ന്യൂദല്‍ഹി: ജനഗണമന ദേശീയഗാനമാണോ എന്നു ചോദിച്ചുകൊണ്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. ഗുര്‍ഗൗണിലെ വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയ്ക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് മറുപടിയില്ലാത്തത്.
ജനഗണനമന ദേശീയഗാനമാണോ? വന്ദേമാതരം നാഷണല്‍ ഗീതമാണോ? കടുവയാണോ ദേശീയ മൃഗം? മയിലാണോ ദേശീയ പക്ഷി? താമരയാണോ ദേശീയ പുഷ്പം? ഹോക്കിയാണോ ദേശീയ ഗെയിം? എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി തേടിയാണ് വിവരാവകാശ പ്രവര്‍ത്തകന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു വിവരവുമില്ല എന്നായിരുന്നു പല ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്. ശേഷിക്കുന്ന ചോദ്യങ്ങള്‍ പരിസ്ഥിതി മന്ത്രാലയത്തിനു കൈമാറുകയും ചെയ്തു. എന്നാല്‍ അവിടെ ഇതിനു കൃത്യമായ ഉത്തരമുണ്ടായില്ല.
വിവരാവകാശ പ്രകാരം നല്‍കിയ ഈ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാത്ത പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിയ്‌ക്കെതിരെ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്. മറുപടി നല്‍കാത്ത പി.എം.ഒയുടെ നടപടി ശരിയായില്ലെന്നും നിയമാനുസൃതമല്ലെന്നും സി.ഐ.സി വിമര്‍ശിച്ചു. കൂടാതെ വിവരങ്ങള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ ലംഘനമാണിതെന്നും സി.ഐ.സി കുറ്റപ്പെടുത്തി.
” ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ആധികാരികമായി ശേഖരിക്കുകയും ഗവേഷണം നടത്തുകയും അവതരിപ്പിക്കുകയും ചെയ്താല്‍ ഈ ദേശീയതയോടുള്ള ആളുകളുടെ ആദരം നിലനിര്‍ത്താനും ഇതിനെതിരായ പ്രചരണങ്ങള്‍ തടയാനും സാധിക്കും. ഇത് യഥാര്‍ത്ഥ ദേശസ്‌നേഹം സൃഷ്ടിക്കും.” എന്നാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ വിധിയില്‍ പറയുന്നത്.
തിയ്യേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പ് ദേശീയഗാനം ആലപിക്കണമെന്നും ഈ സമയത്ത് ആളുകള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും അടുത്തിടെ സുപ്രീം കോതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ജനഗണമനയും വന്ദേമാതരവുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണകളുണ്ടെന്നാണ് സോഷ്യല്‍ മീഡിയകളിലെയും മാധ്യമങ്ങളിലെയും റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് സി.ഐ.സി പറയുന്നു. അതുകൊണ്ടുതന്നെ ദേശീയഗാനമേതാണ് ദേശീയ ഗീതം എതാണ് എന്നത് സംബന്ധിച്ച് ആധികാരികമായ വിവരം രാഷ്ട്രം നല്‍കേണ്ടതുണ്ടെന്നും സി.ഐ.സി വ്യക്തമാക്കി.