കൊവിഡ് പിടിമുറുക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ഐ.എസ്.എല്‍ ഒഫീഷ്യല്‍സ്. ടീമുകളില്‍ കൊവിഡ് പടര്‍ന്നു പിടിക്കുകയും കളിക്കാന്‍ താരങ്ങളില്ലാതെ മത്സരങ്ങള്‍ മാറ്റിവെക്കുകയും ചെയ്യുമ്പോള്‍ ടൂര്‍ണമെന്റിന്റെ ഭാവിയും അനിശ്ചിതത്വത്തിലാവുകയാണ്.
‘എന്നാല്‍ അത്തിക്കായ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ്’ എന്ന അവസ്ഥയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോഴാണ് കൊവിഡ് കാരണം മത്സരങ്ങള്‍ മാറ്റിവെക്കുന്നത്.
എന്നാലിപ്പോള്‍ മത്സരത്തില്‍ സ്റ്റാര്‍ട്ടിംഗ് ഇലവനെ പോലും കളത്തില്‌റക്കാന്‍ കഴിയാതെ പെടാപ്പാട് പെടുകയാണ് ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ പകുതിയിലേറെ താരങ്ങള്‍ക്ക് കൊവിഡ് ബാധയേറ്റിട്ടുണ്ടെന്നാണ് ദേശായമാധ്യമമായ ന്യൂസ് 18 ബംഗ്ലാ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ തങ്ങളുടെ അഞ്ച് താരങ്ങള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ഇതോടെ ടീമിന്റെ അടുത്ത മത്സരവും മാറ്റി വെക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ബ്ലാസ്‌റ്റേഴ്‌സ്. കൊവിഡ് ബാധയെ തുടര്‍ന്ന് കേരള-മുംബൈ സിറ്റി എഫ്.സി മത്സരം മാറ്റി വെച്ചിരുന്നു. കേരളത്തിന്റെ മാത്രമല്ല മറ്റ് ടീമുകളുടെയും, തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന മത്സരവും മാറ്റി വെച്ചിരുന്നു. ഇതോടെ ടൂര്‍ണമെന്റിന്റെ നടത്തിപ്പും ചോദ്യചിഹ്നത്തിലാണ്.
കേരള ബ്ലാസ്റ്റേഴ്സ് താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാരന് കൊവിഡ് ബാധിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ സകല ഗെയിം പ്ലാനും അവതാളത്തിലായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ടീമിന് പരിശീലനം നടത്താനോ, ബയോ ബബിളിന് പുറത്ത് കടക്കാനോ സാധിക്കാത്ത അവസ്ഥയാണ്.
ടീം മീറ്റിംഗുകള്‍ ചേരാനോ ജിം ഉപയോഗിക്കാമോ സാധിക്കുന്നില്ലെന്നും കോച്ച് വുകോമനൊവിച്ച് പറഞ്ഞിരുന്നു.
ഇതേ അവസ്ഥതന്നെയാണ് മറ്റ് ടീമുകള്‍ക്കും. കുറച്ചൊന്ന് മങ്ങകിയെങ്കിലും ഫോമിലേക്ക് മടങ്ങിയെത്തിയ എ.ടി.കെ മോഹന്‍ ബഗാന്റെ രണ്ട് മത്സരങ്ങളായിരുന്നു മാറ്റി വെക്കപ്പെട്ടത്. ഒഡീഷയുടെയും ബെംഗളൂരുവിന്റെയും മത്സരങ്ങളും ഇത്തരത്തില്‍ മാറ്റി വെച്ചിരുന്നു.
ഐ.എസ്.എല്ലില്‍ ആകെ 70ല്‍ അധികം കൊറോണ കേസുകള്‍ ഇപ്പോള്‍ ഉണ്ട്. മൂന്ന് ക്ലബുകള്‍ ഒഴികെ ബാക്കി എല്ലാ ക്ലബുകളും ഐസൊലേഷനില്‍ ആണ്. ഇതോടെ ഐ.എസ്.എല്‍ റദ്ദാക്കുമോ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: ISL about to be canceled?