| Sunday, 5th February 2023, 2:56 pm

ഇത് വിചാരണക്ക് മുമ്പുള്ള തടവാണോ; ക്രിമിനല്‍ നിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കണമെന്ന് പി. ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്രിമിനല്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. 2019ലെ ജാമിയ നഗര്‍ അക്രമക്കേസില്‍ അറസ്റ്റ് ചെയ്ത ഷര്‍ജീല്‍ ഇമാമിനെയും മറ്റ് 10 പേരെയും ദല്‍ഹി കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെയാണ് ചിതംബരം ട്വീറ്റിലൂടെ ക്രിമിനല്‍ നിയമങ്ങളുടെ ദുരുപയോഗത്തെ വിമര്‍ശിച്ചത്.

വിചാരണയ്ക്ക് മുമ്പ് തന്നെ തടവിലാക്കുന്ന രീതി ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥി നേതാക്കളായ ഷര്‍ജീല്‍ ഇമാം, ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവരടങ്ങുന്ന 11 പേരെയാണ് 2019ല്‍ ജാമിയ നഗര്‍ സംഘര്‍ഷത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പ്രതികളല്ലെന്നും അറസ്റ്റിലാക്കപ്പെട്ടവരെ പൊലീസ് ബലിയാടുകളാക്കുകയായിരുന്നുവെന്നും അഡീഷനല്‍ സെഷന്‍ ജഡ്ജി അരുല്‍ വര്‍മ്മ വിധിന്യായത്തിലൂടെ വ്യക്തമാക്കിയിരുന്നു.

അതിനു പിന്നാലെയാണ് പി. ചിദംബരം പ്രതികരിച്ചത്. ഇവര്‍ക്കെതിരെ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്നും ചിദംബരം ചോദിച്ചു. ചിലര്‍ മാസങ്ങളോളവും വര്‍ഷങ്ങളോളവും ജയിലില്‍ കിടന്നു. ഇതൊക്കെയും വിചാരണയ്ക്ക് മുമ്പുള്ള തടവായിരുന്നു. ഇതില്‍ പൊലീസും പ്രോസിക്യൂട്ടരും ഒരുപോലെ ഉത്തരവാദികളാണ്. ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നും മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ ചിദംബരം കുറ്റപ്പെടുത്തി.

മോദിസര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയത്തിനെതിരെയും ചിദംബരം ട്വീറ്റ് ചെയ്തിരുന്നു. ന്യൂനപക്ഷ വിഭാഗക്കാരായ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി കൊണ്ടിരുന്ന മൗലാന ആസാദ് വിദ്യാഭ്യാസ ഫെല്ലോഷിപ്പ് വെട്ടിക്കുറച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്‌കോളര്‍ഷിപ്പുകള്‍ കെട്ടുപ്പിണഞ്ഞു കിടക്കുന്നതിനാലാണ് സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ചതെന്നായിരുന്നു ന്യൂനപക്ഷകാര്യ മന്ത്രി സ്മ്യതി ഇറാനിയുടെ ന്യായീകരണം. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ക്ക് മാത്രമാണോ ഈ തടസമെന്നും ചിദംബരം ചോദിച്ചു.

Content Highlight: Is it pre-trial detention;  wants to end the misuse of criminal laws. P. Chitambaram

We use cookies to give you the best possible experience. Learn more