| Tuesday, 24th October 2023, 6:16 pm

ഭാര്യയെ ഭര്‍ത്താവ് അനുസരിച്ചാല്‍ കോമഡിയാണോ; അവതാരകയെ തിരുത്തി രണ്‍ജി പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാര്യയെ അനുസരിക്കുന്ന ഭര്‍ത്താവ് കോമഡിയാവുന്നത് നമ്മുടെ വ്യവസ്ഥയുടെ കുഴപ്പമാണെന്ന് നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. പുരുഷന്‍ ഭാര്യക്ക് വഴങ്ങി ജീവിക്കുന്നത് നമ്മുടെ സമൂഹത്തില്‍ സ്വീകാര്യമല്ലെന്നും ഭാര്യ എപ്പോഴും പുരുഷന് വഴങ്ങി ജീവിക്കേണ്ടതാണെന്ന് ഏതോ കാലത്ത് എഴുതിവെക്കപ്പെട്ട ഒരു വ്യവസ്ഥയുടെ ഭാഗമാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അവതാരക നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മുമ്പ് ചെയ്ത കോമഡി റോളുകള്‍ക്കെല്ലാം ഭാര്യയെ അനുസരിക്കുന്ന ഒരു പാവം ഭര്‍ത്താവ് ഇമേജായിരുന്നു എന്നാണ് അവതാരക പറഞ്ഞത്.

‘ഭാര്യയെ അനുസരിക്കുന്നത് ഒരു കോമഡിയായാണ് നമ്മുടെ സമൂഹം കാണുന്നത്. ഭര്‍ത്താവിനെ ഭാര്യ അനുസരിച്ചാല്‍ കോമഡിയില്ല. നമ്മുടെ വ്യവസ്ഥയുടെ കുഴപ്പമാണ്. ഭര്‍ത്താവിന് ഭാര്യയെ പേടിയാണെന്ന് പറഞ്ഞാല്‍ അതൊരു പോരായ്മയാണ്. പുരുഷന്‍ ഭാര്യക്ക് വഴങ്ങി ജീവിക്കുന്നത് നമ്മുടെ സമൂഹത്തില്‍ സ്വീകാര്യമല്ല. ഭാര്യ എപ്പോഴും പുരുഷന് വഴങ്ങി ജീവിക്കേണ്ടതാണെന്ന് ഏതോ കാലത്ത് എഴുതിവെക്കപ്പെട്ട ഒരു വ്യവസ്ഥയുടെ ഭാഗമാണ്. പുരുഷന്‍ ഭാര്യയെ അനുസരിച്ച് ജീവിക്കുന്നത് കോമഡിയായാണ് ഇന്നും നമ്മുടെ സമൂഹം കാണുന്നത്,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

താന്‍ എയര്‍ പിടിച്ചാണ് എപ്പോഴും നില്‍ക്കാറുള്ളത് എന്ന ട്രോളുകളോടും രണ്‍ജി പണിക്കര്‍ പ്രതികരിച്ചിരുന്നു. ‘ഞാന്‍ നെഞ്ച് വിരിക്കുന്നതല്ല, എന്റെ ശരീരം അങ്ങനെയാണ്. ഞാന് ബലം പിടിച്ച് നില്‍ക്കുന്നതല്ല. എന്റെ ശരീരത്തിന്റെ ഒരു വൈരൂപ്യം എന്ന് വേണമെങ്കില്‍ പറയാം. ചിലര്‍ക്ക് ഭംഗിയുള്ളതായും ചിലര്‍ക്ക് ഭംഗിയില്ലാതെയും തോന്നാം. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന ഒരു ബോഡി ലാംഗ്വേജിലേക്ക് അഡാപ്റ്റ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നതാവാം. ചിലപ്പോള്‍ വിജയിക്കുന്നുണ്ടാവാം. ചിലപ്പോള്‍ പരാജയപ്പെടുന്നുണ്ടാവാം,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

അതേസമയം രണ്‍ജി പണിക്കര്‍ അഭിനയിക്കുന്ന പുതിയ വെബ് സീരിസ് മാസ്റ്റര്‍ പീസ് റിലീസിന് ഒരുങ്ങുകയാണ്.
സീരീസ് ഒക്ടോബര്‍ 25 മുതല്‍ ഹോട്സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങും. നിത്യ മേനോന്‍, ഷറഫുദ്ദീന്‍, അശോകന്‍, ശാന്തി കൃഷ്ണ, മാല പാര്‍വതി തുടങ്ങിയവരാണ് ഈ സീരീസില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ശ്രീജിത്ത് എന്‍. ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. മാത്യൂ ജോര്‍ജ് ആണ് നിര്‍മാതാവ്.

Content Highlight: Is it a comedy if the husband obeys the wife; Ranji Panicker corrected the presenter

We use cookies to give you the best possible experience. Learn more