N.R.I LEGAL CORNER
NRI-യുടെ അഭാവത്തില്‍ നാട്ടിലെ ഫ്ളാറ്റ് വില്‍ക്കാനാവുമോ?
ആര്‍.മുരളീധരന്‍
2024 Jan 10, 09:29 am
Wednesday, 10th January 2024, 2:59 pm

പ്രവാസികളായ വായനക്കാരുടെ സംശയങ്ങള്‍ക്ക് എന്‍.ആര്‍.ഐ വിഷയങ്ങളിലെ നിയമ വിദഗ്ധന്‍ അഡ്വ. മുരളീധരന്‍. ആര്‍  മറുപടി നല്‍കുന്നു. ചോദ്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം

Email: info@nrklegal.com


ചോദ്യം: NRI-യുടെ അഭാവത്തില്‍ നാട്ടിലെ ഫ്ളാറ്റ് വില്‍ക്കാനാവുമോ?

ഞാന്‍ ഇന്‍ഡ്യന്‍ വംശജനായ ആസ്‌ട്രേലിയന്‍ പൗരനാണ്. ഇപ്പോള്‍ ആസ്‌ട്രേലിയന്‍ നഗരമായ സിഡ്നിയിലാണ് താമസം. എന്റെ ‘അമ്മ എന്നോടൊപ്പം താമസിക്കുകയാണ്. അമ്മയുടെ പേരില്‍ കൊച്ചിയില്‍ ഒരു ഫ്ളാറ്റ് ഉണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ അമ്മക്ക് ഉടനെയൊന്നും നാട്ടിലേക്ക് മടങ്ങാന്‍ കഴിയില്ല. ‘അമ്മ ആ ഫ്ളാറ്റ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നു. ഫ്ളാറ്റ് വാങ്ങുന്നയാളും ഒരു NRI ആണ്. 2014 ജനുവരിയില്‍ പ്രമാണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. അമ്മയുടെ അഭാവത്തില്‍ എങ്ങനെയാണ് രജിസ്ട്രേഷന്‍ സാധിക്കുക?

പ്രേംലാല്‍, സിഡ്നി

ഉത്തരം

മുക്ത്യാര്‍ (Power of Attorney) വഴി അമ്മയുടെ അഭാവത്തില്‍ ഫ്ളാറ്റ് വില്‍പ്പനയുടെ രജിസ്ട്രേഷന്‍ നടപടികള്‍ ചെയ്യാവുന്നതാണ്. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ മുക്ത്യാര്‍ കൊടുക്കാവുന്നതാണ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ മുക്ത്യാര്‍ സിഡ്നിയിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് അമ്മയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി മുക്ത്യാര്‍ കൊടുക്കുന്നയാളിന് അയച്ചുകൊടുക്കേണ്ടതാണ്.

സ്റ്റാമ്പ് ഡ്യൂട്ടി ഒടുക്കുന്നതിനുവേണ്ടി മുക്ത്യാര്‍ ജില്ലാ രജിസ്ട്രാറുടെ ഓഫീസില്‍ അഡ് ജൂഡിക്കേറ്റ് ചെയ്യേണ്ടതാണ്. മുക്ത്യാര്‍ കൊടുക്കുന്നയാള്‍ അടുത്ത ബന്ധുവല്ലെങ്കില്‍ വലിയ തുക സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജ്ജുമായി കൊടുക്കേണ്ടിവരും. അതുപോലെ വില്‍ക്കുന്നയാള്‍ NRI/ OCI ആയതിനാല്‍ ഒടുക്കേണ്ടിവരുന്ന വരുമാനനികുതിയും വളരെ കൂടുതലായിരിക്കും. TDS ഒടുക്കേണ്ട ഉത്തരവാദിത്വം വാങ്ങുന്നയാള്‍ക്കാണ് (സാധാരണയായി TDS തുക വിലയില്‍ കുറവുവരുത്തുകയാണ് ചെയ്യാറ്).

വ്യവസ്ഥകളെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ഒരു വില്‍പ്പന കരാര്‍ ആദ്യമേതന്നെ ഉണ്ടാക്കുന്നത് നല്ലതാണ്. വില്‍പ്പനത്തുക ബാങ്ക് അക്കൗണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. ഇതിന് റിസര്‍വ്വ് ബാങ്കിന്റെയൊന്നും അനുവാദം ആവശ്യമില്ല. രജിസ്ട്രേഷന്‍ നടപടികള്‍ ഏകോപിപ്പിച്ച് ചെയ്യുന്നതിനായി ഒരു നിയമ സ്ഥാപനത്തെ ഏല്‍പ്പിക്കാവുന്നതാണ്.


അഡ്വ. മുരളീധരന്‍. ആര്‍
+919562916653
info@nrklegal.com
www.nrklegal.com 


എന്‍.ആര്‍.ഐ ലീഗല്‍ കോര്‍ണറില്‍ നേരത്തെ പ്രസിദ്ധീകരിച്ചവ ഇവിടെ വായിക്കാം

content highlights: Is it possible to sell flat in Kerala in absence of NRI?

ആര്‍.മുരളീധരന്‍
ദീര്‍ഘകാലം പ്രവാസി, ഇപ്പോള്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു