ന്യൂദല്‍ഹി: എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിനെ പ്രതിപക്ഷ ഐക്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
പഞ്ചാബിലെ രാഷ്ട്രീയ പ്രതിസന്ധിയ്‌ക്കൊപ്പം രാഷ്ട്രപതി തെരഞ്ഞെടുപ്പും ചര്‍ച്ചയില്‍ വിഷയമായെന്നാണ് സൂചന.
നേരത്തെ ബംഗാള്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ശരദ് പവാറും പ്രശാന്ത് കിഷോറും തമ്മില്‍ മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പവാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും ചേര്‍ന്നിരുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ മൂന്നാം ബദല്‍ രൂപപ്പെടുത്തുന്നതിനായിട്ടായിരുന്നു ഈ യോഗം എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ രാജ്യത്ത് ബി.ജെ.പിയ്‌ക്കെതിരെ ഒരു മൂന്നാം മുന്നണിയ്‌ക്കോ നാലാം മുന്നണിയ്‌ക്കോ സാധ്യതയില്ലെന്നായിരുന്നു പ്രശാന്ത് കിഷോര്‍ പറഞ്ഞത്.
എന്നാല്‍ രാഹുല്‍ ഗാന്ധി-പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച പുതിയ തലത്തിലേക്ക് വെളിച്ചം വീശുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷത്തിന് സര്‍വ്വസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ആലോചന. കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥിയായാല്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുന്നതിന് പ്രയാസമുണ്ടാകില്ലെന്നാണ് പ്രശാന്ത് കിഷോറിന്റെ കണക്കുകൂട്ടല്‍.
പ്രത്യേകിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഇതുവരെ ബി.ജെ.പി. ഇതര സഖ്യത്തില്‍ ഭാഗമാകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തയാളാണ്.
ശരദ് പവാറിനെപ്പോലെ സര്‍വ്വസമ്മതനായ ഒരാളെ നിര്‍ത്തി രണ്ടാം മോദി സര്‍ക്കാരിനെതിരെ ശക്തി തെളിയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നവീന്‍ പട്‌നായിക്കിനേയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനേയും പ്രശാന്ത് കിഷോര്‍ ഉടന്‍ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Is Prashant Kishor lobbying for Sharad Pawar as next President to corner BJP