| Friday, 15th December 2017, 4:18 pm

2005 ല്‍ നിര്‍മാണം തുടങ്ങിയ ഐ.എന്‍.എസ് കല്‍വരിയെ 2014 ല്‍ പ്രഖ്യാപിച്ച മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കീഴിലാക്കി മോദി; തള്ള് പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

എഡിറ്റര്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ പ്രഥമ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐ.എന്‍.എസ് കല്‍വരി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ പൂര്‍ത്തിയാക്കിയ ആദ്യ ദൗത്യമെന്ന ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അവകാശവാദത്തെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ.

ഇന്നലെയാണ് ഐ.എന്‍.എസ് കല്‍വരി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഏറ്റെടുത്ത ഏറ്റവും വലിയ ദൗത്യമായിരുന്നു ഇതെന്നായിരുന്നു പ്രതിരോധമന്ത്രാലയത്തിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചും പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയിരുന്നു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ഐ.എന്‍.എസ് കല്‍വരി എന്നായിരുന്നു മോദി തന്റെ പ്രസംഗത്തിലും പറഞ്ഞത്. രണ്ട് ദശാബ്ദത്തിന് ശേഷമാണ് ഇത്തരമൊരു മുങ്ങിക്കപ്പല്‍ ഇന്ത്യയ്ക്ക് സ്വന്തമാകുന്നതെന്നും ഇന്ത്യന്‍ നാവികസേനയ്ക്ക് ഈ കപ്പല്‍ വലിയൊരു മുതല്‍ക്കൂട്ടാവുമെന്നും വളരെ അഭിമാനപൂര്‍വമാണ് ഐ.എന്‍.എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.

എന്നാല്‍ ഫ്രഞ്ച് നേവല്‍ ഡിഫെന്‍സും എനര്‍ജി കമ്പനി ഡി.സി.എന്‍.എസും ഡിസൈന്‍ ചെയ്ത ഐ.എന്‍.എസ് കല്‍വരി എങ്ങനെയാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകുകയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

മാത്രമല്ല സെപ്റ്റംബര്‍ 2014 ലാണ് മോദി മേക്ക് ഇന്ത്യ പദ്ധതി പ്രഖ്യാപിക്കുന്നത്. എന്നാല്‍ 2005 ലെ ഇന്ത്യ-ഫ്രാന്‍സ് കരാര്‍ പ്രകാരം കല്‍വരിയുടെ നിര്‍മാണം 2006 ല്‍ തന്നെ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതിരോധമന്ത്രാലയവും മോദിയും അവകാശപ്പെടുന്നതുപോലെ ഇത് മേക്ക് ഇന്‍ ഇന്ത്യയുടെ അയലത്ത് പോലും വരില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പരിഹസിക്കുന്നത്.

ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച അന്തര്‍വാഹിനിയാണ് ഇത്. ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍ ആണ് നിര്‍മാണത്തിന് പിന്നില്‍. പിന്നെ എങ്ങനെ ഇത് മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ വരുമെന്നായിരുന്നു പലരുടേയും ചോദ്യം.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more