| Friday, 23rd December 2022, 8:08 pm

ലോകകപ്പിനും കോപ്പാ അമേരിക്കക്കും പിറകേ ബാലൻ ഡി ഓറും മെസിക്കോ?

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോൾ മത്സരത്തിലെ ആവേശകരമായ ഫൈനൽ മത്സരത്തിൽ ഫ്രഞ്ച് ശക്തികളും മുൻ ചാമ്പ്യൻമാരുമായ ഫ്രാൻസിനെ പരാജയപ്പെടുത്തി അർജന്റീന ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടിരുന്നു.

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.

ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. മുമ്പ് 1978, 1986 എന്നീ വർഷങ്ങളിൽ ലോകകപ്പ് നേടിയതിന് ശേഷം നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകകപ്പ് കിരീടം സ്വന്തമാക്കാൻ സാധിച്ചതോടെ അർജന്റൈൻ ഇതിഹാസം ലയണൽ മെസിക്ക് അദ്ദേഹത്തിന്റെ കരിയറിൽ പ്രധാനപെട്ട എല്ലാ ക്ലബ്ബ്, ഇന്റർനാഷണൽ ടൈറ്റിലുകളും സ്വന്തമാക്കാൻ സാധിച്ചു.

കൂടാതെ 2021ൽ മുൻ ചാമ്പ്യൻമാരായ ബ്രസീലിനെ തകർത്ത് അർജന്റീന കോപ്പാ അമേരിക്കയിലും മുത്തമിട്ടു.
അടുത്തടുത്ത വർഷങ്ങളിൽ തനിക്ക് സ്വന്തമാക്കാൻ സാധിക്കാതിരുന്ന കോപ്പാ, ലോകകപ്പ് എന്നീ കിരീടങ്ങൾ സ്വന്തമാക്കി അജയ്യനായാണ് മെസി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

ഇപ്പോൾ 2023ലെ ബാലൻ ഡി ഓർ പുരസ്കാരത്തിനും മെസി അർഹനായേക്കാം എന്ന തരത്തിലുള്ള വാർത്തകൾ പ്രമുഖ മാധ്യമങ്ങൾ പുറത്ത് വിടുന്നുണ്ട്. നിലവിൽ ഏഴ് ബാലൻ ഡി ഓർ പുരസ്കാരം കൈവശമുള്ള മെസിയാണ് ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയ ഫുട്ബോളർ. മെസിക്ക് തൊട്ട് പിന്നിൽ റൊണാൾഡോയാണുള്ളത്.

2022ൽ ഗോൾഡൻ ബോൾ സ്വന്തമാക്കിയതിന് പിന്നാലെ ബാലൻ ഡി ഓറും മെസി സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നാണ് പ്രമുഖ സ്പോർട്സ് വെബ്സൈറ്റായ ഗോൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കൂടാതെ 2023ൽ ബാലൻ ഡി ഓർ പുരസ്കാരം ലഭിക്കാൻ സാധ്യതയുള്ളവരുടെ ഒരു പട്ടികയും ഗോൾ തയാറാക്കിയിട്ടുണ്ട്.

ഓരോ താരത്തിന്റെയും റാങ്കിങ് അടിസ്ഥാനപ്പെടുത്തി തയാറാക്കിയ പട്ടികയിൽ മെസിയാണ് ഒന്നാമൻ. 2023 ലെ ബാലൻ ഡി ഓർ കൂടി നേടാനായാൽ എട്ട് ബാലൻ ഡി ഓർ പുരസ്കാരം നേടുന്ന ആദ്യ താരമായി മിശിഹ മാറും.

ബാലന്‍ ഡി ഓർ പട്ടികയില്‍ രണ്ടാമതുള്ളത് ഫ്രാന്‍സ് താരം കിലിയന്‍ എംബാപെയാണ്. ലോകകപ്പ് ഫൈനലില്‍ ഹാട്രിക് ഉള്‍പ്പെടെ നേടിയ യുവതാരം ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഇതോടെ രണ്ട് പി.എസ്.ജി താരങ്ങൾ ബാലൻ ഡി ഓർ പുരസ്കാരത്തിനായുള്ള മത്സരത്തിൽ അടുത്തടുത്തായി സ്ഥാനം പിടിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പർ താരം എര്‍ലിങ് ഹാലണ്ട് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചപ്പോൾ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍, പോളണ്ടിന്റെയും ബാഴ്സയുടെയും സൂപ്പർ താരം റോബര്‍ട്ട് ലവന്‍ഡോസ്‌കി എന്നിവരും പട്ടികയിലിടം പിടിച്ചിട്ടുണ്ട്.

ബ്രസീലിന്റെ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ, ബെൽജിയത്തിന്റെ മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയിൻ എന്നിവരാണ് പട്ടികയിൽ തൊട്ട് താഴത്തെ സ്ഥാനങ്ങളിൽ വരുന്നത്. അര്‍ജന്റീനയുടെ യുവതാരം ജൂലിയന്‍ അല്‍വാരസ് പട്ടികയില്‍ എട്ടാമതാണ്.

മൊഹമ്മദ്‌ സലാ, ബുക്കായോ സാക്കാ, ജമാൽ മുസൈല, എൻസോ ഫെർണാണ്ടസ്, അന്റോണിയോ ഗ്രീസ്മാൻ, ലൂക്കാ മോഡ്രിച്ച് മുതലായവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റു പ്രമുഖ താരങ്ങൾ.

സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കരിം ബെന്‍സെമയാണ് 2021-22 വര്‍ഷത്തില്‍ ബാലന്‍ ഡി ഓര്‍ നേടിയത്. എന്നാൽ ലോകകപ്പിന് മുമ്പ് തുടയിലേറ്റ പരിക്ക് കാരണം ഖത്തര്‍ ലോകകപ്പില്‍ താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.

Content Highlights: Is messi win Ballon d’Or after winning World Cup and Copa America

We use cookies to give you the best possible experience. Learn more