ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോളിനും ഡീസലിനും കേന്ദ്രം ചുമത്തിയ നികുതി സംബന്ധിച്ചാണ് രാഹുലിന്റെ വിമര്‍ശനം. ഇത് സര്‍ക്കാരാണോ അതോ പഴയ ഹിന്ദി സിനിമകളിലെ അത്യാഗ്രഹികളായ പലിശക്കാരനാണോ എന്നാണ് രാഹുല്‍ ചോദിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി പിരിവ് 88 ശതമാനം ഉയര്‍ത്തി 3.35 ലക്ഷം കോടി രൂപ നേടി എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
ഒരു വശത്ത് കേന്ദ്രം വായ്പയെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണെന്നും മറുവശത്ത് നികുതി കൊള്ളയിലൂടെ സമ്പാദിച്ചുകൂട്ടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഇത് ഒരു സര്‍ക്കാര്‍ തന്നെയാണോ, അതോ പഴയ ഹിന്ദി സിനിമകളിലെ ആര്‍ത്തിപ്പൂണ്ട പലിശക്കാരോ?’ രാഹുല്‍ ചോദിച്ചു.
ഇന്ധന വിലവര്‍ധനവ് വഴി കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 88 ശതമാനം അധികവരുമാനമാണ്. ലോക്സഭയില്‍ പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി രാമേശ്വര്‍ തേലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് ഇന്ധനനികുതി വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവ കഴിഞ്ഞ വര്‍ഷം 19.98 ല്‍ നിന്ന് 32.9 യിലേക്കാണ് വര്‍ധിപ്പിച്ചത്.