നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം വന്നതുമുതല്‍ സിനിമാ രംഗത്തുള്ളവരും അല്ലാത്തവരുമായി നിരവധി പേര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും പുറത്തുവന്ന അഭിപ്രായങ്ങളിലെല്ലാം അമ്മ ഒരു പുരുഷാധികാര കേന്ദ്രം മാത്രമാണോ എന്ന ചോദ്യമുയരുന്നുണ്ട്. ഒപ്പം അമ്മയെ ഉള്ളില്‍ ഭയന്നുകൊണ്ടാണോ അംഗങ്ങള്‍ സിനിമയില്‍ തുടരുന്നതെന്ന സാഹചര്യത്തിലേക്കും ഈ പ്രതികരണങ്ങള്‍ വിരല്‍ ചൂണ്ടുന്നു.
ദിലീപിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടത് നടി ഉര്‍മിള ഉണ്ണിയാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്ന ഉടനെ നടി മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ മീറ്റിങ്ങില്‍ സംഭവിച്ചതെന്താണെന്ന് വിശദീകരിച്ചിരുന്നു. ആര്‍ക്കും ചോദിക്കാന്‍ ധൈര്യമില്ലാതിരുന്നതുകൊണ്ട് താന്‍ ദിലീപിനെ തിരിച്ചെടുക്കുമോ എന്ന കാര്യം അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട് എന്ന് ചോദിച്ചു എന്നാണ് ഉര്‍മിള ഉണ്ണി പറഞ്ഞത്.
ALSO READ: അഭിപ്രായം തുറന്നുപറഞ്ഞതിന് സിനിമാത്തമ്പുരാക്കന്‍മാര്‍ പുറത്തുനിര്‍ത്തിയ തിലകന്‍
“യോഗം അവസാനിക്കാറായ സമയത്ത് ഇനി ചോദ്യങ്ങള്‍ ബാക്കിയുണ്ടോ എന്ന് വേദിയിലുള്ളവര്‍ ആരാഞ്ഞു. സ്വാഭാവികമായും ദിലീപിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ആകാംക്ഷ ഉണ്ടായിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ എന്നൊക്കെ അറിയാന്‍ താല്‍പര്യവും ഉണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല.” ഉര്‍മിള പറഞ്ഞു.
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടോയെന്ന ചോദ്യത്തിന് ആരും ഒന്നും പറഞ്ഞില്ലെന്നും എല്ലാവരും മിണ്ടാതെ ഇരുന്നുവെന്നും ഉര്‍മിള കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കണം എന്ന അഭിപ്രായമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എല്ലാവരും കയ്യടിച്ചു.
അമ്മയുടെ ഒരു ജനറല്‍ ബോഡി മീറ്റിങ്ങില്‍ വെച്ച് സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താന്‍ അംഗങ്ങള്‍ മടിക്കുന്നുവെന്നതിലേക്കു തന്നെയാണ് ഇക്കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമെന്‍ ഇന്‍ സിനിമ കളക്ടീവ് ദിലീപിനെ തിരിച്ചെടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ നിങ്ങളിപ്പോള്‍ എടുക്കുന്ന നിലപാടിന്റെ പേരില്‍ ഭാവിയില്‍ അവസരം നഷ്ടപ്പെടുമെന്ന് ഭയമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് അതില്‍ ഭയമില്ലെന്നും സിനിമ ചില കുത്തകകള്‍ കൈയ്യടക്കിയിരുന്ന കാലം കഴിഞ്ഞെന്നും റിമ പറഞ്ഞിരുന്നു. പക്ഷെ പ്രത്യാഘാതമുണ്ടാകുമെന്നുറപ്പാണെന്നും റിമ വ്യക്തമാക്കിയിരുന്നു.
ALSO READ: അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ്; വിമന്‍ കളക്ടീവ് വിട്ട് നിന്നു; പൃഥ്വിയും ഫഹദും എത്തിയില്ല
റിമയുടെ മറുപടിയെ അഭിനന്ദിച്ചുകൊണ്ട് എഴുതിയ കുറിപ്പില്‍ എഴുത്തുകാരിയായ ശാരദക്കുട്ടി സൂചിപ്പിച്ച പ്രധാന വസ്തുത പുറത്തിറങ്ങിയാല്‍ മറ്റുവഴികളില്ലാത്ത ഒരു പാടു കലാകാരികള്‍ നിവൃത്തികേടിന്റെ പേരില്‍ ഈ വലിയ വലയില്‍ കുടുങ്ങിക്കിടപ്പുണ്ട് എന്നതായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തിലകനെ “ക്രിസ്ത്യന്‍ ബ്രദേഴ്സ്” എന്ന സിനിമയില്‍ നിന്നും ഒഴിവാക്കിനിടയായ സാഹചര്യത്തില്‍ നിര്‍മ്മാതാവായ സുബൈര്‍ പറഞ്ഞത് ഫെഫ്ക ആവശ്യപ്പെട്ടതിനാലാണ് തിലകനെ ഒഴിവാക്കുന്നത് എന്നായിരുന്നു. അവരെ എതിര്‍ത്തുകൊണ്ട് സിനിമ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് സുബൈര്‍ പറഞ്ഞിരുന്നു. ഫെഫ്കയുടെ തീരുമാനങ്ങളെ പിന്തുണച്ചുകൊണ്ട് അമ്മ രംഗത്തുണ്ടായിരുന്നു.
അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ഈ രണ്ട് സംഘടനകളില്‍ നിന്നും അപ്രഖ്യാപിത വിലക്ക് നേരിട്ട വിനയനൊപ്പം പ്രവര്‍ത്തിക്കാന്‍ സിനിമ പ്രവര്‍ത്തകര്‍ തയ്യാറാകാതിരുന്നതും തങ്ങളും സിനിമയില്‍ നിന്ന് പുറന്തള്ളപ്പെടുമോ എന്ന പേടികൊണ്ടു തന്നെയായിരുന്നു.
WATCH THIS VIDEO:
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.