| Wednesday, 18th April 2018, 3:19 pm

അപ്പോള്‍ ബോംബ് എവിടെ നിന്നാണ് വന്നത് ? ആകാശത്ത് നിന്നോ അതോ ഭൂമിക്കടിയില്‍ നിന്നോ ?; മക്കാ മസ്ജിദ് വിധിക്കെതിരെ ഇരകളാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: മക്ക മസ്ജിദ് കേസില്‍ എന്‍.ഐ.എ കോടതിയുടെ വിധിക്കെതിരെ കേസിലാദ്യം പ്രതികളാക്കപ്പെട്ട മുസ്‌ലിം യുവാക്കള്‍. 9 പേര്‍ കൊല്ലപ്പെടുകയും 60 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കേസില്‍ അസീമാനന്ദ അടക്കമുള്ളവരെ വിട്ടയച്ചതിനെതിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.

മക്ക മസ്ജിദ് സ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി ചെറുപ്പക്കാരെയാണ് ഹൈദരാബാദ് പരിസരത്ത് നിന്ന് പൊലീസ് പിടിച്ചുകൊണ്ടു പോയിരുന്നത്. ഇവരില്‍ പലര്‍ക്കും ജയിലില്‍ പീഡനമേല്‍ക്കേണ്ടിയും ദീര്‍ഘകാലം വിചാരണ തടവുകാരായി കഴിയേണ്ടിയും വന്നിരുന്നു. നിരപരാധികളെന്ന് തെളിഞ്ഞതോടെ സര്‍ക്കാരിന് അവസാനം മാപ്പ് പറയേണ്ടി വന്നിരുന്നു.

കേസിലന്ന് ഇരകളാക്കപ്പെട്ട മൂന്ന് ചെറുപ്പക്കാര്‍ വിധിയെ കുറിച്ച് ദ വയറിനോട് സംസാരിക്കുകയാണ്. കേസില്‍ പ്രതികളില്ലെങ്കില്‍ എവിടെ നിന്നാണ് ബോംബ് വന്നതെന്നും ആരാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ ചോദിക്കുന്നു.

ഇബ്രാഹീം ജുനൈദ്

പൊലീസ് പിടിച്ചു കൊണ്ടു പോയവരില്‍ ഒരാള്‍ മൂന്നാം വര്‍ഷ യുനാനി വൈദ്യ വിദ്യാര്‍ത്ഥിയായിരുന്ന ഇബ്രാഹീം ജുനൈദായിരുന്നു. സ്‌ഫോടനത്തിന് ശേഷം നടന്ന രക്ഷാപ്രവര്‍ത്തനത്തിലടക്കം ഇടപെട്ട ജുനൈദിനെ രണ്ട് മാസത്തിന് ശേഷം ഹൈദരാബാദ് പൊലീസ് പിടിച്ചു കൊണ്ടു പോകുകയായിരുന്നു.

ജയിലില്‍ തന്നെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും കള്ളമൊഴിയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തത് ജുനൈദ് ഓര്‍മിക്കുന്നു. കേസിനെ തുടര്‍ന്ന് പഠനം മുടങ്ങുകയും കോളേജില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. അവസാനം കോടതി വഴിയാണ് പഠിക്കാന്‍ അവസരം കിട്ടിയത്. കേസില്‍ സത്യം പുറത്തു വരികയും ഇരകള്‍ക്ക് നീതി ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷെ വിധി അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ജുനൈദ് പറഞ്ഞു.


Read more: വിദ്യാര്‍ത്ഥികളുടെ സിനിമാസ്വപ്‌നത്തിന് വിലങ്ങുതടി; കോട്ടയം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാലസമരത്തില്‍


കേസ് തീര്‍പ്പാക്കിയതിന് ശേഷവും പൊലീസ് ജുനൈദിനെ വേട്ടയാടി. നിരന്തരമുള്ള പിന്തുടരലുകള്‍ കൊണ്ട് സ്വകാര്യ ആശുപത്രിയിലെ ജോലി നഷ്ടമായെന്ന് അദ്ദേഹം പറയുന്നു.

വേറെ എവിടെ സ്‌ഫോടനമുണ്ടായാലും പൊലീസ് ഞങ്ങളെ തേടിയെത്തും. 2016ലാണ് അവസാനം പൊലീസ് എന്നെ അന്വേഷിച്ചെത്തിയത്. പൊലീസിന്റെ ഇത്തരം നടപടികള്‍ കൊണ്ട് നാട്ടുകാര്‍ തങ്ങളെ ഇപ്പോഴും പ്രതികളായാണ് കാണുന്നത്. ജുനൈദ് പറയുന്നു.

അബ്ദുല്‍ വാജിദ് തദ്ബാന്‍

സ്‌ഫോടനം കഴിഞ്ഞ ശേഷം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരിലാണ് വാജിദിനെയും മൂന്നു മാസങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടുന്നത്. ഒരു ദിവസം ജോലിക്ക് പോകവെ മഫ്തിയിലെത്തിയ 25 ഓളം പൊലീസുകാര്‍ കണ്ണും കൈയും കെട്ടി വാജിദിനെ കൊണ്ടു പോകുകയായിരുന്നു.

“”ക്രൂരമായാണ് എന്നെ അവര്‍ മര്‍ദ്ദിച്ചത്. ലൈംഗികാവയവത്തില്‍ പോലും ഷോക്കടിപ്പിച്ചു. ഉറങ്ങാന്‍ അനുവദിച്ചില്ല. 20ഉം 30ഉം ലിറ്റര്‍ വെള്ളം കുടിപ്പിച്ചു. ഇതിനിടയില്‍ കുറ്റം സമ്മതിക്കാന്‍ പൊലീസ് എനിക്ക് പത്തോ പതിനഞ്ചോ മിനുട്ട് തന്നു. പക്ഷെ കുറ്റസമ്മതം നടത്തുകയോ പരിസരത്തുള്ളവരുടെ പേര് പറയുകയോ ചെയ്തില്ല”” വാജിദ് തദ്ബാന്‍ പറയുന്നു.

“ജുനൈദിനെ പോലെ വാജിദും മൂന്നു മാസമാണ് ജയിലില്‍ കഴിഞ്ഞത്. നിരവധി തവണ ജാമ്യം നിഷേധിക്കപ്പെട്ടു. ഞാന്‍ ഐ.എസ്.ഐ ഏജന്റാണെന്നും ലഷ്‌കര്‍ ഭീകരനാണെന്നും പൊലീസ് പറഞ്ഞു.”

“” കഴിഞ്ഞ ദിവസം 5 പ്രതികളെയും കോടതി വെറുതെ വിട്ടു. അങ്ങനെയാണെങ്കില്‍ ബോംബ് എവിടെ നിന്നാണ് വന്നത് ? ആകാശത്ത് നിന്നോ അതോ ഭൂമിക്കടിയില്‍ നിന്നോ ? ആരാണ് ആക്രമണം നടത്തിയത്. മുസ്‌ലിമായതിന്റെ പേരില്‍ എന്നെ ഒരു പാകിസ്താനിയെന്നും ചാരനെന്നും വിളിച്ചു മുദ്രകുത്തി. ഞാന്‍ ഒരു ഹിന്ദുസ്ഥാനിയാണ്, പക്ഷെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നാണക്കേട് തോന്നുന്നു. ഇപ്പോള്‍ അഖ്‌ലാഖ് മുതല്‍ കഠുവ പെണ്‍കുട്ടി വരെ, കേസിലിപ്പോള്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്”.

മുഹമ്മദ് റഈസുദ്ദീന്‍

മുപ്പത്തിയേഴുകാരനായ റഈസുദ്ദീനും അന്വേഷണ ഉദ്യോഗസ്ഥരോട് ഇതേ ചോദ്യങ്ങള്‍ തന്നെയാണുള്ളത്. ജ്വല്ലറി പണിക്കാരനായ റഈസുദ്ദീന്‍ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സ്‌ഫോടനംഉണ്ടാകുന്നത്. സഹായിക്കാനെത്തിയ റഈസുദ്ദീനെയും മൂന്നു മാസങ്ങള്‍ക്ക് ശേഷം പൊലീസ് പിടിച്ചുകൊണ്ടു പോകുകയാണ് ചെയ്തത്.

“”നായ്ക്കൂട്ടിലാണ് തന്നെ പാര്‍പ്പിച്ചിരുന്നത്. എല്ലാ ദിവസവും മര്‍ദ്ദിക്കപ്പെട്ടു. ഞാന്‍ എവിടെയാണെന്ന് എന്റെ സഹോദരന് അറിയുക പോലുമില്ലായിരുന്നു. അത് അറസ്റ്റുകളുടെ ഒരു സീസണായിരുന്നു. എല്ലാ കുടുംബത്തില്‍ നിന്നും ആരുടെയെങ്കിലുമൊക്കെ മകനോ, ഭര്‍ത്താവോ സഹോദരനുമോ ഒക്കെ പൊലീസിന്റെ കസ്റ്റഡിയിലായിരിക്കും.

കൊടും ഭീകരവാദികളെന്ന പോലെയാണ് ഞങ്ങളെ പാര്‍പ്പിച്ചത്. കുടുംബത്തെയോ അഭിഭാഷകരെയോ കാണാന്‍ ഞങ്ങളെ അനുവദിച്ചിരുന്നില്ല. ആ സമയത്ത് തെലുങ്ക്, ഉറുദു മാധ്യമങ്ങള്‍ പൊലീസ് വിശദീകരണം മാത്രമാണ് നല്‍കിയത്. ജഡ്ജിക്ക് മുന്നിലെത്തും മുമ്പ് തന്നെ ഞങ്ങളെ ഭീകരവാദികളാക്കി പ്രഖ്യാപിച്ചു. മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലുകളെ തുടര്‍ന്നാണ് പക്ഷപാതപരമായ റിപ്പോര്‍ട്ടുകള്‍ കുറഞ്ഞത്. എന്നെ ഭീകരവാദിയും ചാരനുമാക്കിയ ആ ഹെഡ്‌ലൈന്‍ ഞാന്‍ ഒരിക്കലും മറക്കില്ല. ”

11 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ യുവാക്കളുടെ മേല്‍ വീണിട്ടുള്ള തീവ്രവാദ മുദ്ര ഇതുവരെ മാറിയിട്ടില്ല. കോടതി വിധിയില്‍ പ്രതികളാക്കപ്പെട്ടവരുടെ മാത്രമല്ല ഇരകളായവരുടെ കുടുംബങ്ങളും ഞെട്ടലിലാണ്.

“11 വര്‍ഷമായി എന്റെ സഹോദരി ഈ വിധിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. വിധി വന്നപ്പോള്‍ വീണ്ടും തകര്‍ന്നിരിക്കുകയാണ്” സ്‌ഫോടനത്തില്‍ സഹോദരീ പുത്രനെ നഷ്ടമായ മുഹമ്മദ് സലീം പറയുന്നു. സലീമിന്റെ അനന്തരവനായ ശൈഖ് നഈമിന് കൊല്ലപ്പെടുമ്പോള്‍ 18 വയസായിരുന്നു.

മകനെ കിട്ടില്ലെന്ന് അറിയാമെങ്കിലും നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രതികളെ പിടികൂടുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പൊതുജനം ഇടപെടേണ്ട സാഹചര്യമാണുള്ളത്. സലീം പറയുന്നു.

കടപ്പാട്: ദ വയര്‍

We use cookies to give you the best possible experience. Learn more