| Sunday, 15th January 2023, 7:55 pm

ഏകദിന ക്രിക്കറ്റ്‌ മരിക്കുകയാണോ? ഗ്രീൻഫീൽഡിൽ കളി കാണാൻ ആളില്ലാത്തതിനെ പരാമർശിച്ച് യുവരാജ് സിങ്‌

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരം പുരോഗമിക്കുകയാണ്. ഇന്ത്യ നേടിയ 390 റൺസ് എന്ന കൂറ്റൻ സ്കോറിനെതിരെ മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക നിലവിൽ 17 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് 55 റൺസ് എടുത്ത് നിൽക്കുകയാണ്.

സെഞ്ച്വറി നേടിയ ശുഭ്മാൻ ഗിൽ, വിരാട് കോഹ് ലി എന്നിവരുടെ പ്രകടന മികവിലാണ് ഇന്ത്യൻ ടീമിന് വമ്പൻ സ്കോർ പടുത്തുയർത്താൻ സാധിച്ചത്.

എന്നാൽ മത്സരം കാണാൻ തീരെ കാണികൾ ഇല്ലാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. മത്സരത്തിലെ പകുതിയോളം ടിക്കറ്റുകൾ മാത്രമേ വിറ്റ് പോയിരുന്നുള്ളൂ.

“സ്റ്റേഡിയം പകുതിയും ഒഴിഞ്ഞു കിടക്കുന്നത് എന്നിൽ ആശങ്കയുണ്ടാക്കുന്നു. ഏകദിന ക്രിക്കറ്റ്‌ മരിക്കുകയാണോ? യുവരാജ് ട്വീറ്റ്‌ ചെയ്തു.
യുവരാജിന്റെ ട്വീറ്റിന് മറുപടിയായി “സഹോദരാ, നിങ്ങൾ പാഡ് അണിഞ്ഞ് ഗ്രൗണ്ടിൽ ഇറങ്ങിയാൽ കാണികൾ തനിയെ ഗ്രൗണ്ടിലെത്തും എന്നാണ് മുൻ ക്രിക്കറ്റ്‌ താരമായ ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തത്,’.

എന്നാൽ ഇതിനോടകം തന്നെ ഇന്ത്യ പരമ്പര വിജയിച്ച് നിൽക്കുന്നതിനാലും മത്സരം ഉച്ച സമയത്ത് നടക്കുന്നതിനാലുമാണ് മത്സരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും വലിയ പ്രതികരണങ്ങളൊന്നും ലഭിക്കാത്തത് എന്നാണ് കേരള ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസ്താവിക്കുന്നത്.

“കാണികൾ പൊതുവെ തണുത്ത പ്രതികരണമാണ് ഈ മത്സരത്തോട് കാണിക്കുന്നത്. കൊൽക്കത്തയിലും ഗുവാഹത്തിയിലും കാണുന്ന തിരക്ക് നിങ്ങൾക്ക് കാര്യവട്ടത്ത് കാണാൻ സാധിക്കില്ല.

മത്സരഫലം ഇതിനോടകം തന്നെ ഉറപ്പായ ഈ പരമ്പരയിലേക്ക് ആളുകളുടെ തള്ളിക്കയറ്റം ഞാൻ പ്രതീക്ഷിക്കുന്നില്ല. കൂടാതെ മത്സരം ഉച്ചക്ക് 1:30നാണ് ആരംഭിക്കുന്നത്. ഉച്ച സമയത്തെ ചൂടിൽ ആളുകൾ മത്സരം കാണാനെത്തുക വളരെ പ്രയാസമാണ്. മത്സര ദിവസത്തോടെ ടിക്കറ്റുകൾ വിറ്റു തീർക്കാം എന്നാണ് ഞങ്ങളുടെ പ്രതീക്ഷ,’ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറി വിനോദ് കുമാർ പറഞ്ഞു.

എന്നാൽ കേരള ക്രിക്കറ്റിനോടും മലയാളി താരങ്ങളോടും ബി.സി.സി.ഐ കാണിക്കുന്ന അവഗണന മലയാളികളെ ക്രിക്കറ്റ്‌ മത്സരങ്ങൾ കാണുന്നതിൽ നിന്നും വിമുഖരാക്കുകയാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഉണ്ടായിരുന്നു.

സഞ്ജു സാംസണ് തുടർച്ചയായി ബി.സി.സി. ഐ അവസരങ്ങൾ നിഷേധിക്കുന്നതിനെ ചുവടുപിടിച്ചായിരുന്നു ഈ ചർച്ചകൾ മുന്നോട്ട് പോയത്.

കൂടാതെ കേരളത്തിലെ കായിക മന്ത്രിയായ വി. അബ്ദുൽ റഹ്മാൻ കാര്യവട്ടത്തെ മത്സര ടിക്കറ്റിന്റെ വിലയെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “പണമില്ലാത്തവർ മത്സരങ്ങൾ കാണണ്ട” എന്ന രീതിയിൽ മറുപടി പറഞ്ഞിരുന്നു. ഇതും മത്സരത്തിന്റെ ടിക്കറ്റ് വിൽപനയെ ബാധിച്ചിട്ടുണ്ടാകാം എന്നാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പല ആരാധകരും അഭിപ്രായപ്പെടുന്നത്.

Content Highlights:Is ODI Cricket Dying? Yuvraj Singh rreacting to the absence of people to watch the game in Kerala

We use cookies to give you the best possible experience. Learn more