Advertisement
ipl 2021
ഈ സാഹചര്യത്തില്‍ ഐ.പി.എല്‍ ഇനിയും തുടരുന്നത് ശരിയാണോ; വിമര്‍ശനവുമായി ആദം ഗില്‍ക്രിസ്റ്റും
സ്പോര്‍ട്സ് ഡെസ്‌ക്
2021 Apr 25, 06:50 am
Sunday, 25th April 2021, 12:20 pm

മെല്‍ബണ്‍: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഐ.പി.എല്‍ നടത്തുന്നതിനെതിരെ പ്രതികരിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യ കടന്നുപോകുന്ന സങ്കടകരമായ ഈ സാഹചര്യത്തില്‍ ഐ.പി.എല്‍. ഇനിയും തുടരുന്നത് ശരിയാണോയെന്ന് ഗില്‍ക്രിസ്റ്റ് ട്വീറ്റ് ചെയ്തു.

‘കൊവിഡ് മഹാമാരിയെ നേരിടുന്ന ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും സൗഖ്യം നേരുന്നു. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. ഈ സാഹചര്യത്തിലും ഐ.പി.എല്‍. തുടരുകയാണ്. ഇതു ശരിയാണോ അതോ ഇപ്പോഴത്തെ ഭീതിജനകമായ അവസ്ഥയില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ഇത് ഉപകരിക്കുന്നതാണോ’ എന്നായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ട്വീറ്റ്.

നേരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ഓസ്‌ട്രൈലിയയും നവാസുദ്ദീന്‍ സിദ്ദീഖി അടക്കമുള്ള ബോളിവുഡ് താരങ്ങളും സമാന ആശങ്ക ഉന്നയിച്ചിരുന്നു. എന്നാല്‍ ബി.സി.സി.ഐ ഇതുവരെ ഇതില്‍ പ്രതികരിച്ചിട്ടില്ല.

ഐ.പി.എല്‍ ക്രിക്കറ്റ് കവറേജ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അറിയിച്ചിരുന്നു.
രാജ്യത്തെ മനുഷ്യരുടെ ജീവിതത്തിലേക്കും മരണത്തിലേക്കും ശ്രദ്ധതിരിക്കാന്‍ വേണ്ടി തങ്ങളുടെ ഭാഗത്തുനിന്നുള്ള ചെറിയൊരു നീക്കമാണ് ഇതെന്നുമാണ് പത്രം പറഞ്ഞത്. ഒരു ദേശമായി, നിശ്ചയദാര്‍ഢ്യത്തോടെ നില്‍ക്കേണ്ട സമയമാണ് ഇതെന്നും പത്രം വായനക്കാരോട് പറഞ്ഞു.

അതേസമയം, തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ രാജ്യത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്ത് കൊവിഡ് കേസില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 79,719 കേസുകളും യു.എസില്‍ 62,642 ഉം തുര്‍ക്കിയില്‍ 54,791 ഉം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യാന്തരതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം 8.9 ലക്ഷം കേസുകളില്‍ 37 ശതമാനവും ഇന്ത്യയില്‍ നിന്ന് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടുത്ത ഭീഷണിയാണ് രാജ്യത്ത് കൊവിഡ് ഉയര്‍ത്തുന്നത്.

പലസംസ്ഥാനങ്ങളിലും കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്.

അതേസമയം, രാജ്യത്ത് കൊവിഡ് എന്ന് നിയന്ത്രണവിധേയമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മെയ് 11 മുതല്‍ 15 വരെ കൊവിഡ് കേസുകള്‍ രാജ്യത്ത് ഏറ്റവും രൂക്ഷമാകുമെന്നും തുടര്‍ന്ന് കുറയുമെന്നുമാണ് സൂചിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Is it right for the IPL to continue in this covid situation? Adam Gilchrist