| Monday, 28th October 2024, 7:42 pm

നെതന്യാഹുവിന് അടി തെറ്റുന്നുവോ ? യുദ്ധതന്ത്രങ്ങള്‍ പാളുന്നതായി ചൂണ്ടിക്കാട്ടി കത്തയച്ച് യൊവ് ഗാലന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ബന്ദിമോചനം സാധ്യമാകണമെങ്കില്‍ വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അയച്ച രഹസ്യക്കത്ത് പുറത്ത്. ഇസ്രഈലിന്റെ യുദ്ധതന്ത്രങ്ങള്‍ പാളുന്നുവെന്നും അതിനാല്‍ യുദ്ധലക്ഷ്യങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും കത്തിന്റെ ഉള്ളടക്കത്തില്‍ പറയുന്നതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.

തുടക്കത്തില്‍ ഹമാസിനെ നശിപ്പിക്കുക, ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനിടെ ബന്ദികളാക്കിയവരെ വീണ്ടെടുക്കുക എന്നീ യുദ്ധലക്ഷ്യങ്ങളാണ് ആദ്യം ഇസ്രഈലിന് മുന്നില്‍ ഉണ്ടായിരുന്നതെങ്കിലും, ഇറാന്റെ പ്രോക്‌സി ഗ്രൂപ്പുകളും ഇറാനും ഇസ്രഈലും തമ്മിലുള്ള ആക്രമണങ്ങള്‍ കാരണം യുദ്ധം വികസിച്ചുവെന്നും ഗാലന്റ് കുറ്റപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ ഏഴ് മുന്നണി യുദ്ധമാണ് ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രഈലിനെതിരായ ഭീഷണികള്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് വേഗം കൈവരിക്കാനാകുന്നില്ലെന്നും ഇത് ക്യാബിനറ്റ് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായും ഗാലന്റ് കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസം (വെള്ളിയാഴ്ച) ഇറാനില്‍ ഇസ്രഈല്‍ വ്യോമാക്രമണം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ കത്ത് അയച്ചതെന്നാണ് ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് ലെബനനിലെ ഹിസ്ബുല്ലയ്ക്കെതിരായ ആക്രമണം രൂക്ഷമാക്കുന്നതിന് മുമ്പ് വടക്കന്‍ ഇസ്രഈലില്‍ താമസക്കാരെ വീടുകളിലേക്ക് തിരികെ കൊണ്ടുവരിക എന്നതായിരുന്നു ഇസ്രഈല്‍ സൈന്യത്തിന്റെ ലക്ഷ്യം. എന്നാല്‍ യുദ്ധം രൂക്ഷമായതോടെ ഇതെല്ലാം തകിടം മറിയുകയായിരുന്നു.

ഗാലന്റിനെ സ്ഥാനത്ത് പുറത്താക്കണമെന്ന് പരസ്യമായി വാദിച്ച ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ഒഴികെയുള്ള എല്ലാ മന്ത്രിമാര്‍ക്കും ഗാലന്റ് കത്തയച്ചതായാണ് വിവരം.

അതേസമയം കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്ററിന്റെ ഞായറാഴ്ച പുറത്ത് വിട്ട് റിപ്പോര്‍ട്ട് അനുസരിച്ച്, ഇറാനെ ആക്രമിച്ചതിന് ശേഷം ഗാലന്റിനെ പുറത്താക്കുമെന്ന് നെതന്യാഹു അള്‍ട്രാ ഓര്‍ത്തഡോക്‌സ് പാര്‍ട്ടി നേതാക്കളോട് പറഞ്ഞിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Content Highlight: Is Netanyahu wrong? Yoav Gallant sent a letter to Netanyahu pointing out that war tactics are being worsened

We use cookies to give you the best possible experience. Learn more