| Saturday, 7th October 2023, 10:16 pm

ലിയോയില്‍ കമല്‍ഹാസനും സൂര്യയും ഉണ്ടോ? ലോകേഷിന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബര്‍ 19നാണ് തിയേറ്ററില്‍ എത്തുന്നത്. വലിയ പ്രതിക്ഷയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ.

ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സില്‍ ലിയോയും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് ആരാധകരും സിനിമാ പ്രേമികളും അറിയാന്‍ ഏറെ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള വിവരം പറയുകയാണ് ലോകേഷ് കനകരാജ്. ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വൂഡ്‌സ് നടത്തിയ സ്‌പെഷ്യല്‍ പരിപാടിയിലാണ് ലോകേഷ് സിനിമയെ കുറിച്ച് പറഞ്ഞത്.

ലിയോയില്‍ സൂര്യയോ കമല്‍ ഹാസനോ ഉണ്ടോ എന്നായിരുന്നു ലോകേഷിനോടുള്ള ചോദ്യം.

ഇനി പത്ത് ദിവസം മാത്രമല്ലേ സിനിമ റിലീസ് ആകുവാനുള്ളുവെന്നും അതിന് വേണ്ടി കാത്തിരിക്കൂ എന്നുമാണ് ലോകേഷ് പറഞ്ഞത്. ലിയോയില്‍ ഒരുപാട് സര്‍പ്രൈസ് ഉണ്ടെന്നും അതെല്ലാവരും തിയേറ്ററില്‍ തന്നെ കണ്ട് അസ്വദിക്കണമെന്നും ലോകേഷ് പറയുന്നു.

‘തിയേറ്ററില്‍ കണ്ട് ആസ്വദിക്കാനായി ഞങ്ങള്‍ ലിയോയില്‍ ഒരുപാട് കാര്യങ്ങള്‍ ഹൈഡ് ചെയ്ത് വെച്ചിട്ടുണ്ട്. തീര്‍ച്ചയായും അത് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധികുമെന്നാണ് വിശ്വസിക്കുന്നത്. ഇനി ഒരു പത്ത് ദിവസം കൂടി മാത്രമല്ലേ സിനിമ റിലീസ് ചെയ്യുവാനുള്ളു. അതുവരെ നിങ്ങള്‍ എന്തായാലും കാത്തിരിക്കു,’ ലോകേഷ് പറയുന്നു.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Is suriya & kamal hasan is in leo here is the answer of lokesh kanakaraj
We use cookies to give you the best possible experience. Learn more