|

ഇതാ മുംബൈ ലോബിയുടെ പുതിയ അടിമ; കൈഫിന് നേരെ ആരാധകരോഷം

സ്പോര്‍ട്സ് ഡെസ്‌ക്

ബെംഗളൂരുവില്‍ വെച്ച് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരം 238 റണ്‍സിന് ആധികാരികമായി ജയിച്ച് ഇന്ത്യ 2-0 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പര വൈറ്റ്‌വാഷ് ചെയ്ത് സ്വന്തമാക്കിയ ഇന്ത്യയ്ക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ താരവും ഫീല്‍ഡിംഗ് സെന്‍സേഷന്‍ മുഹമ്മദ് കൈഫ് അടക്കമുള്ള പല താരങ്ങളും എത്തിയിരുന്നു.

എന്നാലിപ്പോള്‍ കൈഫിന്റെ അഭിനന്ദനങ്ങള്‍ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും കീഴില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ച് തുടങ്ങിയിരിക്കുന്നു എന്ന അദ്ദേഹത്തിന്റെ ട്വീറ്റാണ് വിമര്‍ശനങ്ങള്‍ക്ക് വഴിമരുന്നിട്ടത്.

‘കെ.എല്‍, രോഹിത്, വിഹാരി, കോഹ്‌ലി, അയ്യര്‍, പന്ത്. ജഡേജ, ആഷ് (അശ്വിന്‍), ബുംറ, ഷമി തുടങ്ങി ഒരുപാട് 11 ഓപ്ഷന്‍സ് ഇപ്പോള്‍ ഇന്ത്യയുടെ മുന്നിലുണ്ട്. പെട്ടന്ന തന്നെ ഇന്ത്യ മികച്ചതായി മാറി. രോഹിത്തിന്റെയും ദ്രാവിഡിന്റെയും കീഴില്‍ ലോകത്തെ തന്നെ തോല്‍പിക്കുന്ന ഒരു ടെസ്റ്റ് ടീം രൂപപ്പെട്ടുവരുന്നു,’ എന്നായിരുന്നു കൈഫ് ട്വീറ്റ് ചെയ്തത്.

എന്നാല്‍ കൈഫിന്റെ ആ ‘പറച്ചില്‍’ ആരാധകര്‍ക്ക് അത്രയ്ക്കങ്ങോട്ട് പിടിച്ചിട്ടില്ല. ഇപ്പോഴുള്ള ഇന്ത്യന്‍ ടീമിനെ വളര്‍ത്തിയടുത്തത് മുന്‍ ക്യാപ്റ്റന്‍ കോഹ്‌ലിയുടെയും മുന്‍ പരിശീലകന്‍ രവിശാസ്ത്രിയുടെയും അധ്വാനമാണെന്നാണ് ആരാധകര്‍ പറയുന്നത്.

കൈഫ് ക്രിക്കറ്റിലെ മുംബൈ ലോബിയെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ശ്രമിക്കുന്നതെന്നും കൈഫ് അവരുടെ കൈയിലെ പുതിയ പാവയോ അടിമയോ ആയി മാറാനാണ് ശ്രമിക്കുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം.

വിരാട് ആര്‍.സി.ബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയപ്പോഴാണ് കൈഫിന് ബംഗളൂരുവില്‍ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നതെന്നും, ഇതിലുള്ള അസൂയയാണ് അദ്ദേഹത്തിനെന്നും ആരാധകര്‍ പറയുന്നു.

‘ട്വിറ്റര്‍ അക്കൗണ്ട് കൈഫിന്റെത് തന്നെയാണ്, എന്നാല്‍ ഇപ്പോല്‍ പറഞ്ഞിരിക്കുന്നത് മറ്റാരോ/ മറ്റാര്‍ക്കോ വേണ്ടിയാണ്’

‘മറ്റു പലരും കളിയാക്കിയപ്പോഴും ട്രോളിയപ്പോഴും വിരാട് മാത്രമാണ് പന്ത്, സിറാജ്, ഷമി പോലുള്ള താരങ്ങള്‍ക്ക് പിന്തുണ നല്‍കിയതെന്ന കാര്യം മറന്നു പോവരുത്,’ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlight: Is Kaif a new puppet? Fans slam Ex-player for ignoring Virat and Shastri’s contribution to Test team