| Thursday, 30th June 2022, 9:35 am

അദ്ദേഹം സെറ്റില്‍ കൂളായിരുന്നോ, പുതിയ സംവിധായകര്‍ക്കും അറിയേണ്ടത് ആ ലെജന്റിനെ പറ്റി: ശാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല എന്നീ രണ്ട് പത്മരാജന്‍ ചിത്രങ്ങളിലൂടെ മലയാളി മനസില്‍ സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് ശാരി. മലയാളിയല്ലാതിരുന്നിട്ട് കൂടി ഈ സിനിമകളിലൂടെ അവര്‍ മലയാളത്തിന്റെ സ്വന്തം നായികയായി മാറി.

അടുത്തിടെ പുറത്തുവന്ന പൃഥ്വിരാജ്-ഡിജോ ജോസ് ആന്റണി ചിത്രം ജന ഗണ മനയിലും ശാരി പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മംമ്ത മോഹന്‍ദാസ് അവതരിപ്പിച്ച സബാ മറിയമെന്ന കഥാപാത്രത്തിന്റെ അമ്മ വേഷമാണ് ചിത്രത്തില്‍ ശാരി കൈകാര്യം ചെയ്തത്. ഇപ്പോഴിതാ പുതിയ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ പത്മരാജനെ പറ്റി സംവിധായകര്‍ ചോദിക്കാറുണ്ടെന്ന് പറയുകയാണ് താരം. ‘സിനിമാവികടന്‍’ എന്ന യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാരി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രത്തിലാണ് ശാരി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മൈസൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. പത്മരാജന്‍ ചിത്രം നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളും ഷൂട്ട് ചെയ്തത് മൈസൂരിലായിരുന്നു. ഷൂട്ടിങ് നടക്കുമ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് പത്മരാജനുമായുള്ള അനുഭവങ്ങള്‍ ചോദിക്കും എന്നാണ് ശാരി പറയുന്നത്. റോഷന്‍ മാത്രമല്ല ജന ഗണ മന സംവിധായകന്‍ ഡിജോയും അദ്ദേഹവുമായുള്ള അനുഭവങ്ങള്‍ എങ്ങനെ ആയിരുന്നു എന്ന് ചോദികാറുണ്ടായിരുന്നു ശാരി പറയുന്നു.

‘എങ്ങനെയാണ് പത്മരാജന്‍ സാര്‍ സീന്‍ പറഞ്ഞ് തരുന്നത്, സെറ്റില്‍ എങ്ങനെയായിരുന്നു. കൂള്‍ ആയിരുന്നോ എന്നൊക്കെ സംവിധായകര്‍ ചോദിക്കാറുണ്ട്. പത്മരാജന്‍ സാറിനെ ഒരു സ്‌കൂള്‍ ആയി കണ്ട് തന്നെയാണ് പുതിയ തലമുറ സംവിധായകര്‍ എല്ലാം സിനിമ ചെയ്യുന്നത്’: ശാരി പറയുന്നു.

ജന ഗണ മനയില്‍ ശാരി അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ശാരിക്കും പൃഥ്വിരാജിനും മംമ്തക്കുമൊപ്പം സുരാജ് വെഞ്ഞാറമൂട്, ധ്രുവന്‍, വിന്‍സി അലോഷ്യസ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 28നായിരുന്നു സിനിമയുടെ റിലീസ്.

Content Highlight :is he was cool on set or not, the new directors also need to know about that legend says Shari

We use cookies to give you the best possible experience. Learn more