തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്റെ രക്തസാമ്പിള്‍ എടുക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയത് ഏറെ വിവാദമായിരുന്നു.
ശ്രീറാം വിസ്സമ്മതിച്ചതിനാലാണ് സാമ്പിള്‍ എടുക്കാന്‍ കഴിയാതിരുന്നത് എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍ യഥാര്‍ഥത്തില്‍ ആരോപണവിധേയനോ പ്രതിയോ ആയ ഒരു വ്യക്തിയുടെ രക്തസാമ്പിള്‍ എടുക്കാന്‍ അയാളുടെ അനുവാദത്തിനു കാത്തുനില്‍ക്കേണ്ട ആവശ്യമില്ല.
അനുവാദം ആവശ്യമില്ലാതെതന്നെ പൊലീസിന് അയാളുടെ രക്തസാമ്പിള്‍ എടുക്കാന്‍ കഴിയുമെന്നു നിയമം അനുശാസിക്കുന്നുണ്ട്. ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ 53-ാം വകുപ്പിലാണ് ഇക്കാര്യം പറയുന്നത്. അതില്‍ പറയുന്നതിങ്ങനെ-
‘കാരണമുണ്ടെങ്കില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് അയാളുടെ അനുമതിയില്ലാതെ വൈദ്യപരിശോധന നടത്താനാവും. ലൈംഗികാരോപണമാണെങ്കില്‍ രക്തം, ബീജം, തുണി, വിയര്‍പ്പ്, ഉമിനീര്‍, നഖം എന്നിവ എടുക്കാന്‍ കഴിയും. വാഹനാപകടമാണെങ്കില്‍ രക്തസാമ്പിളും എടുക്കാം.’
മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിലും ഇത്തരത്തില്‍ രക്തസാമ്പിള്‍ എടുക്കാന്‍ കഴിയുമെന്ന് വ്യക്തമായി പറയുന്നുണ്ട്.
എന്നാല്‍ ഒരു വ്യക്തിയുടെ രക്തമടക്കമുള്ളവ അനുവാദമില്ലാതെ എടുക്കുന്നത് അയാളുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന വാദവുമുണ്ട്.
എന്നാല്‍ മൗലികാവകാശത്തെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍ 20 (3) പ്രകാരം ക്രിമിനല്‍ നടപടിക്രമങ്ങളുടെ ഭാഗമായുള്ള അന്വേഷണത്തെ ഇതു ബാധിക്കില്ല. 1961-ല്‍ സ്റ്റേറ്റ് ഓഫ് ബോംബെയും കത്തി കാലു ഒഗാഡും തമ്മിലുള്ള കേസില്‍ കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.
ശാരീരികമായ കാര്യങ്ങളിലല്ല, മറിച്ച് ഒരാളുടെ അനുവാദമില്ലാതെ അബോധാവസ്ഥയിലാക്കി നടത്തുന്ന പരിശോധനകള്‍ക്കു മാത്രമാണ് നിയമം അനുമതി നല്‍കാത്തതെന്ന് കോടതി അന്നു വ്യക്തമാക്കിയിരുന്നു.
ഈ പരിശോധനകള്‍ നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് എന്നിവയാണെന്ന് 2010-ല്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. വിധേയരാകേണ്ട വ്യക്തികളുടെ അനുമതിയില്ലാതെ ഇവ നടത്തുന്നതു മേല്‍പ്പറഞ്ഞ ആര്‍ട്ടിക്കിളിന്റെ ലംഘനമാകും.