| Friday, 6th December 2024, 9:49 pm

പ്രിയങ്ക ഗാന്ധി അമിത് ഷായുടെ മെഗാഫോണോ? വിമർശനവുമായി തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട് എം.പി പ്രിയങ്ക ഗാന്ധി വാദ്രക്കെതിരെ വിമർശനവുമായി സി.പി.ഐ.എം നേതാവ് ടി.എം. തോമസ് ഐസക്ക്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം അറിയിച്ചത്. എം.പി ആയി വയനാട്ടിൽ എത്തിയ ആദ്യ ദിനം തന്നെ കേരളം സർക്കാരിനെ കുറ്റപ്പെടുത്തുകയാണ് പ്രിയങ്ക ഗാന്ധി ചെയ്തതെന്ന് അദ്ദേഹം വിമർശിച്ചു.

‘വയനാട് എം.പി പ്രിയങ്ക വദ്രയുടെ രംഗപ്രവേശം ഗംഭീരമായി എന്ന് പറയാതിരിക്കാനാവില്ല. എം.പി ആയി വയനാട്ടിൽ വന്ന ആദ്യ ദിവസം തന്നെ കേരള സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. കിട്ടിയ ആദ്യ അവസരത്തിൽതന്നെ ബി.ജെ.പിക്കൊപ്പം ചേർന്ന് കേരളത്തെ കുറ്റപ്പെടുത്തുകയാണവർ,’ അദ്ദേഹം പറഞ്ഞു.

വയനാട് ദുരന്തത്തിൽ കേരളത്തിന് ധനസഹായം അനുവദിക്കാത്തത് കേരളം റിപ്പോർട്ടുകൾ വൈകി സമർപ്പിച്ചതിനാലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെ വിമര്ശിക്കാതെ പ്രിയങ്ക ഗാന്ധി അനുകൂലിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വിമർശിച്ചു.

‘തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങൾ പോലെയല്ലല്ലോ അതുകഴിഞ്ഞ് ഉത്തരവാദപ്പെട്ട ജനപ്രതിനിധിയായിക്കഴിഞ്ഞുള്ള വർത്തമാനം. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് യൂണിയൻ സർക്കാരിന്റെ നിരുത്തരവാദപരമായ നിലപാടിനെ വിമർശിക്കാനല്ല, ഇടതുപക്ഷ സർക്കാരിനെതിരെ അമിത് ഷാ പറഞ്ഞത് ആവർത്തിക്കാനാണ് സമയം കണ്ടെത്തിയത്. കോൺഗ്രസ്സിന്റെ ഉള്ളിലെ രാഷ്ട്രീയം എന്താണെന്ന് ഇത് വിളിച്ചോതുന്നുണ്ട്.

മുഖ്യമന്ത്രി വിളിച്ച കേരളത്തിലെ എം.പിമാരുടെ യോഗത്തിന്റെ തീരുമാനപ്രകാരമാണ് പാർലമെൻ്റ് അംഗങ്ങൾ ഒന്നിച്ച് ആഭ്യന്തര മന്ത്രിയെ കണ്ട് വയനാട് സംബന്ധിച്ച നിവേദനം സമർപ്പിച്ചത്. അതിനോടുള്ള പ്രതികരണമായി അമിത്ഷാ സംസ്ഥാന സർക്കാരിനെ കുറ്റം പറഞ്ഞത് പ്രിയങ്ക സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുന്നു.

പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും കേരളം 3 മാസം കഴിഞ്ഞ് നവം 13 നാണ് രേഖകൾ നൽകിയത് എന്നാണ് അമിത് ഷാ പറയുന്നത്. അദ്ദേഹം പച്ചക്കള്ളമാണ് പറഞ്ഞത് എന്ന് പ്രിയങ്കയ്ക്ക് അറിയില്ലേ? ഇല്ലെങ്കിൽ അത് പരിശോധിക്കുക പോലും ചെയ്യാതെ അമിത് ഷായുടെ വാചകം വിശ്വസിക്കുകയാണോ വേണ്ടത്? ഇതെവിടുത്തെ രാഷ്ട്രീയമാണ്? സംഘപരിവാറിന്റെ മെഗാഫോണായി പ്രവർത്തിക്കാനാണോ പ്രിയങ്ക വയനാടിന്റെ ജനപ്രതിനിധി ആയത്?

ആഗസ്റ്റ് 8, 9 , 10 തിയതികളിലായി സെൻട്രൽ ഇന്റർ മിനിസ്റ്റീരിയൽ ടീമിന്റെ സന്ദർശനം കഴിഞ്ഞയുടൻ കേരളം ആവശ്യങ്ങളുടെ കരട് സമർപ്പിച്ചിരുന്നു.

ആഗസ്റ്റ് 17 ന് വിശദമായ മെമ്മോറാണ്ടവും യൂണിയൻ സർക്കാരിനു സമർപ്പിച്ചു. ഇതിൽ SDRF മാനദണ്ഡങ്ങൾ പ്രകാരം അടിയന്തിരമായി 219. 23 കോടി രൂപ അധിക സഹായവും 2262 കോടി രൂപ പുനർ നിർമ്മാണ ചെലവും അഭ്യർത്ഥിച്ചിരുന്നു.
ഇക്കാര്യം യൂണിയൻ സർക്കാർ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സമ്മതിച്ചിട്ടുണ്ട്.

എന്നിട്ടും അമിത്ഷാ കള്ളം പറയുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയമാണെന്ന് മനസ്സിലാക്കാം. പ്രിയങ്ക അതുതന്നെ ആവർത്തിക്കുന്നത് അതേ രാഷ്ട്രീയ നിലപാട് പിൻപറ്റുന്നതുകൊണ്ട് തന്നെയല്ലേ?,’ അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു.

Content Highlight: Is Priyanka Gandhi Amit Shah’s megaphone? Thomas Isaac with criticism

We use cookies to give you the best possible experience. Learn more