ന്യൂദല്‍ഹി: ഒരു പള്ളിയില്‍ കയറി ‘ജയ് ശ്രീറാം’ വിളിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണോയെന്ന് സുപ്രീം കോടതി.
പള്ളിയില്‍ അതിക്രമിച്ചെത്തി ജയ് ശ്രീറാം വിളിച്ചവര്‍ക്കെതിരായ കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിച്ചായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
‘ശരി, അവര്‍ ഒരു പ്രത്യേക മത മുദ്രാവാക്യം വിളിക്കുകയായിരുന്നു. അത് എങ്ങനെ കുറ്റമാകും’ എന്നാണ് കോടതി ചോദിച്ചത്. ജസ്റ്റിസ് സന്ദീപ് മേത്തയുടേതായിരുന്നു ചോദ്യം.
തുടര്‍ന്ന് മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളില്‍ മറ്റൊരാള്‍ മത മുദ്രാവാക്യം മുഴക്കുന്നത് ഐ.പി.സി 153 പ്രകാരം കുറ്റകരമാണെന്ന് അഭിഭാഷകന്‍ കാമത്ത് ചൂണ്ടിക്കാട്ടി. എന്നാല്‍ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ച കോടതി വാദം അടുത്ത മാസത്തേക്ക് നീട്ടുകയാണ് ചെയ്തത്.
സമാനമായ പ്രതികരണത്തോടെയാണ് ഹൈക്കോടതി പ്രതികള്‍ക്കെതിരായ കേസ് റദ്ദാക്കിയത്. ആരെങ്കിലും ‘ജയ് ശ്രീറാം’ എന്ന് വിളിച്ചാല്‍ അത് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുമോ എന്ന് മനസിലാക്കാന്‍ കഴിയില്ലെന്നാണ് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞത്.
2023 സെപ്റ്റംബറില്‍ ഐത്തൂര്‍ ഗ്രാമത്തിലെ മര്‍ദാലയിലുള്ള ബദ്രിയ ജുമ മസ്ജിദിലാണ് സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ 2023 സെപ്റ്റംബര്‍ 25ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
എന്നാല്‍ ഇവര്‍ക്കെതിരായ കേസുകളാണ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയത്. ഹരജിക്കാരനായ ഹെയ്ദര്‍ അലി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കീര്‍ത്തന്‍ കുമാറിനും സച്ചിന്‍ കുമാര്‍ എന്‍.എമ്മിനുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും ക്രിമിനല്‍ നടപടികളുമാണ് ഹൈക്കോടതി റദ്ദാക്കിയത്.
Content Highlight: ‘Is that a crime’; Supreme Court in the petition against the chanting of Jai Shriram by entering the mosque