കോഴിക്കോട്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തയ്യാറാക്കിയ വധിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ 15 മലയാളികള്‍. നാലു പത്രപ്രവര്‍ത്തകരും 11 കംപ്യൂട്ടര്‍ പ്രൊഫഷണലുകളുമടക്കം 15 മലയാളികള്‍ ഐ.എസിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിണ്ടെന്ന വിവരങ്ങള്‍ എന്‍.ഐ.എ.എയ്ക്ക് ലഭിച്ചതായ് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്യ്തത്. മലയാളികളുള്‍പ്പെടെ 152 ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്.
ഐ.എസ് റിക്രൂട്ടറായ മഹാരാഷ്ട്ര സ്വദേശി നാജിര്‍ ബിന്‍ യാഫിയുടെ ലാപ് ടോപ്പില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് പട്ടിക ലഭിച്ചത്. ഇസ്‌ലാമിനെതിരെ പ്രചാരണം നടത്തുന്നെന്നാണ് മലയാളികളായ പത്രപ്രവര്‍ത്തകര്‍ക്കെതിരെ ഐ.എസ് ചുമത്തിയിട്ടുള്ള കുറ്റം.
ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും പ്രവര്‍ത്തകരെ പിടികൂടാനും സഹായിക്കുന്നുവെന്ന കാരണത്താലാണ് ഹാക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍ വിദഗ്ധരെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴി ഐ.എസ് നേതാവ് ഷാഫി അര്‍മറിന് കൈമാറിയ പട്ടികയില്‍ വധിക്കപ്പെടേണ്ടവരുടെ പേരും ഔദ്യോഗികപദവിയും കമ്പനി വിവരങ്ങള്‍ ഉള്‍പ്പെടെ ഇ-മെയില്‍ വിലാസങ്ങളുമുണ്ട്.
152 പേരടങ്ങിയ ഇന്ത്യക്കാരുടെ പട്ടികയില്‍ സൈന്യത്തിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് കൂടുതലായും ഉള്‍പ്പെട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയില്‍നിന്നാണ് 70 പേരാണ് ഇവിടെ നിന്നും പട്ടികയിലുള്ളത്. കര്‍ണാടകയില്‍ നിന്ന് 30, ഡല്‍ഹിയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും 15 വീതം പേരും ഏഴു പേര്‍ പശ്ചിമ ബംഗാളില്‍ നിന്നും പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
വധ ഭീഷണിയുടെ പട്ടിക എന്‍.ഐ.എയ്ക്ക് ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.