ബിസ്‌ക്കറ്റ് കഴിക്കാതെ കുട്ടികള്‍ പബ്ജി കളിച്ചതാണോ പാര്‍ലേ ജി നഷ്ടത്തിലായത് ? നിര്‍മ്മലാ സീതാരാമനെയും പിയൂഷ് ഗോയലിനെയും കളിയാക്കി ശിവസേന
മുംബൈ: സാമ്പത്തിക മാന്ദ്യം സംബന്ധിച്ച് കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമനും പിയൂഷ് ഗോയലും നടത്തിയ പ്രസ്താവനകളെ വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌നയില്‍ ലേഖനം. സാമ്പത്തിക സ്ഥിതിയെ കുറിച്ചും തൊഴില്‍ നഷ്ടത്തെ കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ടെന്നും അവയെ അവഗണിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ശിവസേന പത്രം പറയുന്നു.
സാമ്പത്തിക സ്ഥിതി വഷളായിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിമാരുടെ പ്രവര്‍ത്തികള്‍ മോദിയുടെയും അമിത് ഷായുടെയും ജോലി കൂടുതല്‍ ബുദ്ധിമുട്ടാക്കി കൊടുക്കുകയാണെന്ന് ലേഖനം പറയുന്നു.
പാര്‍ലേ ജി വില്‍പന കുറയുകയും പതിനായിരം പേര്‍ക്ക് തൊഴില്‍നഷ്ടമാവുകയും ചെയ്തു. കുട്ടികള്‍ ബിസ്‌ക്കറ്റ് കഴിക്കുന്നില്ലെന്നും പകരം പബ്ജി കളിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് നമുക്ക് വിലയിരുത്താന്‍ കഴിയുമോ ? കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ കാര്‍ പരാമര്‍ശത്തെ കളിയാക്കി കൊണ്ട് ശിവസേന ചോദിക്കുന്നു.
പുതുതലമുറ കാര്‍ വാങ്ങുന്നതിനെക്കാള്‍ കൂടുതല്‍ ടാക്‌സി സര്‍വീസുകളെ ആശ്രയിക്കുന്നതാണ് വാഹന വിപണിയിലെ ഉപഭോഗം കുറയാന്‍ കാരണമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത് വിവാദമായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പലമന്ത്രിമാരും ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മാറ്റാനുള്ള ശ്രമത്തിലാണെന്നും അവരുടെ ഈ ഗവേഷണം കൊണ്ട് നഷ്ടപെട്ട ലക്ഷക്കണക്കിന് തൊഴിലുകള്‍ തിരിച്ചു കൊടുക്കാന്‍ സാധിക്കുമോയെന്നും ലേഖനം ചോദിക്കുന്നു.
ജി.ഡി.പി സംബന്ധിച്ച് ടി.വിയില്‍ കാണുന്ന കണക്കുകള്‍ക്ക് പിന്നാലെ പോകരുതെന്നും ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്നതില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് കണക്ക് ഒരുതരത്തിലും പ്രയോജനപ്പെട്ടിട്ടില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നത്. ഈ പ്രസ്താവന അദ്ദേഹം പിന്നീട് തിരുത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ