റിലീസ് ദിവസം സിനിമയെ പുകഴ്ത്തി വീഡിയോ; ഇന്ന് അപമാനിച്ചെന്ന് പരാതി; രാഹുല്‍ ഈശ്വറിന്റെത് ഏപ്രില്‍ ഫൂളോ ? പ്രൊഡ്യൂസറുമായുള്ള ഒത്തുകളിയോ ? ചോദ്യവുമായി സോഷ്യല്‍ മീഡിയ
കൊച്ചി: കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ മലയാള ചിത്രം മോഹന്‍കുമാര്‍ ഫാന്‍സിനും ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് കൊടുക്കുമെന്ന വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു.
ചിത്രത്തിലെ ഒരു സീന്‍ തന്നെ അപമാനിക്കുന്നതാണെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്. സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നാരോപിച്ചാണ് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
എന്നാല്‍ ഇത് രാഹുല്‍ ഈശ്വറിന്റെ ഏപ്രില്‍ ഫൂള്‍ പോസ്റ്റ് ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നത്. അതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാവുമായുള്ള ഒത്തുകളിയാണ് ഇതെന്നും ചിത്രം തിയേറ്ററില്‍ നിന്ന് പോകാതിരിക്കാനുള്ള പ്രെമോഷന്‍ തന്ത്രമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.
ഇതിന് കാരണമായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത് മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിനെ പുകഴ്ത്തി ചിത്രത്തിന്റെ റിലീസ് ദിവസം രാഹുല്‍ ഈശ്വര്‍ തന്നെ രംഗത്ത് എത്തിയിരുന്നു.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാഹുല്‍ ഈശ്വര്‍ ചിത്രം കണ്ടിരുന്നത്. തന്റെ ചാനല്‍ ചര്‍ച്ചയുടെ ഭാഗം സിനിമയില്‍ ഉള്‍ക്കൊള്ളിച്ച കാര്യം രാഹുല്‍ തന്നെ വീഡിയോയില്‍ പറയുന്നുണ്ട്.
തിയേറ്ററില്‍ നിന്നുള്ള ഈ പ്രതികരണ വീഡിയോ ചിത്രത്തിന്റെ നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
അവതാരകന്‍ അഭിലാഷുമായി മുമ്പ് ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളാണ് സിനിമയില്‍ കോമഡിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘അഭിലാഷേ മുപ്പത് സെക്കന്റ് തരൂ, കഷ്ടമാണിത്’ എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്ന രംഗമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. ‘മുപ്പത് സെക്കന്റ് കൊടുക്ക് അഭിലാഷേ’ എന്ന് സിനിമയില്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും അലന്‍സിയറും മറുപടിയായും പറയുന്നുണ്ട്.
ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമക്കെതിരെ, ഡയറക്ടര്‍ ജിസ് ജോയ്, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കും എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളില്‍ ഐ.പി.സി സെക്ഷന്‍ 499, 500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പൊലീസില്‍ ഇന്ന് തന്നെ പരാതി നല്‍കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക