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടത്താനുള്ള അവകാശം പോലും ഇന്നത്തെ സാഹചര്യം അവര്‍ക്ക് നല്‍കുന്നില്ല. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇത് വളരെ വിഷമം പിടിച്ച ഒരു തെരഞ്ഞെടുപ്പാണെന്നും, ഇതിന് വളരെ സംയമനത്തോടുകൂടിയുള്ള പ്രവര്‍ത്തനമായിരുന്നു ആവശ്യമെന്നും ഞാന്‍ പറയും. ഇക്കാരണം കൊണ്ടാണ് നമ്മുടെ അയല്‍രാജ്യങ്ങളില്‍ ഒന്നിന്റെ നേതാവ് നിര്‍ബന്ധിത അടച്ചുപൂട്ടലിനെതിരെയുള്ള തീരുമാനം എടുത്തത്.

സി.ആര്‍.പി.സിയിലെ 144ാം വകുപ്പ് കൂടാതെ സംസ്ഥാന പോലീസ് നിയമങ്ങളിലെ (1978ലെ ഡല്‍ഹി പോലീസ് നിയമം, സെക്ഷന്‍ 30(3)) വ്യവസ്ഥകളും കൂട്ടംകൂടുന്നതിനെ വിലക്കുന്നുണ്ട്. പക്ഷേ ലോക്ക്ഡൗണില്‍ സംഭവിച്ചത് ലക്ഷ്മണരേഖ നമ്മുടെ വീട്ടുപടിക്കല്‍ വരെ എത്തി എന്നതാണ്. വീണ്ടും അടിസ്ഥാനപരമായ പ്രശ്നത്തിലേക്ക് വരാം. ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, അതായത് ചലിക്കാനും ജീവിതമാര്‍ഗ്ഗം കണ്ടെത്താനുമുള്ള അവകാശം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഭരണഘടനാപരമായി സാധുതയുള്ളതാണോ?

എതിര്‍വാദങ്ങളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. രാജ്യത്തിന്റെ ജീവിക്കാനുള്ള അവകാശം അപകടത്തിലായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഭരണഘടനാനുസൃതമായ വാദങ്ങള്‍ ദേശവിരുദ്ധമായിരിക്കും. മാത്രവുമല്ല, അനിവാര്യതാ സിദ്ധാന്തം (ഡോക്ട്രൈന്‍ ഓഫ് നെസസിറ്റി) വളരെ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്, അനിവാര്യഘട്ടങ്ങളില്‍ നിയമത്തിന് പ്രസക്തിയില്ലെന്നതാണത്.

നമ്മുടെ നിയമങ്ങള്‍ക്ക് അപ്പുറം നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സമ്മതിക്കാന്‍ നമ്മള്‍ തയ്യാറാണെങ്കിലും പ്രധാനമായ മറ്റ് ചില കാര്യങ്ങളിലെങ്കിലും ശ്രദ്ധചെലുത്തുവാന്‍ നമുക്ക് ശ്രമിക്കാം. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമവും ദുരന്തനിവാരണ നിയമവും ഉറപ്പുവരുത്തുന്നത് പോലെ ദുരിതബാധിതരായവര്‍ക്ക്, അതായത് ഏറ്റവും ദരിദ്രരും അരികുവത്കരിക്കപെടുകയും ചെയ്തവര്‍ക്ക് സഹായങ്ങളും പുനരധിവാസവും ലഭിക്കുന്നുണ്ടെന്ന് നമുക്ക് ഉറപ്പ് വരുത്താം.

രാജ്യം ഒരു പ്രതിസന്ധിഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഭരണനിര്‍വ്വഹണത്തിന് പൂര്‍ണ്ണ പിന്തുണ കൊടുക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണെങ്കിലും അതുപോലെ പ്രധാനമാണ് ചില സുപ്രധാന വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയെന്നത്. ദുരന്ത നിവാരണ നിയമം അനുശാസിക്കുന്ന തരത്തില്‍ ദുരന്തനിവാരണ ഫണ്ട് നടപ്പിലാക്കിയിട്ടുണ്ടോ? പകര്‍ച്ചവ്യാധി തടയല്‍ നിയമം അനുശാസിക്കുന്ന മട്ടില്‍ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ടോ? നമ്മുടെ കൂട്ടമായ മൗനത്തിലൂടെ സങ്കല്‍പ്പിക്കാനാവാത്ത തരത്തിലുള്ള ദുരന്തത്തിന്റെ വിത്ത് പാവുകയാണ് നമ്മള്‍ ചെയ്യുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ ഫലം നമ്മള്‍ വളരെക്കാലം അനുഭവിക്കേണ്ടി വരും.

കടപ്പാട്: ദ വയര്‍ 

സഞ്ജയ് ഘോഷ്‌

Latest Stories

We use cookies to give you the best possible experience. Learn more