ഓൺലൈൻ വിവാഹം ഇന്ത്യയിൽ സാധുവാണോ?
N.R.I LEGAL CORNER
ഓൺലൈൻ വിവാഹം ഇന്ത്യയിൽ സാധുവാണോ?
ആര്‍.മുരളീധരന്‍
Tuesday, 28th November 2023, 8:34 pm

പ്രവാസികളായ വായനക്കാരുടെ സംശയങ്ങള്‍ക്ക് എന്‍.ആര്‍.ഐ വിഷയങ്ങളിലെ നിയമ വിദഗ്ധന്‍ അഡ്വ. മുരളീധരന്‍. ആര്‍  മറുപടി നല്‍കുന്നു. ചോദ്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം

Email: info@nrklegal.com


ചോദ്യം:  ഓൺലൈൻ വിവാഹം ഇന്ത്യയിൽ സാധുവാണോ?

ഞാനും എന്റെ പ്രതിശ്രുതവധുവും കോർട്ട്‌ലി എന്ന പ്ലാറ്റ്‌ഫോമിലൂടെ വിവാഹിതരാകാൻ ആഗ്രഹിക്കുന്നു., അത് ഓൺലൈനിൽ ചടങ്ങ് നടത്തുകയും യു.എസ്എ സർക്കാർ അധികാരികൾ  സാധുവായ വിവാഹ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു. ആ വിവാഹ സർട്ടിഫിക്കറ്റ് ഇന്ത്യയിൽ നിയമപരമായ സാധുതയുള്ളതാണോ? ഭാര്യാഭർത്താക്കന്മാരായി ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനോ അല്ലെങ്കിൽ ഒരുമിച്ച് ഒരു വസ്തു വാങ്ങുന്നതിനോ ഇത് ഉപയോഗിക്കാമോ? ആ സർട്ടിഫിക്കറ്റിൽ എനിക്ക് അപ്പോസ്റ്റിൽ സ്റ്റാമ്പ് ലഭിക്കേണ്ടതുണ്ടോ? ഞങ്ങൾ രണ്ടുപേരും ഹിന്ദുമതത്തിൽ പെട്ടവരാണ്.

ഉത്തരം

ഇന്ത്യൻ നിയമമനുസരിച്ച്, ഹിന്ദു വിവാഹ നിയമം, 1955 (Hindu Marriage Act, 1955) അല്ലെങ്കിൽ പ്രത്യേക വിവാഹ നിയമം, 1954 (THE SPECIAL MARRIAGE ACT, 1954) വിവാഹം രജിസ്റ്റർ ചെയ്യാം. രണ്ട് ഇന്ത്യൻ പൗരർ, മതപരിഗണനകളില്ലാതെ ഒരു വിദേശ രാജ്യത്ത്, ആ രാജ്യത്തെ നിനമമനുസരിച്ച് വിവാഹം കഴിക്കുകയാണെങ്കിൽ ഇന്ത്യയിൽ നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വെർച്വൽ വിവാഹങ്ങൾ, ഇ-വിവാഹങ്ങൾ എന്നൊക്കെ അറിയപ്പെടുന്ന ഓൺലൈൻ വിവാഹങ്ങൾ ഇന്ത്യയിൽ വ്യാപകമായി അംഗീകരിക്കപ്പെടുന്നില്ല . ഒരാളുടെ മതത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങളാണ് ഇന്ത്യയിൽ, വിവാഹം പ്രാഥമികമായി നിയന്ത്രിക്കുന്നത്. പുറമേ, പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹ രജിസ്ട്രാറുടെ മുന്നിൽ വച്ചും വിവാഹിതരാവാം.

എന്നാൽ വധൂവരന്മാരുടെ നേരിട്ടുള്ള സാന്നിധ്യം രണ്ടിടത്തും ആവശ്യമാണ്.

എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ വധുവിന്റെയോ വരന്റേയോ നേരിട്ടുള്ള സാന്നിധ്യം ഇല്ലാതെ ഓൺലൈൻ ആയും വിവാഹം രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്.

2021-ൽ കോവിഡ് വ്യാപനത്തെത്തുടർന്ന് നാട്ടിലെത്താൻ കഴിയാതിരുന്ന പങ്കാളികൾക്ക് കേരള ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് കേരളത്തിലെ ഒരു സബ് രജിസ്ട്രാർ വിവാഹം ഓൺലൈൻ ആയി നടത്തിക്കൊടുത്തിട്ടുണ്ട്.

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും ഓൺലൈൻ വിവാഹം അംഗീകരിക്കുന്നില്ല. അതിനാൽ ഓൺലൈൻ വിവാഹം അംഗീകരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന വിവാഹ സർട്ടിഫിക്കറ്റുകൾക്ക് ഇന്ത്യയിൽ അംഗീകാരം ലഭിച്ചേക്കാം.

കാലിഫോർണിയ, കൊളറോഡാ, യൂട്ടാ എന്നീ സംസ്ഥാനങ്ങളാണ് ഓൺലൈൻ വിവാഹങ്ങൾ അംഗീകരിച്ചിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിലെ വിവാഹ ഓഫീസർമാർ നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് അപ്പോസ്റ്റിൽ അറ്റസ്റ്റേഷനും നിർബന്ധമാണ്. അപ്പോസ്റ്റിൽ അറ്റസ്റ്റേഷൻ ഇൻഡ്യ അംഗീകരിച്ചിട്ടുള്ളതാണ്.


അഡ്വ. മുരളീധരന്‍. ആര്‍
+919562916653
info@nrklegal.com
www.nrklegal.com 


content highlights: Is online marriage valid in India?

ആര്‍.മുരളീധരന്‍
ദീര്‍ഘകാലം പ്രവാസി, ഇപ്പോള്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു