| Tuesday, 20th July 2021, 4:43 pm

ഇത് ഒരു സര്‍ക്കാര്‍ തന്നെയാണോ! അതോ പഴയ ഹിന്ദി സിനിമകളിലെ ആര്‍ത്തിപ്പിടിച്ച പലിശക്കാരോ? വിമര്‍ശനവുമായി രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോളിനും ഡീസലിനും കേന്ദ്രം ചുമത്തിയ നികുതി സംബന്ധിച്ചാണ് രാഹുലിന്റെ വിമര്‍ശനം. ഇത് സര്‍ക്കാരാണോ അതോ പഴയ ഹിന്ദി സിനിമകളിലെ അത്യാഗ്രഹികളായ പലിശക്കാരനാണോ എന്നാണ് രാഹുല്‍ ചോദിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി പിരിവ് 88 ശതമാനം ഉയര്‍ത്തി 3.35 ലക്ഷം കോടി രൂപ നേടി എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

ഒരു വശത്ത് കേന്ദ്രം വായ്പയെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണെന്നും മറുവശത്ത് നികുതി കൊള്ളയിലൂടെ സമ്പാദിച്ചുകൂട്ടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഇത് ഒരു സര്‍ക്കാര്‍ തന്നെയാണോ, അതോ പഴയ ഹിന്ദി സിനിമകളിലെ ആര്‍ത്തിപ്പൂണ്ട പലിശക്കാരോ?’ രാഹുല്‍ ചോദിച്ചു.

ഇന്ധന വിലവര്‍ധനവ് വഴി കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 88 ശതമാനം അധികവരുമാനമാണ്. ലോക്സഭയില്‍ പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി രാമേശ്വര്‍ തേലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് ഇന്ധനനികുതി വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവ കഴിഞ്ഞ വര്‍ഷം 19.98 ല്‍ നിന്ന് 32.9 യിലേക്കാണ് വര്‍ധിപ്പിച്ചത്.

ഡീസലിനാകട്ടെ ഇത് 15.83 ല്‍ നിന്ന് 31.8 രൂപയാക്കി. ഇതാണ് കേന്ദ്രസര്‍ക്കാരിന് റെക്കോഡ് വരുമാനം കൊണ്ടുവന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം, ഇതുവരെ (ഏപ്രില്‍-ജൂണ്‍) തീരുവയില്‍ നിന്നുള്ള വരുമാനം 1.01 ലക്ഷം കോടി രൂപ കടന്നതായും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. കൊവിഡും ലോക്ഡൗണും മൂലം ഗതാഗതവും മറ്റും കുറഞ്ഞില്ലായിരുന്നെങ്കില്‍ വരുമാനം ഇതിലും ഉയര്‍ന്നേനെ.

പെട്രോള്‍, ഡീസല്‍ തീരുവയില്‍ നിന്നു 2019-20ല്‍ 1.78 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്ര സര്‍ക്കാരിനു ലഭിച്ചത്. 2018-19ല്‍ 2.13 ലക്ഷം കോടിയായിരുന്നു തീരുവയില്‍ നിന്നുള്ള വരുമാനം.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ പെട്രോളിന് 39 തവണയും ഡീസലിന് 36 തവണയും വില വര്‍ധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  “Is It A Government Or Greedy Money Lender From Old Hindi Films?”: Rahul Gandhi On Fuel Tax

We use cookies to give you the best possible experience. Learn more