കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തില്‍ കാണാതായ എഴുപത് പേരില്‍ 65 പേരുടെയും മൃതദേഹങ്ങള്‍ കിട്ടിയതോടെ സര്‍ക്കാറും ജില്ലാഭരണകൂടവും പതിനെട്ട് ദിവസത്തെ തിരച്ചില്‍ നിര്‍ത്തി മലയിറങ്ങി. മലത്തലപ്പില്‍ നിന്നും കുത്തിയൊഴുകിയ ജലം മനുഷ്യജീവിതങ്ങള്‍ക്ക് മേല്‍ സംഹാരതാണ്ഡവമാടിയ ദുരന്തഭൂമിയുടെ മലയിടവഴികളിലൂടെ ‘കറുപ്പായി’ എന്ന ഒരു വൃദ്ധസ്ത്രീ ഇപ്പോഴും അലഞ്ഞുനടക്കുകയാണ്. കാണാതായ തന്റെ മകളെയും പേരക്കുട്ടിയെയും തേടി.
കറുപ്പായിയുടെ ഉറ്റ ബന്ധുക്കളായ 13 പേരെയാണ് ഉരുള്‍പൊട്ടലില്‍ കാണാതായത്. അതില്‍ 11 പേരുടെ മൃതദേഹം പിന്നീട് കിട്ടിയെങ്കിലും മകള്‍ കസ്തൂരിയുടെയും ചെറുമകള്‍ പ്രിയദര്‍ശിനിയുടെയും മൃതദേഹം ഇതുവരെ കിട്ടിയില്ല. ‘എനിക്കുണ്ടായിരുന്നവരെല്ലാം പോയി. അവരുടെ ശവമെങ്കിലും കിട്ടാതെ എനിക്കെങ്ങിനെ ഉറങ്ങാന്‍ കഴിയും’ കറുപ്പായി ചോദിക്കുന്നു.
കറുപ്പായി
അനേകം തോട്ടം തൊഴിലാളികുടുംബങ്ങളെ ഒരൊറ്റ രാത്രികൊണ്ട് നാമാവശേഷമാക്കി മാറ്റിയ പെട്ടിമുടി ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരില്‍ ചിലര്‍ പെട്ടിമുടി സന്ദര്‍ശിക്കാനെത്തിയ സാമൂഹ്യപ്രവര്‍ത്തകരോട് പറഞ്ഞത് ‘ഞങ്ങള്‍ തത്കാലം രക്ഷപ്പെട്ടു’ എന്നാണ്.
അതായത് മൂന്നാറിലെയും പരിസരപ്രദേശങ്ങളിലെയും തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന മിക്ക ലയങ്ങളിലും ഏത് നിമിഷവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമടക്കമുള്ള ദുരന്തങ്ങള്‍ സംഭവിച്ചേക്കാം എന്ന ധാരണ അവര്‍ക്ക് കൃത്യമായി ഉണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തോട്ടം തൊഴിലാളികള്‍ ഒന്നിച്ച് താമസിക്കുന്ന മേഖലകളിലൊന്നായ മൂന്നാര്‍ മലനിരകളിലെ ആയിരക്കണകണക്കിന് തോട്ടം തൊഴിലാളി കുടുംബങ്ങള്‍ ജിവിക്കുന്നത് ഒരു തരം അപകട മുനമ്പിലാണ്. അവരുടെ തലയ്ക്ക് മീതെ ഒരു ദുരന്തം പതിയിരിപ്പുണ്ട്. എപ്പോള്‍ വേണമെങ്കിലും ആ ദുരന്തം അവര്‍ക്കുമേല്‍ വന്ന് പതിച്ചേക്കാം.
സ്വന്തമായി ഭൂമിയും വീടുമൊന്നുമില്ലാത്ത കേരളത്തിലെ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ പ്ലാന്റേഷന്‍ കമ്പനികള്‍ അവര്‍ക്കനുവദിച്ചു നല്‍കുന്ന ഒറ്റമുറി ലയങ്ങളിലാണ് ജീവിച്ചുവരുന്നത്. ഈ ലയങ്ങളടങ്ങുന്ന പാടികളില്‍ ബഹുഭൂരിപക്ഷവും സ്ഥിതി ചെയ്യുന്നത് ചെങ്കുത്തായ മലനിരകളിലും വനമേഖലകളോട് ചേര്‍ന്നും തോട്ടങ്ങളുടെ അധിക ഭൂമികളിലുമാണ്. ഭൂമിശാസ്ത്രപരമായ യാതൊരു സുരക്ഷയും ഈ പ്രദേശങ്ങള്‍ക്കില്ല എന്ന് നിസ്സംശയം പറയാം.
കേരളത്തിലെ ദളിത് – ആദിവാസി – ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭൂരാഹിത്യവും, പ്രളയമടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ക്കിരകളാകാന്‍ വിധിക്കപ്പെടുന്ന അവരുടെ ജീവിത സാഹചര്യങ്ങളും പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരിക്കല്‍കൂടി ചര്‍ച്ചായവുകയാണ്. കേരളത്തിലെ സ്വകാര്യ പ്ലാന്റേഷന്‍ കമ്പനികള്‍ അനധികൃതമായി കൈവശം വെച്ചുപോരുന്നത് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണെന്ന് വിവിധ സര്‍ക്കാര്‍ കമ്മീഷനുകള്‍ കണ്ടെത്തിയിട്ടും ഈ ഭൂമി തിരിച്ചുപിടിക്കുന്നതിനോ ഭൂരഹിത വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനോ, മാറി മാറി വരുന്ന സര്‍ക്കാറുകള്‍ തയ്യാറാകാത്തതും ഈ ഘട്ടത്തില്‍ ഗൗരവമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്.
പെട്ടിമുടിയില്‍ സംഭവിച്ചത്
2020 ആഗസ്റ്റ് ആറ് വ്യാഴാഴ്ച അര്‍ദ്ധരാത്രിക്ക് തൊട്ടുമുന്‍പാണ് മൂന്നാറില്‍ നിന്ന് മുപ്പത് കിലോമീറ്ററോളം അകലെയുള്ള പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയത്. മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാനില്ലാതെ നാല് ലെയ്നുകളിലെ ഇരുപതോളം വീടുകളില്‍ താമസിച്ചിരുന്ന എഴുപതോളം ആളുകള്‍ ചെളിയിലും മണ്ണിലും ആഴ്ന്നുകിടന്നു.
നേരം വെളുത്തപ്പോള്‍ വിവരമറിഞ്ഞോടിയെത്തിവര്‍ മണ്ണ് മാന്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വൈദ്യുതിയും വാര്‍ത്താവിനിമയ സാധ്യതകളുമില്ലാത്തതിനാല്‍ വാര്‍ത്ത പുറം ലോകത്തെത്താന്‍ ഏറെ വൈകി. മണിക്കൂറുകള്‍ കഴിഞ്ഞ് പുറംലോകത്തു നിന്ന് ആളുകളെത്തിത്തുടങ്ങി. അപ്പോഴും കനത്ത മഴയായിരുന്നു. തകര്‍ന്നുകിടന്ന മലമ്പാതകള്‍ താണ്ടി രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്തെത്താന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നു.
മൂന്നാഴ്ചയോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് കാണാതായവരുടെ മൃതദേഹങ്ങള്‍ മണ്ണിടനടിയില്‍ നിന്നും പുറത്തെടുത്തത്. എന്നിട്ടും കുറേ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായില്ല. കേരളത്തിലുണ്ടായിട്ടുള്ള ചെറുതും വലുതുമായ പല പ്രകൃതിദുരന്തങ്ങളിലും സംഭവിച്ചപോലെ പെട്ടിമുടിയിലും കാണാതായ പല മൃതദേഹങ്ങളും ഇപ്പോഴും മണ്ണിനടയില്‍ തന്നെ കിടക്കുന്നു.
ദുരന്തത്തില്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ കൃത്യമായി ക്രോഡീകരിക്കാന്‍ പോലും സര്‍ക്കാറിന് തുടക്കത്തില്‍ സാധിച്ചിരുന്നില്ല. കാരണം രേഖകളില്ലാത്ത, മേല്‍വിലാസങ്ങളിലാത്ത ജീവിതം തന്നെയായിരുന്നു ഈ തോട്ടം തൊഴിലാളി കുടുംബങ്ങളുടേത്. ഒറ്റമുറിലയത്തിനുള്ളില്‍ അഞ്ചും പത്തും പേരടങ്ങുന്ന കുടുംബം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തിയവരുടെ പിന്‍മുറക്കാര്‍. മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ പോലും ഒരു തുണ്ടു ഭൂമി സ്വന്തമായില്ലാത്തവര്‍. മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തവരുടെ മൃതദേഹങ്ങളെയെല്ലാം അധികൃതര്‍ ഒരൊറ്റ കുഴിയില്‍ വരിവരിയായി ഒന്നിച്ചുമൂടുകയാണുണ്ടായത്.
ദുരന്തങ്ങളുടെ കാരണക്കാര്‍ ആര്?
ദേവികുളത്തും പരിസരപ്രദേശങ്ങളിലുമുള്ള തേയിലത്തോട്ടങ്ങളിലും മറ്റും തൊഴിലെടുക്കുന്ന തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ ദളിത്-പിന്നോക്ക വിഭാഗങ്ങളാണ് പെട്ടിമുടി ദുരന്തത്തിന്റെ ഇരകള്‍. ലായങ്ങളിലും ചാളകളിലും കഴിയാന്‍ വിധിക്കപ്പെട്ട തമിഴ് തൊഴിലാളികള്‍. ദരിദ്രരായ ജനങ്ങളും അവരുടെ ജീവനോപാധികളും മാത്രം കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ ഇരകാളാകുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് നമ്മുടെ സമൂഹത്തിലെ ഉപരിവര്‍ഗ വിഭാഗങ്ങള്‍ക്ക് ഇത്തരം പ്രതിസന്ധികള്‍ ജീവിതത്തില്‍ നേരിടേണ്ടി വരാത്തതെന്ന്? ഈ ദുരന്തങ്ങളുടെ ഉത്തരവാദികള്‍ ആരാണെന്ന്? തീര്‍ച്ചയായും ഈ ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്താന്‍ ശ്രമിച്ചാല്‍ നാം എത്തുക കേരളത്തിലെ അധസ്ഥിത സമൂഹങ്ങള്‍ പതിറ്റാണ്ടുകളായി ഉയര്‍ത്തുന്ന ഭൂമിയുടെയും വിഭവാധികാരത്തിന്റെയും രാഷ്ട്രീയത്തിലേക്കാണ്.
പ്രകൃതി ദുരന്തങ്ങള്‍ കേരളത്തെ ആവര്‍ത്തിച്ച് വേട്ടയാടിക്കൊണ്ടിരിക്കുമ്പോഴും അപകട സാധ്യതകള്‍ വളരെയധികം വര്‍ദ്ധിച്ചിരിക്കുന്ന ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളെ മരണത്തിനെറിഞ്ഞ് കൊടുക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ എന്തുകൊണ്ട് നമ്മുടെ സര്‍ക്കാറുകള്‍ക്ക് സാധിക്കുന്നില്ല എന്ന ചോദ്യമാണ് പൊതുവില്‍ ഉയരുന്നത്.
“ഭരണകൂടം എങ്ങിനെയാണ് ഈ സാഹചര്യങ്ങളെ ന്യായീകരിക്കുക ഈ ആധുനിക കേരളത്തിലും യാതൊരു ഉറപ്പുമില്ലാത്ത ചുറ്റുപാടുകളില്‍ കഴിയേണ്ടിവരുന്ന അനേകായിരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന രാഷ്ട്രീയ – സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാനാകുമോ. പരിസ്ഥിതിയെന്നാല്‍ ചെടികളും മൃഗങ്ങളും ശുദ്ധവായുവും വെള്ളവും മാത്രമാണെന്ന് സങ്കല്‍പിക്കുന്ന പരിസ്ഥിതി വാദങ്ങള്‍ ഇതിനെന്ത് സമാധാനം പറയും. കാലം മാറുകയാണ്. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ യാഥാര്‍ത്ഥ്യമായി മാറിക്കഴിഞ്ഞു. കാലാവസ്ഥാ മാറ്റങ്ങളെ സംബന്ധിച്ച വസ്തുതാപരമായ വിലയിരുത്തലുകള്‍ നടത്താനും പ്രശ്നപരിഹാര സാധ്യകള്‍ കണ്ടെത്താനുമുള്ള ഉത്തരവാദിത്തം സമൂഹത്തിനാകമാനമുള്ളതാണ്.
കേരളത്തിന്റെ ഭൂവിനിയോഗ രീതിയില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍, തോട്ടം മേഖലകളുടെ വിനിയോഗം, ഉടമസ്ഥാവകാശം, കാര്‍ഷിക മേഖലയില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ തുടങ്ങി പശ്ചിമഘട്ട മലനിരകള്‍ തൊട്ട് തീരപ്രദേശം വരെയുള്ള കേരളത്തിന്റെ വികസന ഭാവിയെ സംബന്ധിച്ച പുനരാലോചനകളില്‍ കൂടിയല്ലാതെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്.”
എഴുത്തുകാരനും പരിസ്ഥിതി സമ്പദ്ശാസ്ത്ര ഗവേഷകനുമായ കെ. സഹദേവന്‍ ട്രൂ കോപ്പി തിങ്കില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
കെ. സഹദേവന്‍
പെട്ടിമുടിയിലെ ദുരന്ത സ്ഥലം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും സംസാരിക്കാനും ശ്രമിച്ച മൂന്നാറിലെ തോട്ടം തൊഴിലാളി സംഘടനയയായ ‘പെണ്‍പിള ഒരുമൈ’യുടെ നേതാവ് ഗോമതിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്. അറസ്റ്റിന് തൊട്ടുമുമ്പ് ഗോമതി തന്റെ ഫെയ്‌സ്ബുക്കില്‍ നടത്തിയ ലൈവ് പ്രസംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘പെണ്‍പിള ഒരുമൈ’ നടത്തിയ സമരത്തിന്റെ ആവശ്യകത എന്തായിരുന്നുവെന്ന് ഇനിയെങ്കിലും കേരളീയ സമൂഹം മനസ്സിലാക്കണമെന്നായിരുന്നു ഗോമതി പ്രധാനമായും പറഞ്ഞത്.
“തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മറ്റുള്ളവര്‍ കേള്‍ക്കണമെങ്കില്‍ ഇതുപോലെ ദുരന്തങ്ങള്‍ ഉണ്ടാകണമെന്ന സ്ഥിതിയാണ്. ഞാന്‍ പിറന്നത് കേരളത്തിലാണ്. എന്നെപ്പോലെ കേരളത്തില്‍ പിറന്ന് വളര്‍ന്നവരാണ് ഇപ്പോള്‍ ഇവിടെയുള്ളവരെല്ലാം. തമിഴ്‌നാട്ടില്‍ നിന്ന് വന്നവരുടെ അഞ്ചാം തലമുറയാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഞങ്ങള്‍ എങ്ങനെ തമിഴ്‌നാട്ടുകാരാകും ഇപ്പോള്‍ ടി.വിയില്‍ ചര്‍ച്ചകള്‍ നടക്കുന്നു. പെട്ടിമുടിയിലുള്ളവരെല്ലാം തമിഴ്‌നാട്ടുകാരാണെന്ന് പറഞ്ഞ്. ഞങ്ങളുടെ അപ്പനമ്മമാര്‍, മുത്തശ്ശി, മുത്തച്ഛന്മാര്‍ എല്ലാവരും ഇവിടെ ജനിച്ചവരാണ്.
2017ല്‍ ഞങ്ങള്‍ ഒരു സമരം നടത്തി; ഞങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി വേണം, സ്വന്തമായി വീടുവേണം എന്നീ ആവശ്യങ്ങളുന്നയിച്ച്. ആ സമരത്തെ ആരും പിന്തുണച്ചില്ല. 20 ദിവസം ഞങ്ങള്‍ നടുറോഡിലിരുന്നു. ഈ മണ്ണില്‍ പിറന്ന ഞങ്ങള്‍ക്ക് ഭൂമിക്കും വീടിനും അവകാശമില്ലേ. ഞങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഇവിടെ ആരുമില്ല.
രാവിലെ നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ്. ഞങ്ങളുടെ ഈ കഷ്ടപ്പാട് നിങ്ങളാരും അറിയുന്നില്ല. ഇവിടെ മനുഷ്യന്‍ മരിച്ചുവീഴുന്നത് കാണുന്നില്ലേ. നിങ്ങളോര്‍ക്കണം, ഞങ്ങള്‍ രാവിലെ എട്ടുമണി മുതല്‍ തോട്ടത്തില്‍ നില്‍ക്കണം. കൊടുംതണുപ്പില്‍ മഴയെല്ലാം നനഞ്ഞ്, കാലില്‍ കടിക്കുന്ന അട്ടകള്‍ക്ക് രക്തം കൊടുത്താണ് ഞങ്ങള്‍ പണി ചെയ്യുന്നതെന്ന്. പെട്ടിമുടിയുടെ അപകടവും തോട്ടംതൊഴിലാളികളുടെ ദുരിതവും നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നവര്‍ മാത്രമാണ്. ഞങ്ങള്‍ ഇതെല്ലാം അനുഭവിക്കുകയാണ്.
ഗോമതി
ഒരു ബെഡ് റൂമും അടുക്കളയുമുള്ള വീട്ടില്‍ മക്കളും മുത്തച്ഛന്മാരും മുത്തശ്ശികളുമെല്ലാമായി രണ്ടും മൂന്നും കുടുംബങ്ങള്‍ കഴിയുന്നു. 100 വര്‍ഷം പഴക്കമുള്ള വീട്ടില്‍ ഞങ്ങള്‍ ഇത്രപേരും എങ്ങനെ കഴിയുന്നുവെന്ന് കമ്പനിക്കുപോലും അറിയില്ല. കൊറോണ വന്നതോടെ അകലം പാലിക്കണം എന്നു പറയുന്നു. എട്ടും പത്തും പേര്‍ കഴിയുന്ന ഒറ്റമുറി വീട്ടില്‍ ഞങ്ങള്‍ എങ്ങനെ അകലം പാലിക്കും ഞങ്ങള്‍ക്ക് ഇതെല്ലാം പറഞ്ഞു പറഞ്ഞ് വയ്യാതായി. എല്ലാം സര്‍ക്കാറിന്റെ ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നത്. ഐന്റ വീട് നിങ്ങള്‍ കാണണം. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് ഇതിനകത്തിരിക്കുന്നത്. എത്ര പേര്‍ക്കറിയാം ഇതൊക്കെ.
ഞങ്ങള്‍ 2015ല്‍ നടത്തിയ സമരത്തിലൂടെയാണ് ഇതൊക്കെ കുറച്ചെങ്കിലും പുറം ലോകം അറിഞ്ഞത്. തോട്ടംതൊഴിലാളികള്‍ അടിമകളായാണ് ജീവിക്കുന്നത്. ഇവിടെ സന്തോഷത്തോടെ ജോലിചെയ്യുന്ന ആരുമില്ല. കൊളുന്ത് എടുത്താലേ ഞങ്ങള്‍ക്ക് ആഹാരത്തിനുള്ള വകലഭിക്കൂ. 350 രൂപയെന്ന തുച്ഛമായ കൂലിയില്‍നിന്ന് മിച്ചംപിടിച്ചാണ് മക്കളെ ഞങ്ങള്‍ പഠിപ്പിക്കുന്നത്.
ഇനി ഒരു പെട്ടിമുടി ഉണ്ടാകാതിരിക്കണമെങ്കില്‍ കേരളസമൂഹം ഉണരണം. ഞങ്ങള്‍ക്കുവേണ്ടി നിങ്ങളും രംഗത്തുവരണം. ഞങ്ങള്‍ക്കും ജീവിക്കണം. സ്വന്തമായി ഒരു തുണ്ട് മണ്ണ് ഞങ്ങള്‍ക്കും വേണം. തേയിലത്തോട്ടം, ഈ വീട്, കുടുംബം അതിനപ്പുറം ഞങ്ങള്‍ക്ക് ഒരു ലോകമില്ല. ഒന്നും അറിയുകയുമില്ല. ഞങ്ങള്‍ക്കുവേണ്ടി പറയാന്‍ ആരുമില്ല.”
മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചതിന് പൊലീസുകാരാല്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ പിറ്റേ ദിവസം 2020 ആഗസ്ത് 15 ന് മാധ്യമം ദിനപത്രത്തില്‍ ഗോമതി എഴുതിയ ലേഖനത്തിലെ ചില ഭാഗങ്ങളാണിത്.
തോട്ടം തൊഴിലാളികള്‍ക്ക് കൂടി അവകാശപ്പെട്ട ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി ഇന്നും സ്വകാര്യ പ്ലാന്റേഷനുകള്‍ അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്നതും ഈ ഭൂമി തിരികെപിടിച്ചുകൊണ്ട് തോട്ടം തൊഴില്‍ മേഖലയുടെ സുഗമമായ പുനരധിവാസത്തിന് സര്‍ക്കാറുകള്‍ തയ്യാറാകാത്തതുമായ വിഷയങ്ങളാണ് ഈ ഘട്ടത്തില്‍ സജീവ ചര്‍ച്ചയിലേക്ക് വന്നത്.
കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കയ്യടക്കിവെച്ചിരിക്കുന്ന സ്വകാര്യ പ്ലാന്റേഷന്‍ കുത്തകകളാണ് തോട്ടം തൊഴിലാളികള്‍ക്ക് സംഭവിക്കുന്ന ഈ ദുരന്തങ്ങള്‍ക്ക് കാരണമെന്നാണ് കേരളത്തിലെ സ്വകാര്യ പ്ലാന്റേഷനുകളുടെ ഭൂമി കയ്യേറ്റത്തിനെതിരെ നിരവധി നിയമപോരാട്ടങ്ങള്‍ നടത്തിയ മുന്‍ കേരള ഗവ. റവന്യൂ പ്ലീഡര്‍ സുശീല ഭട്ട് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
സുശീല ഭട്ട്
“തങ്ങളുടെ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താന്‍ മാത്രം താല്‍പര്യമുള്ള ഇവിടുത്തെ ഭൂവുടമകള്‍ തൊഴിലാളി ജീവിതങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. തങ്ങളുടെ ബിസിനസ് സാമ്രാജ്യം ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതില്‍ മാത്രമാണ് ഇക്കൂട്ടരുടെ ശ്രദ്ധ. സാമ്പത്തിക ലാഭം മാത്രമാണ് ഇവരുടെ ലക്ഷ്യം. തൊഴിലാളികള്‍ മണ്ണില്‍ വിയര്‍പ്പൊഴുക്കി പണിയെടുത്ത് ഉണ്ടാക്കുന്ന ഉത്പന്നങ്ങളാണ് തങ്ങള്‍ മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍ക്കുന്നതെന്ന ചിന്ത പോലും ഇവര്‍ക്കില്ല. അതുകൊണ്ടു തന്നെ തൊഴിലാളികളുടെ ജീവിതനിലവാരമോ സാഹചര്യങ്ങളോ ഇവര്‍ പരിഗണിക്കാറുമില്ല.
എത്ര കിട്ടി, എത്ര ചെലവായി, എത്ര കൊടുക്കാനുണ്ട്, ഇനിയുമെത്ര ഉണ്ടാക്കാം എന്നതിനപ്പുറത്തേക്ക് മറ്റൊന്നും ഉടമകളുടെ പരിഗണനാ വിഷയങ്ങളേയല്ല. ഈ ഒരു ചിന്താഗതിയുണ്ടെങ്കിലേ അവര്‍ക്ക് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താന്‍ സാധിക്കൂ എന്നതാണ് സത്യം.
ഈ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടയില്‍ തൊഴിലാളികളുടെ ജീവനും ജീവിതവും വെച്ചാണ് ഇവര്‍ കളിക്കുന്നതെന്ന് ആരും തിരിച്ചറിയുന്നില്ല. ഏതുവിധേനെയും ഈ വമ്പന്‍ മുതലാളിമാരെ പ്രീതിപ്പെടുത്താനും അവരുടെ സേവകരായി കഴിയാനുമാണ് എല്ലാ ഭരണസംവിധാനങ്ങളും രാഷ്ട്രീയകക്ഷികളും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.” സുശീല ഭട്ട് പറയുന്നു.
“കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഭൂരഹിതരും പാര്‍ശ്വവത്കരിക്കപ്പെട്ട തൊഴിലാളികളുമാണ്. അവര്‍ക്കൊക്കെ അവകാശപ്പെട്ട ഭൂമിയാണ് വിദേശ കുത്തകകള്‍ കയ്യേറി കയ്യടക്കിവെച്ചിരിക്കുന്നത്. അവരുടെ ഭൂസ്വത്തിന്റെ യഥാര്‍ത്ഥ ആഴവും പരപ്പും എത്രയാണെന്ന് ഒരു സംവിധാനങ്ങള്‍ക്കുമറിയില്ല. അവരുടെ സാമ്രാജ്യത്തിലേക്ക് ആര്‍ക്കും പ്രവേശനവുമില്ല. തോട്ടങ്ങളിലെ തൊഴിലാളികളെയൊക്കെ കേവലം ആടുമാടുകളെപോലെയാണ് ഈ കമ്പനികള്‍ കണക്കാക്കുന്നത്. ബ്രിട്ടീഷ് കോളനികളുടെ ബാക്കിപത്രങ്ങള്‍ ഇപ്പോഴും നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നു എന്നത് തന്നെയാണ് നമുക്ക് ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്.” സുശീല ഭട്ട് കൂട്ടിച്ചേര്‍ത്തു.
പെട്ടിമുടിയില്‍ സംഭവിച്ച ദുരന്തത്തെ കേവലം പ്രകൃതിദുരന്തമായി മാത്രം കാണാന്‍ കഴിയില്ലെന്നാണ് സ്ഥലം സന്ദര്‍ശിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ എം. ഗീതാനന്ദന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
എം. ഗീതാനന്ദന്‍
“പെട്ടിമുടിയിലേത് വെറുമൊരു ദുരന്തമാണോ അതോ കൂട്ടക്കൊലയാണോ എന്ന ചോദ്യമാണ് ഉയരേണ്ടത്. നൂറ്റാണ്ടുകളായി അടിമസമാനമായ നിലയില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഇവിടുത്തെ മനുഷ്യര്‍ നേരിട്ടത് വംശഹത്യയാണ്, ഇതൊരു കൂട്ടക്കൊലയാണെന്നതില്‍ തര്‍ക്കമില്ല. പെട്ടിമുടി ദുരന്തമുണ്ടായതിന് ശേഷം നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അടിസ്ഥാനപ്രശ്നം മൂടിവെക്കാന്‍ രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത.
ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി കൈവശംവെച്ചുകൊണ്ട് പെട്ടിമുടിയിലെ മനുഷ്യരെ കൂട്ടക്കുരുതിക്ക് കൊടുത്ത ടാറ്റ എന്ന ബഹുരാഷ്ട്ര ഭീമന്‍ ഇപ്പോഴും ചിത്രത്തിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരമൊരു കൂട്ടക്കുരുതി ഇന്നല്ലെങ്കില്‍ നാളെയുണ്ടാവുമെന്നത് പെട്ടിമുടിയുടെ ഭൂമിശാസ്ത്രം പരിശോധിക്കുന്ന, ഇവിടുത്തെ പ്രകൃതി നശീകരണത്തെ തിരിച്ചറിയുന്ന ഏതൊരാള്‍്കും പറയാന്‍ കഴിയും.
തുച്ഛമായുള്ള ‘ലീസ്’ എന്ന പേരില്‍ ടാക്സ് ഇല്ലാതെ സൗജന്യമായാണ് ടാറ്റ ഈ ഭൂമിയില്‍ അധികാരം കയ്യാളിക്കൊണ്ടിരിക്കുന്നത്. പെട്ടിമുടിയിലെ ദുരന്തത്തിന് സമ്പൂര്‍ണ്ണ ഉത്തരവാദി ടാറ്റയാണ്. അതിനാല്‍ ടാറ്റയില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്. പ്ലാന്റേഷന്‍ ലേബര്‍ ആക്ട് എന്ന നിയമം വഴി ടാറ്റയാണ് സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. നിങ്ങള്‍ കുടിക്കുന്ന ചായക്കോപ്പയില്‍ ഞങ്ങളുടെ രക്തമാണ് എന്ന് ഗോമതി പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്.” എം. ഗീതാനന്ദന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
പെട്ടിമുടിയിലേതിന് സമാനമായ മൂന്നാറിലെ നൂറുകണക്കിന് ലയങ്ങളിലെ ജീവിത സാഹചര്യങ്ങള്‍ കേരളത്തിന് അപമാനകരമാണെന്നാണ് പെട്ടിമുടിയിലെ ദുരന്ത സ്ഥലം സന്ദര്‍ശിച്ച കേരള ദളിത് പാന്തേഴ്‌സിന്റെ പ്രവര്‍ത്തകന്‍ കെ. അംബുജാക്ഷന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
കെ. അംബുജാക്ഷന്‍
‘കാലിത്തൊഴുത്തിനേക്കാള്‍ ഭീകരമായി, മഴക്കാലം വന്നാല്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്ന, ഒരു മനുഷ്യന് പോലും കഴിയാന്‍ പറ്റാത്ത രീതിയിലുള്ള ചെറിയ അറകളില്‍, അവരെ തളച്ചിട്ടിരിക്കുകയായിരുന്നു. മൃഗതുല്യമായി പണിയെടുപ്പിച്ചു കൊണ്ടാണ് തോട്ടം തൊഴിലാളികളെ തലമുറകളായി കേരളത്തില്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്. തുച്ഛമായ ഭക്ഷണം കഴിച്ച് മാടുകളെ പോലെ പണിയെടുക്കുന്ന ഈ പ്ലാന്റേഷന്‍ തൊഴിലാളികള്‍ അടിമകള്‍ക്ക് തുല്യരായാണ് ഈ ലയങ്ങളില്‍ ജീവിക്കുന്നത്. ഇതൊരു തരം അടിമത്തമാണ്. പണ്ട് കാലത്ത് ആഫ്രിക്കയില്‍ നിന്നും കറുത്തവര്‍ഗ്ഗക്കാരെ അമേരിക്കയില്‍ തോട്ടം പണിക്ക് കൊണ്ട് വന്നതിനു സമാനമായ ചൂഷണസമ്പ്രദായം ആധുനിക കേരളത്തില്‍ ഇപ്പോഴും നില്‍നില്‍ക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. തലമുറകളായി ഈ ജനതയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നതില്‍ കേരള സര്‍ക്കാരിനും ഇന്ത്യാ ഗവണ്‍മെന്റിനും ടാറ്റക്കും കൂട്ടുത്തരവാദിത്തമുണ്ട്.
നൂറു വര്‍ഷത്തിലധികം കാലം ഈ ജനങ്ങളെ ചൂഷണം ചെയ്ത് കൊള്ളലാഭം ഉണ്ടാക്കിയ ടാറ്റ കമ്പനി തന്നെയാണ് ഈ ദുരന്തത്തിന്റെ ഒന്നാമത്തെ ഉത്തരവാദി. അത് കൊണ്ട് ഈ പാവങ്ങളുടെ പുനരധിവാസത്തില്‍ ഗണ്യമായ ഒരു തുക ടാറ്റയില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തണം.
ഈ കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി നല്‍കാനും, അര്‍ഹമായ നഷ്ടപരിഹാരം, ഇരുപത്തിയഞ്ചു ലക്ഷം രൂപയെങ്കിലും ഓരോ കുടുംബത്തിനും എന്ന രീതിയില്‍ നല്‍കാനും സര്‍ക്കാര്‍ നടപടി എടുക്കണം. ടാറ്റയുടെ ഭൂമിയില്‍ വീണ്ടും ലയങ്ങള്‍ കെട്ടിക്കൊടുക്കാം എന്നാണ് സര്‍ക്കാര്‍ നിലവില്‍ പറഞ്ഞിരിക്കുന്നത്. ടാറ്റയുടെ ഭൂമി ഇനി ഇവര്‍ക്ക് വേണ്ട, ടാറ്റയുടെ ഭൂമിയില്‍ വീട് വെച്ച് കൊടുക്കുക എന്ന് പറഞ്ഞാല്‍ നാളെ വീണ്ടും ടാറ്റയുടെ അടിമകള്‍ ആയി അവര്‍ കഴിയുക എന്നതാണ്. ഈ മുഴുവന്‍ ആളുകളെയും മോചിപ്പിക്കുന്ന, അവര്‍ക്ക് സ്വന്തമായ ഭൂമി അവരുടെ പേരില്‍ കൊടുക്കാനുള്ള നടപടിയാണ് ഇനിയെങ്കിലും ഉണ്ടാകേണ്ടത്.’ കെ. അംബുജാക്ഷന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Is Pettimudi Disaster a massacre