മെസിയും റൊണാൾഡോയും ലാ ലിഗയിൽ കളിക്കുന്ന കാലമാണ് ഇരു താരങ്ങളുടെയും കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കാലഘട്ടം. ചിരവൈരികളായ റയൽ മാഡ്രിഡിനും ബാഴ്സലോണക്കുമായി മികച്ച പ്രകടനമാണ് ഇരു താരങ്ങളും പുറത്തെടുത്തത്.
എന്നാൽ മെസിയേയും റൊണാൾഡോയെയും എതിരിട്ടതിനെക്കുറിച്ചുള്ള അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് ലാ ലിഗയിലെ മറ്റൊരു പ്രമുഖ ക്ലബ്ബായ അത് ലറ്റിക്കോ മഡ്രിഡിന്റെ പ്രതിരോധ നിര താരം ഡീഗോ ഗോഡിൻ.
മെസിയാണ് റൊണാൾഡോയെക്കാൾ എതിരിടാൻ പ്രയാസമുള്ള താരമെന്നാണ് ഗോഡിൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. 2010 മുതൽ 2019 വരെ അത് ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബിനായി കളിച്ച താരം ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി നിരവധി തവണയാണ് മെസിയേയും റൊണാൾഡോയേയും എതിരിട്ടത്.
“എന്നെ സംബന്ധിച്ചിടത്തോളം മെസിയെ മാർക്ക് ചെയ്യുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. യൂറോപ്പിൽ കളിച്ചിരുന്ന കാലത്തെല്ലാം മെസിയെയും റൊണാൾഡോയെയും എതിരിടുക എന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ കാര്യം.
ഞാൻ അത് ലറ്റിക്കോ മാഡ്രിഡിൽ കളിക്കുന്ന കാലത്ത് ഞങ്ങളുടെ കയ്യിൽ നിന്നും ധാരാളം ടൈറ്റിലുകൾ അവർ സ്വന്തമാക്കിയിട്ടുണ്ട്. മെസി ഇല്ലാത്ത ബാഴ്സലോണയോടോ അല്ലെങ്കിൽ റൊണാൾഡോയില്ലാത്ത റയലിനോടോ മത്സരിച്ചിരുന്നെങ്കിൽ കുറച്ചു കൂടി ലീ ഗ് ടൈറ്റിലുകളും ചിലപ്പോൾ ചാമ്പ്യൻസ് ലീഗ് കിരീടവും ഞങ്ങൾക്ക് നേടാൻ സാധിച്ചേനെ.
ഈ രണ്ട് വമ്പൻ താരങ്ങൾക്കെതിരെ കളിക്കേണ്ടി വന്നതാണ് ഞങ്ങളുടെ കിരീട ക്ഷാമത്തിന് കാരണം,’ ഡീഗോ ഗോഡിൻ പറഞ്ഞു.
ഇ.എസ്.പി.എൻ ഉറുഗ്വേക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. 2013-2014 ലാ ലിഗ ടൈറ്റിൽ നേടാൻ സാധിച്ച താരമാണ് ഗോഡിൻ.
അതേസമയം നീണ്ട ഇടവേളക്ക് ശേഷം മെസിയും റൊണാൾഡോയും സൗദിയിൽ വെച്ച് പരസ്പരം ഏറ്റുമുട്ടിയിരുന്നു. കളിയിൽ വിജയിക്കാൻ പി.എസ്.ജിക്ക് സാധിച്ചിരുന്നുവെങ്കിലും മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി മാൻ ഓഫ് ദി മാച്ച് ആകാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു.
Content Highlights:Is it difficult to face Messi or Ronaldo? The opponent of both Diego Godin said the answer