| Monday, 11th January 2021, 4:59 pm

' മുസ്‌ലിങ്ങള്‍ നില്‍ക്കുന്നിടം പാകിസ്താനും, ഹിന്ദുക്കള്‍ നില്‍ക്കുന്നിടം ഹിന്ദുസ്ഥാനും; മോദിയുടെ ഗുജറാത്തിനെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടയാളപ്പെടുത്തുന്നത്

അങ്കിത മുഖോപാധ്യായ്‌

2002 ഫെബ്രുവരിയില്‍ ഗുജറാത്തിലെ ഒരു ചെറുനഗരമായ ഗോധ്രയില്‍ ഹിന്ദു തീര്‍ത്ഥാടകരുമായി പോയ ഒരു ട്രെയിനിന് തീയിട്ടു. ഡസന്‍കണക്കിന് ആളുകള്‍ അവിടെവെച്ച് കൊല്ലപ്പെട്ടു. പ്രദേശിക മുസ്‌ലിങ്ങളെ ആ ആക്രമണത്തിന്റെ ഉത്തരവാദികളുമാക്കി.

ഇത് പിന്നീട് മൂന്ന് ദിവസം നീണ്ടു നിന്ന വര്‍ഗീയ കലാപത്തിനും വഴിവെച്ചു. ഇതാകട്ടെ ആയിരക്കണക്കിന് പേരുടെ മരണത്തിനും അനേകം പേരെ സ്വന്തം സ്ഥലത്ത് നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതിനും ഇടയാക്കി.

ഗുജറാത്തിലെ മൂന്നാമത്തെ വലിയ നഗരമായ വഡോദരയോട് അടുത്ത് നില്‍ക്കുന്ന പ്രദേശമാണ് തണ്ടല്‍ജ. 2002ലെ കലാപത്തെ തുടര്‍ന്ന് മുസ്‌ലിം അഭയാര്‍ത്ഥികള്‍ക്കുള്ള പുനരധിവാസ കേന്ദ്രമായി തണ്ടല്‍ജ മാറി. അപ്പോഴും ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.

”ഞങ്ങള്‍ തണ്ടല്‍ജയിലാണ് ജീവിക്കുന്നതെന്ന് പറഞ്ഞാല്‍ ആളുകള്‍ ഭയപ്പാടോടെയാണ് നോക്കുക. ഉദ്യോഗസ്ഥരും നാട്ടുകാരുമെല്ലാം ഈ പ്രദേശത്തെ ഭയത്തോടും സംശയത്തോടും കൂടിയാണ് കാണുന്നത്,” പ്രദേശവാസിയായ അസ്ഹര്‍ (പേരു മാറ്റിയിട്ടുണ്ട്) ഡി.ഡബ്ല്യുവിനോട് പറഞ്ഞു.

അഹമ്മദാബാദിലും ഇത് തന്നെയാണ് അവസ്ഥ. മുസ്‌ലിങ്ങള്‍ ഇവിടെ നിരന്തരം വിവേചനം നേരിടുന്നുവെന്നാണ് പ്രദേശവാസിയായ നിയാസ് പറയുന്നത്. 2002ലെ കലാപത്തില്‍ വീട് നഷ്ടമായ നിയാസ് ഇപ്പോള്‍ ഒരു എന്‍.ജി.ഒ നിര്‍മ്മിച്ചു നല്‍കിയ വീട്ടിലാണ് താമസിക്കുന്നത്.

” 2002ന് ശേഷം ജീവിതം ദുസ്സഹമാകുകയായിരുന്നു. പുനരധിവാസ കേന്ദ്രത്തിനടുത്തുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ജോലി പോലും ലഭിക്കില്ല. എന്തെന്നാല്‍ അവര്‍ മുസ്‌ലിങ്ങളാണ്. അവിടെയുള്ള ഞങ്ങളുടെ പ്രദേശത്തെ പാകിസ്താന്‍ എന്നും അവരുടെ പ്രദേശത്തെ ഹിന്ദുസ്ഥാന്‍ എന്നുമാണ് വിളിക്കുക. മോദി സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെ ഞങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ റോഡിന് മറുവശത്തിരുന്ന് ഞങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു,”

‘സെക്കന്‍ഡ് ക്ലാസ്’ പൗരന്മാര്‍

2002 ലെ കലാപം ആരംഭിച്ച ഗോധ്രയിലെ ഒരു ഡോക്ടര്‍ ഡി.ഡബ്ല്യുവിനോട് പറഞ്ഞത് അവിടുത്തെ മുസ്‌ലിം പൗരന്മാര്‍ക്ക് തങ്ങള്‍ രണ്ടാം കിട പൗരന്മരാണെന്ന് സ്വയം അംഗീകരിച്ച നിലയില്‍ ആണെന്നാണ്.

” വിശ്വഹിന്ദു പരിഷത്തും( തീവ്ര വലതുപക്ഷ ഹിന്ദു സംഘടന) പൊലീസും തമ്മില്‍ ബന്ധമുണ്ട്. ഒരു മുസ്‌ലിം യുവാവിനെ ഏതെങ്കിലും സാഹചര്യത്തില്‍ ഒരു പൊലീസ് പിടിച്ചാല്‍ അവനെ സഹായിക്കാന്‍ പ്രാദേശിക അഭിഭാഷകരൊന്നും ഒരിക്കലും എത്തില്ല,” ഷുജാഹത്ത് വാലി പറഞ്ഞു.

2002ല്‍ സബര്‍മതി എക്‌സ്പ്രസിന് തീയിട്ട സംഭവത്തില്‍ ശിക്ഷിക്കപ്പെട്ടയാളുടെ മകനായ സയ്യ്ദ് ഉമര്‍ജി പറയുന്നത് തന്റെ അച്ഛനെ തെറ്റായി അറസ്റ്റ് ചെയ്തത് ആണെന്നാണ്.

” ട്രെയിന്‍ കത്തിച്ച സംഭവത്തിന് ശേഷം എന്റെ അച്ഛന്‍ മുസ്‌ലിം സമുദായത്തിന് വേണ്ടി മാപ്പ് പറഞ്ഞു. ഇത് കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹത്തെ ഒരു ബലിയാടായി പൊലീസ് തെരഞ്ഞെടുക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ബി.ജെ.പി ട്രെയിന്‍ തീപിടുത്തത്തിന് കാരണമായവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് 2002ല്‍ തീവ്രവാദ വിരുദ്ധ നിയമം വേഗത്തില്‍ പാസാക്കിയത്.
” ഞങ്ങളെ ഉന്നംവെക്കാനാണ് മതം ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മതത്തെ മുറുകെപിടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. എന്തെന്നാല്‍ ആ മതം ഞങ്ങളെ ആളുകള്‍ വേര്‍തിരിച്ച് കാണാനും ഞങ്ങള്‍ ഉപദ്രവിക്കപ്പെടാനും കാരണമാകുന്നു,” അദ്ദേഹം പറഞ്ഞു.

മോദിയുടെ ” ഗുജറാത്ത് മോഡല്‍”

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടാണ് ഗുജറാത്ത്. രാഷ്ട്രീയനേട്ടത്തിനായി ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബി.ജെ.പി ആദ്യമായി പരീക്ഷണം ആരംഭിച്ചതും ഇവിടെയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഡി.ഡബ്ല്യുവിനോട് പറഞ്ഞു.

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേവ് ദേശായി എന്ന സാമൂഹിക പ്രവര്‍ത്തകന്‍ പറയുന്നതിങ്ങനെ

വര്‍ഗീയതയുടെയും അക്രമത്തിന്റെയും ഗുജറാത്ത് മോഡല്‍ അവിടെ നിന്ന് ദേശീയ തലത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ബറോഡയിലെ എം.എസ് സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗത്തിലെ അധ്യാപകനായ ഇഫ്ത്തികര്‍ ഖാന്‍ പറയുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് 2014ല്‍ ഇന്ത്യയുട പ്രധാനമന്ത്രിയിലേക്കുള്ള മോദിയുടെ വളര്‍ച്ച ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ മുതലെടുപ്പിലൂടെയാണെന്നാണ്.

”ഇതിന് പിന്നിലെ പ്രക്രിയ മനസിലാക്കാനുള്ള രാഷ്ട്രീയ ഭാവന ദല്‍ഹിയിലെ ബുദ്ധിജീവികള്‍ക്ക് ഇല്ലായിരുന്നു. മോദിയുടെ കീഴില്‍ ബി.ജെ.പി വളരുന്നത് മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല, അത് തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ക്കത് ആശ്ചര്യമുള്ളതുമായി,”ഖാന്‍ പറഞ്ഞു.

അതേസമയം ഗുജറാത്തിലെ മുസ്‌ലിങ്ങള്‍ വിവേചനം നേരിടുന്നുണ്ടെന്ന വാദം ദക്ഷിണ ഗുജറാത്തിലെ ബി.ജെ.പിയുടെ കണ്‍വീനറായ വിനോദ് ജെയിന്‍ നിഷേധിക്കുന്നുണ്ട്.

” ഗുജറാത്തിലുള്ളവരെല്ലാം തന്റെ കുടുംബാംഗങ്ങളാണ് എന്നാണ് മോദി പറയുന്നത്. അഹമ്മദാബാദിലെ എല്ലാ മേഖലയിലും തങ്ങള്‍ വൈദ്യുതിയും വെള്ളവും ഗ്യാസുമെത്തിച്ചിട്ടുണ്ട്. ഗുജറാത്തില്‍ മുസ്‌ലിങ്ങളെ വേര്‍തിരിച്ച് കാണുന്നില്ല. അവരുടെ ബിസിനസ് വളരുകയാണ്, അവരുടെ വരുമാനം വര്‍ദ്ധിക്കുകയാണ്,” ഡി.ഡബ്ല്യുവിനോട് ജെയിന്‍ പറഞ്ഞു.

ആള്‍ക്കൂട്ടാക്രമണത്തിന് നേതൃത്വം നല്‍കിയത് രാഷ്ട്രീയക്കാര്‍ തന്നെയോ

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയായ സുരേഷ് മേഹ്ത്ത പറയുന്നത് 2002ലെ ഗുജറാത്ത് കലാപവും 2020ലെ ദല്‍ഹി കലാപവും തമ്മില്‍ സാദൃശ്യങ്ങളുണ്ടെന്നാണ്.

” ഈ വര്‍ഷത്തെ ദല്‍ഹി കലാപത്തില്‍ കണ്ടത് പോലെ ഗുജറാത്തിലും ചരട് വലിച്ചത് ബി.ജെ.പി തന്നെയാണ്. പാര്‍ലമെന്റും പൊലീസും പോലുള്ള അധികാരസ്ഥാപനങ്ങളെ മാനിപുലേറ്റ് ചെയ്ത് കലാപം ആസൂത്രണം ചെയ്യുകയാണ് ഉണ്ടായത്,” അദ്ദേഹം ഡി.ഡബ്ല്യുവിനോട് പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപത്തില്‍ ബി.ജെ.പിയുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കള്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” ആരാണ് ആള്‍ക്കൂട്ടങ്ങളെ സന്നിവേശിപ്പിച്ചത്. ആരാണ് അവര്‍ക്ക് ആയുധങ്ങള്‍ നല്‍കിയത്. ഭരണത്തിനെതിരെ സംസാരിച്ചവരെല്ലാം ഇപ്പോള്‍ ജയിലിലോ അല്ലെങ്കില്‍ ഭയത്തോടെ ജീവിക്കുകയോ ആണ്. ആളുകളെ പേടിപ്പിച്ചു നിര്‍ത്തുന്ന ഈ അവസ്ഥ ഇപ്പോള്‍ ദേശീയ തലത്തില്‍ എത്തിയിരിക്കുകയാണ്. എന്തെന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ക്കെതിരായ തെളിവെല്ലാം പൊതുധാരയില്‍ നിന്ന് സമര്‍ത്ഥമായി മായ്ച്ചുകളയപ്പെട്ടു,” മെഹ്ത്ത പറഞ്ഞു.

ഇന്ത്യയിലെ മുസ്‌ലിങ്ങളും ഹിന്ദുക്കളും വിഭജിക്കപ്പെട്ടു

ഇപ്പോള്‍ ഗുജറാത്തിലെ മുസ്‌ലിങ്ങള്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമായി പ്രത്യേക സ്ഥലങ്ങള്‍ വേര്‍തിരിക്കുന്ന ഒരു നിയമത്തെക്കുറിച്ച് ആശങ്കാകുലരാണ്.

അസ്വസ്ഥ പ്രദേശ നിയമപ്രകാരം (ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ട്) കലാപത്തിന്റെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി അധികൃതര്‍ക്ക് പ്രദേശത്തെ ‘ ഡിസ്റ്റര്‍ബ്ഡ്’ എന്ന് നിര്‍ണയിക്കാന്‍ സാധിക്കും.

ഒരു പ്രദേശത്തെ സംഘര്‍ഷമേഖലയാണ് എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മറ്റ് മത വിഭാഗത്തിലുള്ളവര്‍ക്ക് ഭൂമി വില്‍ക്കാന്‍ താമസക്കാര്‍ക്ക് അവകാശമുണ്ടാകില്ല.

” കലാപത്തില്‍ നിന്ന് ലാഭമുണ്ടാക്കുന്നത് തടയാനാണ് ഈ നിയമം ഉദ്ദേശിക്കുന്നത്. കാരണം കലാപമുണ്ടാകുമ്പോള്‍ ആളുകള്‍ കൂട്ടമായി തങ്ങള്‍ ജീവിക്കുന്നിടത്ത് നിന്ന് ഒഴിഞ്ഞു പോകുകയും വിലപിടിപ്പുള്ള സ്വത്തുവകകള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും,” ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ സൗരഭ് ചൗധരി ഡി.ഡബ്ല്യുവിനോട് പറഞ്ഞു.

2017ല്‍ ഗോധ്രയിലെ പത്ത് പ്രദേശങ്ങള്‍ ഡിസ്റ്റര്‍ബ്ഡ് ഏരിയാസ് ആക്ടിന്റെ പരിധിയില്‍പ്പെടുത്തിയിരുന്നു. കലാപത്തിന് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വഡോദരയിലെയും അഹമ്മദാബാദിലെയും പ്രദേശങ്ങളില്‍ വര്‍ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും അവ ഈ ആക്ടിന്റെ പരിധിയില്‍ തന്നെയാണ് പെടുന്നത്.

ഈ നിയമം മുസ്‌ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും താമസിക്കാനുള്ള സ്ഥലം വേര്‍തിരിക്കുകയാണെന്നും ഇത് വിഭജനത്തിന്റെ പുതിയ നയമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ജെ.എസ് ബന്ദൂക്‌വാല പറഞ്ഞു.

ദേശീയതലത്തില്‍ തന്നെ ഡിസ്റ്റര്‍ബ്ഡ് ഏരിയാസ് ആക്ട് കൊണ്ടുവരാന്‍ സാധ്യതയുള്ളതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം. അങ്ങനെ ഹിന്ദുക്കളും മുസ്‌ലിങ്ങളും പ്രത്യേക പ്രദേശങ്ങളില്‍ ജീവിക്കും. ഗുജറാത്തിന് പുറത്തുള്ള ആളുകള്‍ ഇതിനുള്ള സാധ്യതകള്‍ കാണുന്നേയില്ല. പക്ഷേ ഞങ്ങള്‍ കാണുന്നുണ്ട്,”

എന്നാല്‍ ബി.ജെ.പിക്കാരനായ ജെയിന്‍ പറയുന്നത് ഡിസ്റ്റര്‍ബ്ഡ് ഏരിയാസ് ആക്ട് സമാധാനം നിലനിര്‍ത്താനാണ് എന്നാണ്.
” ഗുജറാത്തിലെ സൂറത്ത് ഗോപിപുര പ്രദേശത്ത് ഏകദേശം മൂവായിരത്തിലധികം ക്ഷേത്രങ്ങള്‍ ഉണ്ട്. മുസ്‌ലിങ്ങള്‍ ഈ പ്രദേശത്ത് വന്ന് മാംസാഹാരം കഴിച്ചാല്‍ അത് പ്രദേശത്തെ വെജിറ്റേറിയന്‍ ആളുകളായ ജൈനരെയും ഹിന്ദുക്കളെയും ബാധിക്കും. അതുകൊണ്ട് തന്നെ ഈ ആക്ട് പ്രദേശത്തെ സംഘര്‍ഷം കുറയ്ക്കുമെന്ന് ജെയിന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡി.ഡബ്ല്യു ഡോക്യുമെന്ററിയില്‍ അങ്കിത മുഖോപാധ്യായ് എഴുതിയ  റിപ്പോര്‍ട്ട് അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്.

Content Highlight: Is India’s Gujarat providing a model for ‘Muslim discrimination’?

അങ്കിത മുഖോപാധ്യായ്‌

മാധ്യമ പ്രവര്‍ത്തക, ജെന്‍ഡര്‍, ബിസിനസ്, പൊളിറ്റിക്ക്‌സ് എന്നീ മേഖലകളില്‍ താത്പര്യം.

We use cookies to give you the best possible experience. Learn more